Connect with us

Gulf

വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവിന് ഒന്നേകാല്‍ കോടി രൂപ നഷ്ടപരിഹാരം

Published

|

Last Updated

ദുബൈ: ദുബൈയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവിന് ഒന്നേകാല്‍ കോടി രൂപ നഷ്ടപരിഹാരം. കാസര്‍കോട് വെള്ളാച്ചല്‍ സ്വദേശി യൂനുസ് മുഹമ്മദിനാണ് അബുദാബിയില്‍ നിന്നും ദുബൈയിലേക്കുള്ള യാത്രക്കിടയില്‍ എമിറേറ്റ്‌സ് റോഡിലുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റത്. പച്ചക്കറി വാങ്ങുന്നതിനായി അല്‍ അവീര്‍ വെജിറ്റബിള്‍ മാര്‍ക്കറ്റിലേക്ക് സുഹൃത്ത് ഓടിച്ചിരുന്ന വാഹനത്തില്‍ പോവുമ്പോഴായിരുന്നു ഗ്ലോബല്‍ വില്ലേജിന് സമീപത്ത് വെച്ച് മറ്റൊരു വാഹനം യൂനുസ് സഞ്ചരിച്ച വാഹനത്തില്‍ ഇടിച്ചത്. അപകടത്തില്‍ കഴുത്തിനും, താടിയെല്ലിനും തോളെല്ലിനും കാലിനും പരുക്കേറ്റ യൂനുസിനെ ഹെലികോപ്റ്ററിലാണ് സംഭവസ്ഥലത്തു നിന്ന് ദുബൈ റാശിദ് ആശുപത്രിയിലെത്തിച്ചത്.
2013 ജനുവരി 24നായിരുന്നു അപകടം നടന്നത്. റാശിദ് ആശുപത്രിയില്‍ ഒരു മാസക്കാലം ചികിത്സിച്ചു. ഈ കാലയളവില്‍ പല ശസ്ത്രക്രിയകള്‍ക്കും വിധേയനായി. ശേഷം തുടര്‍ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോവുകയും ഒപ്പം തന്നെ നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള സാധ്യതകള്‍ മനസ്സിലാക്കാന്‍ ദുബൈയിലെ സീനിയര്‍ ലീഗല്‍ കണ്‍സള്‍ട്ടന്റായ അഡ്വ. ശംസുദ്ദീന്‍ കരുനാഗപ്പള്ളിയെ ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ നിയമോപദേശ പ്രകാരം കേസ് ഫയല്‍ ചെയ്യാനുള്ള വക്കാലത്ത് നല്‍കുകയുമായിരുന്നു. 15 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ദുബൈ കോടതിയില്‍ അല്‍ കബ്ബാന്‍ അഡ്വക്കേറ്റ്‌സ് മുഖേന കേസ് ഫയല്‍ ചെയ്തത്. കേസ് നടക്കുന്നതിനിടയില്‍ കോടതി മെഡിക്കല്‍ ബോര്‍ഡിനെ നിയമിക്കുകയും മെഡിക്കല്‍ ബോര്‍ഡ് മുമ്പാകെ ഹാജരാകാന്‍ വിസിറ്റ് വിസയില്‍ യൂനുസ് ദുബൈയില്‍ എത്തുകയും ചെയ്തിരുന്നു. മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റിന്റെയും അംഗവൈകല്യത്തിന്റെയും അടിസ്ഥാനത്തില്‍ ദുബൈ പ്രാഥമിക കോടതിയാണ് ഏഴര ലക്ഷം ദിര്‍ഹം നഷ്ടപരിഹാരമായി നല്‍കാന്‍ എമിറേറ്റ്‌സ് ഇന്‍ഷ്വറന്‍സ് കമ്പനിക്കെതിരെ വിധിയുണ്ടായിട്ടുള്ളത്. എന്നാല്‍ ഈ തുക മതിയായ നഷ്ടപരിഹാരമല്ലായെന്ന കാരണത്താല്‍ അപ്പീല്‍ ഫയല്‍ ചെയ്യുമെന്ന് അഡ്വ. ശംസുദ്ദീന്‍ കരുനാഗപ്പള്ളി അറിയിച്ചു.