കര്‍ഷക സംഘടനകളുടെ യോജിച്ചുള്ള സമരം അനിവാര്യം: കിസാന്‍ സഭ

Posted on: May 8, 2015 4:19 am | Last updated: May 7, 2015 at 10:20 pm

പാലക്കാട്: സംസ്ഥാനത്തെ കാര്‍ഷികമേഖല ഗുരുതരമായ പ്രതിസന്ധിയിലാണെന്നും കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ കൈക്കൊളളുന്ന നടപടികള്‍ കര്‍ഷകരെ ആത്മഹത്യയിലേക്കു നയിക്കാതിരിക്കാന്‍ കര്‍ഷകസംഘടനകളുടെ യോജിച്ചുള്ള സമരം അനിവാര്യമാണെന്നും കിസാന്‍സഭ സംസ്ഥാന സെക്രട്ടറി സത്യന്‍ മൊകേരിയും പ്രസിഡന്റ് വി ചാമുണ്ണിയും ആവശ്യപ്പെട്ടു.
പി ബാലചന്ദ്രന്‍ സ്മാരകത്തില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. 240 രൂപ വിലയുണ്ടായിരുന്ന ഒരു കിലോ റബ്ബറിന്റെ വില 120 രൂപയിലേക്കു താഴ്ന്നുവെന്നും റബ്ബര്‍ വിലയിടിവിലൂടെ 10000 കോടി രൂപ കര്‍ഷകര്‍ക്ക് നഷ്ടപ്പെട്ടതായും സത്യന്‍ മൊകേരി പറഞ്ഞു.
റബ്ബറിന്റെ വില പകുതിയായി കുറഞ്ഞിട്ടും ടയര്‍ കുത്തകകമ്പനികള്‍ അതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു. നെല്ലിന്റെ വില 19 രൂപയില്‍ നിന്നും 13 രൂപ 50 പൈസയായി സര്‍ക്കാര്‍ കുറച്ചതുമൂലം സ്വകാര്യ മില്ലുടമകള്‍ കര്‍ഷകരില്‍ നിന്നും നെല്ലു സംഭരിക്കുന്നത് 15 രൂപയിലേക്കു താഴ്ത്തിയെന്നും ഇതുമൂലം 19 രൂപയെന്ന സംഭരണ വില സര്‍ക്കാര്‍ അട്ടിമറിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ സംഭരിച്ച നെല്ലിന്റെ വില ബാങ്കുകള്‍ വായ്പയായി കണക്കാക്കി തുക നല്‍കുന്നതുമൂലം കര്‍ഷകര്‍ നിരാശരാണെന്നും ഇതുവരെ കര്‍ഷകര്‍ക്ക് 600 കോടിയില്‍ അധികം രൂപ സപ്ലൈകോ നല്‍കാനുണ്ടെന്നും കുടിശിഖ തീര്‍ത്ത് കര്‍ഷകരെ കടക്കെണിയില്‍ നിന്നും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വന്യമൃഗങ്ങളുടെ ആക്രമണത്തില്‍നിന്നും രക്ഷ തേടുന്നതിന് കര്‍ഷകര്‍ക്ക് തോക്ക് ഉപയോഗിക്കുന്നതിനുള്ള അവസരം നല്‍കുന്നതിന് സര്‍ക്കാര്‍ ശ്രമിക്കണമെന്നും കാലവര്‍ഷക്കെടുതിയില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് യഥാര്‍ത്ഥ വില നല്‍കുന്നതിന് വിള ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കണമെന്നും സത്യന്‍ മൊകോരി ആവശ്യപ്പെട്ടു.