772 വിദ്യാലയങ്ങളില്‍ ശുചിമുറികളില്ലെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്

Posted on: May 14, 2015 4:24 am | Last updated: May 13, 2015 at 11:27 pm

toiletതിരുവനന്തപുരം: സംസ്ഥാനത്തെ 772 സ്‌കൂളുകളില്‍ ആവശ്യത്തിനു ശുചിമുറികളില്ലെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. 423 സര്‍ക്കാര്‍ സ്‌കൂളുകളിലും 349 സ്വകാര്യ സ്‌കൂളുകളിലുമാണ് കണ്ടെത്തിയത്. 22 സ്‌കൂള്‍ ഹോസ്റ്റലുകളിലും ആവശ്യത്തിനു ശുചിമുറികളില്ല. വൃത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന 1789 സ്‌കൂളുകള്‍ക്ക് ആരോഗ്യ വകുപ്പ് നോട്ടീസ് അയച്ചു. സംസ്ഥാനത്ത് രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി സ്‌കൂളുകളിലും, സ്റ്റുഡന്റ്‌സ് ഹോസ്റ്റലുകളിലും നടത്തിയ പരിശോധനയിലാണ് വിദ്യാലയങ്ങളിലെ ശുചിമുറികളുടെ അപര്യാപ്തതയും, ശോച്യാവസ്ഥയും കണ്ടെത്തിയത്. 52 സ്റ്റുഡന്റ്‌സ് ഹോസ്റ്റലുകള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
ചില സ്‌കൂളുകളില്‍ ഉച്ച ഭക്ഷണത്തിനായി സൂക്ഷിച്ചിരുന്ന ഭക്ഷ്യ വസ്തുക്കള്‍ ഉപയോഗ ശൂന്യമായതായി കണ്ടെത്തി. നോട്ടീസ് നല്‍കിയ സ്ഥാപനങ്ങള്‍ അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് ഇവ പരിഹരിക്കണമെന്ന് വിദ്യാലയങ്ങളോടും, വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പിനും, തദ്ദേശ സ്ഥാപനങ്ങള്‍ക്കും, ജില്ലാ ഭരണകൂടത്തിനും റിപ്പോര്‍ട്ട് നല്‍കണമെന്ന് മുഴുവന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന് കീഴില്‍ സംസ്ഥാന വ്യാപകമായി 956 ടീമുകളാണ് 7694 സ്‌കൂളുകളിലും, 285 സ്റ്റുഡന്റ്‌സ് ഹോസ്റ്റലുകളിലും പരിശോധന നടത്തിയത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.
ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. എന്‍ ശ്രീധര്‍, അഡീ. ഡയറക്ടര്‍ ഡോ. ശ്രീലത, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. മീനാക്ഷി. സേഫ് കേരള നോഡല്‍ ഓഫീസര്‍ പി കെ രാജു എന്നിവരാണ് പരിശോധനാ നടപടികള്‍ നിയന്ത്രിച്ചത്. സെക്കന്‍ഡറി തലം വരെ 5992 സ്‌കൂളുകളും, വി എച്ച് എസ് സി ഉള്‍പ്പെടെ ഹയര്‍സെക്കന്‍ഡറി തലത്തില്‍ 1702 സ്‌കൂളുകളും പരിശോധിച്ചു. സെക്കന്‍ഡറി തലത്തില്‍ 2711 സര്‍ക്കാര്‍ സ്‌കൂളുകളും, 2996 സ്വകാര്യ സ്‌കൂളുകളും, 285 റെസിഡന്‍ഷ്യല്‍ സ്‌കൂളുകളും ഹയര്‍സെക്കന്‍ഡറി തലത്തില്‍ 882 സര്‍ക്കാര്‍ സ്‌കൂളുകളും, 820 സ്വകാര്യ സ്‌കൂളുകളും പരിശോധിച്ചിരുന്നു.