ചന്ദ്രചൂഢന്റെത് സാക്ഷി മഹാരാജിന്റെ ഭാഷ: സുധീരന്‍

Posted on: May 5, 2015 10:27 pm | Last updated: May 5, 2015 at 11:28 pm

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ആര്‍ എസ് പി ദേശീയ ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഢന്റെ പ്രസ്താവനക്കെതിരെ നേതാക്കള്‍ രംഗത്ത.് കെ പി സി സി പ്രസിഡന്റ് വി എം സുധീരനും മന്ത്രി ഷിബു ബേബി ജോണുമാണ് പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയത്. പരാമര്‍ശം അനവസരത്തിലായിപ്പോയെന്നും ശരിയായില്ലെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി. വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെ ഭാഷയിലാണ് ചന്ദ്രചൂഢന്‍ സംസാരിച്ചത്. സാക്ഷി മഹാരാജിന്റെ ഭാഷയാണ് ചന്ദ്രചൂഢന്റെ പ്രതികരണത്തില്‍ നിന്ന് പ്രകടമായത്. പ്രസ്താവനകള്‍ ദുരുദ്ദേശ്യപരമാണെന്നും സുധീരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
നെഹ്‌റു ഇരു കസേരയില്‍ ഇപ്പോള്‍ കുഴിയാനകളാണ് ഇരിക്കുന്നതെന്നും തോല്‍വി വന്നപ്പോള്‍ അമ്മയും മകനും ഓടിപ്പോയെന്നുമായിരുന്നു ചന്ദ്രചൂഢന്‍ പ്രസംഗമധ്യേ പരാമര്‍ശിച്ചത്. പ്രസിഡന്റ് സോണിയാഗാന്ധിയുടെയും വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ ശക്തമായി മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെ ഭാഷയില്‍ കോഗ്രസിനെ അധിക്ഷേപിച്ചത് തെറ്റായെന്ന് സുധീരന്‍ കൂട്ടിച്ചേര്‍ത്തു.