ഗൂഡല്ലൂര്‍: തമിഴ്നാട് പ്ലസ്റ്റു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നീലഗിരി ജില്ലയില്‍ 86.74 ശതമാനം വിജയം. ഊട്ടിയില്‍ ഇന്നലെ ഉച്ചക്ക് ശേഷമാണ് ജില്ലാ കലക്ടര്‍ പി ശങ്കര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയവരെ പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം നീലഗിരി ജില്ലയില്‍ 86.15 ശതമാനമായിരുന്നു വിജയം.
ഊട്ടി ശാന്തി വിജയ ഹയര്‍സെകന്‍ഡറി സ്കൂളിലെ വഹീദ 1158 മാര്‍ക്ക് നേടി ജില്ലയില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഊട്ടി സ്വദേശി വ്യാപാരിയായ ഇസ്മാഈല്‍-സലീന ദമ്പതികളുടെ മകളാണ്. രണ്ടാംസ്ഥാനം രണ്ട് പേര് പങ്കിട്ടു. ഊട്ടി ബത്ത്ലഹേം ഹയര്‍സെകന്‍ഡറി സ്കൂളിലെ പ്രിന്‍സി സ്നേഹ 1157 മാര്‍ക്ക് നേടി രണ്ടാംസ്ഥാനം കരസ്ഥമാക്കി. ഊട്ടി സ്വദേശി ഓട്ടോറിക്ഷാ ഡ്രൈവര്‍ ജോണ്സണ്-ആരോഗ്യമേരി ദമ്പതികളുടെ മകളാണ്. അയ്യംകൊല്ലി സെന്റ്തോമസ് ഹയര്‍സെകന്‍ഡറി സ്കൂളിലെ എക്സിബാ ജോണ്‍സണും 1157 മാര്‍ക്ക് നേടി രണ്ടാം സ്ഥാനം കരസ്ഥമാക്കി. കുന്നൂര് ജോസഫ് ഹയര്‍സെകന്‍ഡറി സ്കൂളിലെ സംഗീത 1155 മാര്‍ക്ക് നേടി മൂന്നാംസ്ഥാനം കരസ്ഥമാക്കി. ജില്ലയില്‍ 8559 പേര് പരീക്ഷയെഴുതിയതില്‍ 7424 പേര് വിജയിച്ചു.
ജില്ലയില്‍ 72 പരീക്ഷാ സെന്ററുകളാണ് ഉണ്ടായിരുന്നത്. തമിഴ്നാട് പുതുച്ചേരി സംസ്ഥാനങ്ങളിലായി 8.82 ലക്ഷം വിദ്യാര്‍ഥികളായിരുന്നു പരീക്ഷയെഴുതിയിരുന്നത്. ഇതില്‍ 7.60 ലക്ഷം വിദ്യാര്‍ഥികള്‍ വിജയിച്ചു. തമിഴ്നാട്ടില്‍ 90.06 ശതമാനമാണ് വിജയം. സംസ്ഥാന തലത്തില്‍ ചെന്നൈ വേളമാള് ഹയര്‍സെകന്‍ഡറി സ്കൂളിലെ ശ്വേത 1194 മാര്‍ക്ക് നേടി ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഓരോ വിദ്യാര്‍ഥികളും സ്കൂള്‍ അടിസ്ഥാനത്തില്‍ ഇന്റര്‍നെറ്റില്‍നിന്നും നമ്പര്‍ അടിച്ച് ഫലം അറിയുന്നതിനുള്ള മാര്‍ഗമായിരുന്നു ഇത്തവണയും വിദ്യാഭ്യാസവകുപ്പ് ഏര്‍പ്പെടുത്തിയിരുന്നത്.
ജില്ലയില്‍ ഒരു ഗവ. ഹയര്‍സെകന്‍ഡറി സ്കൂള്‍ ഉള്‍പ്പെടെ ഏഴ് ഹയര്‍സെകന്‍ഡറി സ്കൂളുകള്‍ നൂറുശതമാനം വിജയം നേടിയിട്ടുണ്ട്. തൂണേരി ഗവ. ഹയര്‍സെകന്‍ഡറി സ്കൂള്‍, ഊട്ടി ക്രസന്റ് ഹയര്‍സെകന്‍ഡറി സ്കൂള്‍, ഊട്ടി ശാന്തി വിജയ ഹയര്‍സെകന്‍ഡറി സ്കൂള്‍, ഊട്ടി ഹില്ഡോസ് ഹയര്‍സെകന്‍ഡറി സ്കൂള്‍, ഗൂഡല്ലൂര്‍ മോണിംഗ് സ്റ്റാര്‍ ഹയര്‍സെകന്‍ഡറി സ്കൂള്‍, കയ്യൂന്നി സേകര്‍ട്ട് ഹാര്‍ട്ട് ഹയര്‍സെകന്‍ഡറി സ്കൂള്‍, ദേവര്‍ഷോല ഹോളി ക്രോസ് ഹയര്‍സെകന്‍ഡറി സ്കൂള്‍ തുടങ്ങിയ സ്കൂളുകളാണ് നൂറുമേനി നേടിയത്.