Connect with us

Kerala

ലൈറ്റ് മെട്രോ: സ്വകാര്യ പങ്കാളിത്തം വേണമെന്ന് സര്‍ക്കാര്‍; യോജിക്കാതെ ശ്രീധരന്‍

Published

|

Last Updated

LIGHT METRO...TVMതിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് എന്നീ നഗരങ്ങളില്‍ നടപ്പാക്കുന്ന ലൈറ്റ് മെട്രോ പദ്ധതി സംബന്ധിച്ച തര്‍ക്കങ്ങള്‍ സംബന്ധിച്ച് തീരുമാനമാകാത്തതിനെ തുടര്‍ന്ന് 10 ദിവസത്തിന് ശേഷം വീണ്ടും യോഗം ചേരാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കെ എം മാണി, കുഞ്ഞാലിക്കുട്ടി, ഇബ്രാഹിംകുഞ്ഞ്, ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ ഇ ശ്രീധരനുമായി നടത്തിയ ചര്‍ച്ചയിലും തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് വീണ്ടും യോഗം ചേരുന്നത്. പദ്ധതിയില്‍ സ്വകാര്യ പങ്കാളിത്തം വേണമെന്ന് സര്‍ക്കാരും പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തണമെന്ന് ഇ ശ്രീധരനും നിലപാടെടുത്തതോടെയാണ് ചര്‍ച്ചയില്‍ തീരുമാനമാകാത്തത്.
പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കണം എന്ന് ധനവകുപ്പ് നിര്‍ദേശിക്കുമ്പോള്‍ പൊതുമേഖലയില്‍ തന്നെ മതി എന്നാണ് ഇ ശ്രീധരന്റെ നിലപാട്. പദ്ധതിയുടെ കസള്‍ട്ടന്റിനെ ആഗോള ടെന്‍ഡറിലൂടെ കണ്ടെത്തണമെന്നും പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ലൈറ്റ് മെട്രോ നടപ്പാക്കണമെന്നുമുള്ള നിര്‍ദേശങ്ങളാണ് സര്‍ക്കാരിന്റെ പക്ഷത്തു നിന്നുയര്‍ന്നത്. ലൈറ്റ് മെട്രോക്ക് പകരം മെട്രോ റയില്‍ തന്നെ വേണമെന്ന് പൊതുമരാമത്ത് വകുപ്പിന്റെ ആവശ്യത്തോടും ശ്രീധരന്‍ യോജിച്ചില്ല. കണ്‍സള്‍ട്ടന്‍സി ഫീസിനത്തിലും മറ്റും വന്‍തുക ഈടാക്കുന്ന ഡല്‍ഹി മെട്രോ റയില്‍ കോര്‍പറേഷനെ ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ഇരുവകുപ്പുകളും ആവശ്യം മുന്നോട്ടു വെച്ചിട്ടുണ്ട്.
അതേ സമയം ഇന്നലെ രാവിലെ ക്ലിഫ് ഹൗസില്‍ വെച്ച് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡി എം ആര്‍ സി) മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാകുമെന്നാണ് മുഖ്യമന്ത്രി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചത്. ഇ ശ്രീധരനില്‍ സര്‍ക്കാരിന് പൂര്‍ണ വിശ്വാസമുണ്ട്.
ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് പിന്നോട്ട് പോകുന്ന പ്രശ്‌നമില്ലെന്നും പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട വ്യത്യസ്ത നിര്‍ദേശങ്ങള്‍ മുന്നോട്ട് വന്നിട്ടുണ്ടെന്നും ഇതു സംബന്ധിച്ച തര്‍ക്കത്തിന്റെ പേരില്‍ ലൈറ്റ് മെട്രോ പദ്ധതി വൈകില്ലെന്നുമായിരുന്നു മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇന്നലെ നടന്ന ചര്‍ച്ചയിലും തീരുമാനം ഉണ്ടാകാത്ത സാഹചര്യത്#ില്‍ ഇന്ന് ചേരുന്ന മന്ത്രി സഭാ യോഗത്തില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാനാണ് സാധ്യത.
ഫലത്തില്‍ ഡി എം ആര്‍ സി തയാറാക്കി കൈമാറിയ വിശദ പഠന റിപ്പോര്‍ട്ടിനെ തള്ളുന്ന രീതിയിലാണ് ധന വകുപ്പിന്റെ നിര്‍ദേശങ്ങളെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. നിലവിലെ പദ്ധതിക്ക് ധന വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങളെ മറികടന്ന് മന്ത്രിസഭക്ക് തീരുമാനം എടുക്കാനും കഴിയില്ലെന്ന പ്രതിസന്ധിയും സര്‍ക്കാരിന് മുന്നിലുണ്ട്.

Latest