ചണ്ഡിഗഢ്: ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് നാലാം ജയം. കിംഗ്സ് ഇലവന് പഞ്ചാബിനെ 23 റണ്‍സിന് പരാജയപ്പെടുത്തിയാണ് മുംബൈ വിജയം സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. സിമ്മണ്‍സ് (56 പന്തില്‍ 71), പാര്‍ഥിവ് പട്ടേല്‍ (36 പന്തില്‍ 59), രോഹിത് ശര്‍മ (20 പന്തില്‍ 26) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് മുംബൈക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. സിമ്മണ്‍സും പാര്‍ഥിവും ചേര്‍ന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 111 റണ്‍സ് പിറന്നു. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള പഞ്ചാബിന് മത്സരം നിര്‍ണായകമായിരുന്നു. എന്നാല്‍ മുംബൈയുടെ കരുത്തുറ്റ ബൗളിംഗിന് മുന്നില്‍ അവര്‍ വിയര്‍ത്തു. ഐ പി എല്ലിലെ തുടര്‍ പരാജയമായ വീരേന്ദ്ര സേവാഗ് (2) ആണ് ആദ്യം പുറത്തായത്. മലിംഗയുടെ പന്തില്‍ പൊള്ളാര്‍ഡിന് ക്യാച്ച്. ഡേവിഡ് മില്ലറും (43) മുരളി വിജയും (39) മാത്രമാണ് പഞ്ചാബ് നിരയില്‍ തിളങ്ങിയത്. മുംബൈക്കായി മിലിംഗ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. തോല്‍വിയോടെ ഒമ്പത് മത്സരങ്ങളില്‍ വെറും രണ്ട് ജയം മാത്രമുള്ള പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചു.