ആദിവാസികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകള്‍ അട്ടിമറിക്കപ്പെടുന്നു

Posted on: May 15, 2015 9:34 am | Last updated: May 16, 2015 at 9:55 pm

rapeപാലക്കാട്: സംസ്ഥാനത്ത് ആദിവാസികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകള്‍ വ്യാപകമായി അട്ടിമറിക്കപ്പെടുന്നു. 2012 വരെയുള്ള പത്ത് വര്‍ഷങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത ആദിവാസികള്‍ക്കെതിരായ 1,156 അതിക്രമ കേസുകളില്‍ 53 എണ്ണത്തില്‍ മാത്രമാണ് പ്രതികള്‍ക്ക് ശിക്ഷ കിട്ടിയത്. ബാക്കി കേസുകളില്‍ പ്രതികളെ വെറുതെ വിടുകയോ, ഭീഷണിയെത്തുടര്‍ന്ന് ഇരകള്‍ കേസില്‍ നിന്ന് പിന്‍മാറുകയോ ചെയ്തു. ആദിവാസികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളില്‍ 20 ശതമാനം കേസുകള്‍ മാത്രമാണ് റജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. ഇവയില്‍ തന്നെ 98 ശതമാനം കേസുകളും കോടതിക്ക് പുറത്ത് ഒത്തു തീര്‍ക്കുകയോ പ്രതികളെ വെറുതെ വിടുകയോ ചെയ്യുന്നു.

2011 ലാണ് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തത്. 225 കേസുകള്‍. ഇതില്‍ വെറും ഒരു കേസില്‍ മാത്രമാണ് പ്രതികള്‍ക്ക് ശിക്ഷ കിട്ടിയത്. 24 കേസുകളില്‍ പ്രതികളെ വെറുതെ വിട്ടു. 84 കേസുകള്‍ കോടതിക്ക് പുറത്ത് തീര്‍പ്പാക്കി. ഇരകളെ ഭീഷണിപ്പെടുത്തിയോ പ്രലോഭിപ്പിച്ചോ ആണ് കേസുകള്‍ ഒത്തു തീര്‍ക്കുന്നത്. അട്ടപ്പാടി, വയനാട് തുടങ്ങി ആദിവാസി മേഖലകളില്‍ നിരവധി ആദിവാസിയുവതികളാണ് അവിഹിതഗര്‍ഭം ധരിച്ച് യാതന അനുഭവിക്കുന്നത്. ഇതിന് കാരണക്കാര്‍ ഭൂമികൈയറ്റം ചെയ്ത് ഇവിടെ താമസമുറപ്പിച്ചവരാണ്. ഇവര്‍ക്കാകട്ടെ രാഷ്ടീയക്കാരുടെയും ഉന്നത പോലീസുകാരുടെയും സ്വാധീനവുമുണ്ട്.

സ്വാധീനം ഉപയോഗിച്ച് ആദിവാസികളെ ഭീഷണിപ്പെടുത്തി കേസുകള്‍ ഒതുക്കി തീര്‍ക്കുയാണ് പതിവ്. ആദിവാസികള്‍ക്ക് നീതി ലഭിക്കാത്ത സാഹചര്യം മുതലെടുത്താണ് മവോയിസ്റ്റുകള്‍ ആദിവാസിമേഖലയില്‍ നിലയുറപ്പിക്കാനും കാരണമായതെന്നും പറയുന്നു. ആദിവാസികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ തലത്തില്‍ പ്രഖ്യാപനമുണ്ടാകുമ്പോഴും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ടീയക്കാരുടെയും പിന്‍ബലത്തോടെ ആദിവാസികള്‍ക്ക് നേരെയുള്ള അതിക്രമക്കേസുകള്‍ അട്ടിമറിക്കുന്നു എന്നത് വിരോധാഭാസമാണ്.