ദിവ 2021 വീക്ഷണം പുറത്തിറക്കി

Posted on: April 28, 2015 6:20 pm | Last updated: April 28, 2015 at 6:20 pm

ദുബൈ: ഭാവി ഊര്‍ജ സ്രോതസുകളെ പ്രധാനമായും ആശ്രയിക്കുന്നതിനൊപ്പം ലോകോത്തര നിലവാരത്തിലുള്ള സേവനം പ്രദാനം ചെയ്യാനുള്ള പദ്ധതികളുമായി ദുബൈ വാട്ടര്‍ ആന്റ് ഇലക്ട്രിസിറ്റി അതോറിറ്റി (ദിവ). 2014ലെ സുസ്ഥിരത റിപ്പോര്‍ട്ടും 2021ലേക്കുള്ള പദ്ധതി വീക്ഷണ റിപ്പോര്‍ട്ടും ഇതിന്റെ ഭാഗമായി ദിവ പുറത്തുവിട്ടു. ദുബൈ ഗ്രാന്റ് ഹയാത്തില്‍ നടന്ന ചടങ്ങില്‍ ദിവ എം ഡിയും സി ഇ ഒയുമായ സഈദ് മുഹമ്മദ് അല്‍ തായറാണ് റിപ്പോര്‍ട്ടുകള്‍ പ്രകാശിപ്പിച്ചത്. ദിവയുടെ മാനേജിംഗ് ഡയറക്ടര്‍മാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
‘ദിവ അധ്വാനിക്കുന്നു; ദുബൈയുടെ കാര്യക്ഷമവും പ്രകാശപൂരിതവുമായ ഇന്ധന ഭാവിക്ക്’ എന്ന പ്രമേയമാണ് 2021ലേക്കുള്ള പദ്ധതി കാഴ്ചപ്പാടിന് സ്വീകരിച്ചിരിക്കുന്നത്. അവസരങ്ങള്‍ കണ്ടെത്തിയും വെല്ലുവിളികള്‍ അതിജയിച്ചും പുതുക്കിയ വീക്ഷണങ്ങളും ദൗത്യവുമായി ദുബൈയുടെ വിഷന്‍ 2021ന് കരുത്തുപകരുന്ന പ്രവര്‍ത്തനമാണ് ദിവ നടത്തുകയെന്ന് സഈദ് മുഹമ്മദ് അല്‍ തായര്‍ വ്യക്തമാക്കി.
മികച്ച ഗവണ്‍മെന്റ് സേവന ദാതാവെന്ന നിലയില്‍ ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളും പ്രദാനം ചെയ്യുന്നതിനുള്ള ശ്രമങ്ങളാണ് ദിവ നടത്തുന്നത്. ഏഴാം വര്‍ഷം അമ്പതാം വാര്‍ഷികമാഘോഷിക്കുന്ന യു എ ഇയുടെ വികസന കാഴ്ചപ്പാടുകള്‍ക്ക് ശക്തിപകരുകയാണ് ദൗത്യമെന്നും അദ്ദേഹം വിശദീകരിച്ചു.