കൊണ്ടോട്ടി: കൊണ്ടോട്ടി-എടവണ്ണപ്പാറ റോഡിലെ വികസിക്കുന്ന അങ്ങാടികളിലൊന്നായ നീറാട് അപകട മേഖലയാകൂന്നു. വീതി കുറഞ്ഞ റോഡില്‍ കൈയ്യേറ്റവും റോഡില്‍ സ്ഥാപിച്ചിരുന്ന ഹമ്പ് നീക്കം ചെയ്തതും അപകടം വര്‍ധിക്കുന്നതിന് കാരണമായി. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ മൂന്ന് വിലപ്പെട്ട ജീവന് ഈ അങ്ങാടിയില്‍ നടന്ന വാഹനാപകടത്തില്‍ പൊലിയുകയുണ്ടായി.
അനധികൃത ഓട്ടോ ഗുഡസ് ഓട്ടോസ്റ്റാന്‍ഡുകളും കെട്ടിടങ്ങളൂടെ റോഡ് കൈയ്യേറ്റവും അങ്ങാടിയില്‍ അപകടം വര്‍ധിപ്പിക്കുന്നതിനു കാരണമായി. കൊണ്ടോട്ടിയില്‍ നിന്നും എടവണ്ണപ്പാറയില്‍ നിന്നും ഉള്ള റൂട്ടില്‍ ഇറക്കം കഴിഞ്ഞുള്ള നീറാട് അങ്ങാടിയില്‍ വാഹനങ്ങളുടെ ചീറിപ്പാച്ചില്‍ പലപ്പോഴും അപകടങ്ങള്‍ സൃഷ്ടിച്ചു. ഇതില്‍ ക്ഷുഭിതരായ നാട്ടുകാര്‍ അധികൃതതരുടെ അനുമതിയോടെ അങ്ങാടിയില്‍ ഹമ്പ് സ്ഥാപിച്ചിരുന്നു.
എന്നാല്‍ പി ഡബ്ലിയു ഡി അധികൃതര്‍ ഹമ്പു നീക്കം ചെയ്തു. റോഡിന്റെ ഇരു വശത്തുമായി രണ്ട് നഴ്സറി സ്കൂളുകള്‍, രണ്ട് മദ്റസകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുറമെ കൊണ്ടോട്ടി ഇ എം ഇ എ സ്കൂള്‍, ബ്ലോസം കോളജ്, മുതുവല്ലൂര്‍ എന്നിവിടങ്ങളിലേക്കുള്ള റോഡുകളും നീറാട് അങ്ങാടിയില്‍ നിന്ന് തുടങ്ങുന്നുണ്ട്. വിദ്യാലയങ്ങള്‍ തുറന്നാല്‍ അങ്ങാടിയില്‍ തിരക്ക് വീണ്ടും വര്‍ധിക്കും. ഇനിയും ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അങ്ങാടിയില്‍ പോലീസിനെ നിയോഗിക്കണമെന്ന് വിവിധ സംഘടനാ പ്രവര്‍ത്തകരുടെ യോഗം ആവശ്യപ്പെട്ടു. കെ പി അബൂബക്കര്‍, എ പി ഉണ്ണികൃഷ്ണന്, പി അബൂബക്കര്‍, എ വിജയന്, സി എം മുഹമ്മദ് സംസാരിച്ചു.