നാല് പോലീസ് സ്റ്റേഷനുകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം

Posted on: May 7, 2015 10:21 am | Last updated: May 7, 2015 at 10:21 am

നാദാപുരം: മാവോയിസ്റ്റ് നേതാവ് പിടിയിലായതിനെ തുടര്‍ന്ന് വനാതിര്‍ത്തിയോട് ചേര്‍ന്ന മലയോര മേഖലയിലെ നാല് പോലീസ് സ്റ്റേഷനുകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. വളയം, തൊട്ടില്‍പ്പാലം, കൂരാച്ചുണ്ട്, പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനുകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.
മാവോയിസ്റ്റുകളുടെ കേരള കേഡര്‍ തലവന്‍ രൂപേഷും ചില കൂട്ടാളികളും പിടിയിലായെങ്കിലും ഇവരുടെ സംഘത്തില്‍പ്പെട്ടവര്‍ അക്രമണം നടത്തിയേക്കാമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സുരക്ഷ കര്‍ശനമാക്കിയത്.
നിലവില്‍ ഈ നാല് സ്റ്റേഷനുകളിലും രാത്രി കാലങ്ങളില്‍ ഐ ആര്‍ ബി ബറ്റാലിയനുകളുടെ കാവലുണ്ടെങ്കിലും അധിക സുരക്ഷ എന്ന നിലയില്‍ തര്‍ബോള്‍ട്ട് സംഘത്തെയും വിന്യസിപ്പിച്ചിട്ടുണ്ട്.
മുമ്പ് മൂന്ന് പ്രാവശ്യം മാവോയിസ്റ്റുകളെത്തി ലഘുലേഖകള്‍ വിതരണം ചെയ്ത വിലങ്ങാട് ആദിവാസി മേഖലകളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കി. പന്ന്യേരി, വായാട്, പറക്കാട്, തരിപ്പ, മാടാഞ്ചേരി കോളനികളില്‍ പോലീസ് നിരീക്ഷണം ഊര്‍ജിതമാണ്. വിലങ്ങാട് മേഖലയില്‍ രാത്രികാല വാഹന പരിശോധനയും ഏര്‍പ്പെടുത്തി.
കോളനികളിലെത്തുന്ന അപരിചിതരെക്കുറിച്ച് അന്വേഷിക്കാനും നിരീക്ഷിക്കാനും മഫ്ടിയില്‍ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. കണ്ണൂര്‍ വനാതിര്‍ത്തി പങ്കിടുന്ന ചെക്യാട്, അഭയഗിരി കോളനികളില്‍ വടകര ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി വൈ എസ് പി യുടെ നേതൃത്വത്തില്‍ വളയം പോലീസ് സന്ദര്‍ശനം നടത്തി കാര്യങ്ങള്‍ വിലയിരുത്തി.
കോയമ്പത്തൂരില്‍ പിടിയിലായ രൂപേഷും സംഘത്തിനെതിരെ നാദാപുരം സബ് ഡിവിഷന് കീഴിലുള്ള സ്റ്റേഷനുകളില്‍ നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.