മുസ്‌ലിംകളോട് ഇസിലില്‍ ചേരാന്‍ ആഹ്വാനവുമായി ബഗ്ദാദിയുടെ ശബ്ദരേഖ

Posted on: May 16, 2015 5:33 am | Last updated: May 16, 2015 at 12:34 am

ബഗ്ദാദ്: ലോക മുസ്‌ലിംകളോട് യുദ്ധത്തില്‍ പങ്കുചേരാന്‍ ആഹ്വാനം ചെയ്യുന്ന സന്ദേശവുമായി ഇസില്‍ മേധാവി അബൂബക്കര്‍ അല്‍ബഗ്ദാദിയുടെ പുതിയ ശബ്ദരേഖ.
എന്നാല്‍ ഈ ശബ്ദരേഖയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. ഇസിലില്‍ ചേരുന്നതില്‍ നിന്ന് ഒരു മുസ്‌ലിമിനും ഒഴിവ് കഴിവ് പറയാനാവില്ല. ഇത് മുസ്‌ലിംകളുടെ ഉത്തരവാദിത്വമാണ്. നിങ്ങള്‍ എവിടെയായിരുന്നാലും യുദ്ധത്തിന് വേണ്ടി നിങ്ങളെ വിളിക്കുകയാണ്- ഇങ്ങനെ പോകുന്നു ബഗ്ദാദിയുടേത് എന്ന് കരുതപ്പെടുന്ന സന്ദേശം. അല്‍ഫുര്‍ഖാന്‍ മിഡിയായും വിവിധ വെബ്‌സൈറ്റുകളുമാണ് ശബ്ദരേഖ പുറത്ത്‌വിട്ടത്്.
അതേസമയം, അന്തര്‍ ദേശീയ മാധ്യമങ്ങള്‍ ഇത് ബഗ്ദാദിയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. സഊദി അറേബ്യയെ ശത്രുവുവായി ചിത്രീകരിച്ചും ശബ്ദരേഖയില്‍ പരാമര്‍ശമുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് സഊദിയുടെ ഭരണം അവസാനിക്കും. തന്റെ അനുയായികള്‍ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ വളര്‍ന്നുവരുന്നതായും ശബ്ദരേഖയില്‍ ബഗ്ദാദി മുന്നറിയിപ്പ് നല്‍കുന്നു. ഇത് ആക്രമണത്തിന്റെ ആദ്യഘട്ടത്തില്‍ പുറത്തിറക്കിയ ടേപ്പാണെന്ന് ഇറാഖ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രണത്തില്‍ ഗുരുതരമായി പരുക്കേറ്റുവെന്നും കൊല്ലപ്പെട്ടുവെന്നുമുള്ള റിപ്പോര്‍ട്ടിന് ശേഷം ഇതാദ്യമായിയാണ്് ബാഗ്ദാദിയുടെ പേരില്‍ ശബ്ദരേഖ പുറത്തിറങ്ങുന്നത്.