സിഗ്നല്‍ ലൈറ്റിനു പോലും ഫണ്ടില്ലാതെ പൊതുമരാമത്ത് വകുപ്പ്‌

Posted on: May 3, 2015 11:32 am | Last updated: May 3, 2015 at 11:32 am

മഞ്ചേരി: മഞ്ചേരി മലപ്പുറം-പാണ്ടിക്കാട് റോഡുകളില്‍ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച ഡിവൈഡറുകളില്‍ റിഫഌക്ടര്‍ ലൈറ്റുകള്‍ ഘടിപ്പിക്കാന്‍ ഫണ്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ ഏറനാട് താലൂക്ക് വികസന സമിതിയെ അറിയിച്ചു. ഏറെക്കാലമായി പ്രവര്‍ത്തന രഹിതമായി കിടക്കുന്ന റിഫഌക്ടര്‍ ലൈറ്റുകള്‍ പുനസ്ഥാപിക്കണമെന്ന് വികസന സമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നപ്പോഴാണ് അധികൃതരുടെ കൈമലര്‍ത്തല്‍. റിഫഌക്ടര്‍ ഇല്ലാത്തത് ഈ ഭാഗത്ത് ഏറെ വാഹന അപകടങ്ങളുണ്ടാകാനിടയായ സാഹചര്യത്തിലാണ് പ്രശ്‌നം സമിതി മുമ്പാകെ ഉന്നയിക്കപ്പെട്ടത്. വിഷന്‍ 2000 പദ്ധതിയിലുള്‍പ്പെടുത്തി നിലമ്പൂര്‍ റോഡ് വികസിപ്പിച്ചപ്പോള്‍ സ്ഥാപിച്ച കോണ്‍ക്രീറ്റ് കമ്പികള്‍ ഇപ്പോള്‍ അപകടാവസ്ഥയില്‍ ഉയര്‍ന്ന് നില്‍ക്കുകയാണ്. ഈ കമ്പികള്‍ മാറ്റണമെന്ന ആവശ്യം ഉയര്‍ന്നപ്പോഴും പൊതുമരാമത്ത് അധികൃതര്‍ ഫണ്ടില്ലെന്ന കാര്യം ആവര്‍ത്തിക്കുകയായിരുന്നു. പട്ടികജാതി വിഭാഗക്കാര്‍ വിവിധ ആവശ്യങ്ങള്‍ക്കായി ബാങ്കുകളില്‍ നിന്നെടുത്ത വായ്പകള്‍ എഴുതി തള്ളിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് വന്നതായി കോ ഓപ്പറേറ്റീവ് അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) വികസന സമിതിയെ അറിയിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് ഒരു വര്‍ഷം മുമ്പ് മഞ്ചേരി നഗരസഭ കൈമാറിയ രണ്ടു ഡയാലിസിസ് യൂണിറ്റുകളുടെ പ്രവര്‍ത്തനം ഇതുവരെ ആരംഭിക്കാനായിട്ടില്ല. വയറിംഗ് ജോലികള്‍ പൂര്‍ത്തിയാകാത്തതാണ് യൂണിറ്റ് പ്രവര്‍ത്തിപ്പിക്കാനാകാത്തതെന്ന് സൂപ്രണ്ട് അറിയിച്ചു.
ഓപ്പറേഷന്‍ തീയ്യേറ്ററില്‍ ശസ്ത്രക്രിയകള്‍ മുടങ്ങുന്നതിന് കാരണം ആവശ്യമായ അനസ്തറ്റിസ്റ്റുകളുടെ അഭാവമാണെന്നും സൂപ്രണ്ട് അറിയിച്ചു. യോഗത്തില്‍ ടി പി വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി തഹസീല്‍ദാര്‍ കെ പി മിനി, പി വി ശശികുമാര്‍, കെ പി എ നസീര്‍, കെ എം ജോസ് തുടങ്ങി 17 പേര്‍ സമിതി യോഗത്തില്‍ പങ്കെടുത്തു.