പാളയത്തില്‍ പട: നെതന്യാഹു മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വൈകുന്നു

Posted on: May 9, 2015 4:56 am | Last updated: May 8, 2015 at 11:56 pm

ജറൂസലം: ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാര്‍ സത്യപ്രതിജ്ഞ വൈകിപ്പിക്കാന്‍ നിര്‍ബന്ധിതനാകുന്നു. തന്റെ പാര്‍ട്ടിയായ ലിക്കുഡ് പാര്‍ട്ടിയിലെ ക്യാബിനറ്റ് മന്ത്രിസ്ഥാന മോഹികളെ തൃപ്തിപ്പെടുത്താനാണിതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആറ് ആഴ്ച നീണ്ടുനിന്ന തുടര്‍ച്ചയായ ചര്‍ച്ചകള്‍ക്ക് ശേഷം പുതിയ സഖ്യസര്‍ക്കാര്‍ രൂപവത്കരിക്കുന്നത് സംബന്ധിച്ച് നെതന്യാഹു വ്യാഴാഴ്ച ദേശീയ ജൂതപാര്‍ട്ടിയുമായി ഒരു കരാറില്‍ ഒപ്പ് വെച്ചു.
കരാര്‍ തിങ്കളാഴ്ച പാര്‍ലിമെന്റില്‍വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 120 സീറ്റില്‍ 61 സീറ്റ് നേടയ ലിക്കുഡ് പാര്‍ട്ടിയിലെ അംഗങ്ങള്‍ നിരാശയിലാണ്. ഇതാണ് നെതന്യാഹുവിനെ സത്യപ്രതിജ്ഞ വൈകിപ്പിക്കുന്നതിന് പ്രേരിപ്പിക്കുന്നത്. ബുധനാഴ്ചയോടെ നെതന്യാഹു സര്‍ക്കാര്‍ അധികാരത്തിലേറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാവരേയും തൃപ്തിപ്പെടുത്തുന്നതിനായി കാബിനറ്റ് മന്ത്രിമാരുടെ എണ്ണം കൂട്ടാന്‍ നെതന്യാഹു ആലോചിക്കുന്നുണ്ട്. എന്നാല്‍ 18 ആയി നിജപ്പെടുത്തുന്ന 2014 ലെ നിയമം തടസ്സമാണ്. ഈ നിയമം റദ്ദാക്കാനാണ് ഇപ്പോള്‍ അദ്ദേഹം ശ്രമിക്കുന്നത്.
ലികുഡ് പാര്‍ട്ടിയിലെ പാര്‍ലമെന്റ് അംഗങ്ങളെ തൃപ്തിപ്പെടുത്താനായില്ലെങ്കില്‍ അത് തിരിച്ചടിയാകുമെന്ന് നെതന്യാഹു ആശങ്കപ്പെടുന്നുണ്ടെന്ന് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തു.
തങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെങ്കില്‍ കാബിനറ്റില്‍ എതിരായി വോട്ട് ചെയ്യുമെന്ന സൂചനകള്‍ ചില അംഗങ്ങള്‍ ഇപ്പോള്‍തന്നെ പറയാതെ പറഞ്ഞിട്ടുണ്ട്. ചെലവ് ചുരുക്കലിന്റെ ഭാഗമായി മന്ത്രിമാരുടെ എണ്ണം 18 ആക്കി ചുരുക്കുന്നതിന് 2014ല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. നെതന്യാഹുവിന്റെ മുന്‍ സര്‍ക്കാറില്‍ 30 മന്ത്രിമാരുണ്ടായിരുന്നു.