തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതി അംഗീകാരത്തിന് നടപടി ഊര്‍ജ്ജിതമാക്കി

Posted on: May 8, 2015 5:22 am | Last updated: May 7, 2015 at 10:23 pm

കാസര്‍കോട്: ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നടപ്പ് വാര്‍ഷിക പദ്ധതി (2015-16) അംഗീകാരം നേടുന്നതിന് ഡാറ്റ എന്‍ട്രി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ ആസൂത്രണ സമിതി യോഗം നിര്‍ദേശിച്ചു. 122 പ്രോജക്ടുകള്‍ സമര്‍പ്പിച്ച് ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതികള്‍ക്ക് ഇതിനകം ഡിപിസിയുടെ അംഗീകാരം നേടിയിട്ടുണ്ട്. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്തുകളില്‍ ചെങ്കള-232, വെസ്റ്റ് എളേരി-195, ബളാല്‍- 139, പൈവളികെ-173, മംഗല്‍പാടി-158, മഞ്ചേശ്വരം-155, പിലിക്കോട്-114,കുറ്റിക്കോല്‍-103 പ്രൊജക്ടുകള്‍ ഡാറ്റാ എന്‍ട്രി ചെയ്തു. മുനിസിപ്പാലിറ്റികളില്‍ കാഞ്ഞങ്ങാട്-41, കാസര്‍കോട് -31, നീലേശ്വരം-7, കാസര്‍കോട് ജില്ലാ പഞ്ചായത്ത്-12, പദ്ധതികളാണ് ഡാറ്റാ എന്‍ട്രി ചെയ്തത്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്- 75, പദ്ധതികളില്‍ ഡാറ്റാ എന്‍ട്രി നടത്തി.
തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2014-15 വര്‍ഷത്തെ വാലിഡേഷന്‍ ക്രമീകരിക്കുന്നതിനുള്ള ഭേദഗതിക്കും അംഗീകാരം നല്‍കി.
ലോകബേങ്ക് ധനസഹായം ലഭിക്കുന്ന പദ്ധതികള്‍ക്ക് ജൂണ്‍ 30നകം മുപ്പത് ശതമാനം ചെലവഴിക്കണം. ഈ കാലയളവില്‍ ലക്ഷ്യം കാണാനാകാത്ത റോഡ് നിര്‍മാണം പോലുള്ള പ്രൊജക്ടുകള്‍ ഭേദഗതി ചെയ്ത് അംഗീകാരം നേടണമെന്ന് യോഗം നിര്‍ദേശിച്ചു.
യോഗത്തില്‍ ജില്ലാ ആസൂത്രണസമിതി അംഗങ്ങളായ കെ എസ് കുര്യാക്കോസ്, പി. ജനാര്‍ദ്ദനന്‍, കെ സുജാത, ഓമനാ രാമചന്ദ്രന്‍, എ ജാസ്മിന്‍, എ അബ്ദുറഹ്മാന്‍, കെ ബി മുഹമ്മദ്കുഞ്ഞി, സി ശ്യാമള എന്നിവര്‍ സംബന്ധിച്ചു. ജില്ലാ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ കെ ഗിരീഷ്‌കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ എല്‍ ജി എസ ്ഡി ജില്ലാ കോര്‍ഡിനേറ്റര്‍ ബേബി ബാലകൃഷ്ണന്‍ പ്രസംഗിച്ചു.