കണ്ണൂരിലെ സമാധാനത്തിന് ഇനി സംസ്ഥാന നേതാക്കള്‍ കളത്തിലിറങ്ങും

Posted on: April 24, 2015 5:04 am | Last updated: April 24, 2015 at 9:05 am
SHARE

കണ്ണൂര്‍: കണ്ണൂരില്‍ സ്ഥിരമായ ശാന്തി നിലനിര്‍ത്തുന്നതിനും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും സി പി എമ്മിന്റെയും ബി ജെ പി- ആര്‍ എസ് എസ്സിന്റെയും സംസ്ഥാനതല നേതാക്കന്‍മാരുമായി ഈ മാസം 29 ന് ചര്‍ച്ച നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കലക്ടറേറ്റ് സമ്മേളന ഹാളില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാധാന കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ക്യാബിനറ്റ് യോഗം കഴിഞ്ഞ് സെക്രട്ടറിയേറ്റില്‍ ഗ്രാമവികസന മന്ത്രി കെ സി ജോസഫ്, കൃഷി മന്ത്രി കെ പി മോഹനന്‍ എന്നിവരുടെ കൂടി സാന്നിധ്യത്തിലായിരിക്കും ചര്‍ച്ച. മെയ് രണ്ടിന് ഉച്ചക്കുശേഷം രണ്ട് മണിക്ക് പൊയിലൂരില്‍ പഞ്ചായത്ത് ഹാളില്‍ കൃഷി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സമാധാന യോഗം ചേരുന്നതാണ്. സമാധാന സന്ദേശം താഴേക്കിടയിലേക്ക് എത്തിക്കുന്നതിനായാണ് ഇതെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.
യു എ പി എ നിയമം ആരുടെ മേലും ചാര്‍ത്തുന്നതിന് സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. സ്‌ഫോടനാത്മകമായ സംഭവങ്ങളില്‍ അനിവാര്യമായ ഘട്ടത്തില്‍ മാത്രമേ അത് ചുമത്തുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയക്കാരന് എന്തും ചെയ്യാനുളള ദുഃസ്വാതന്ത്ര്യം ഇല്ലെന്നും സ്റ്റേഷനില്‍ കയറി പ്രതിയെ കൊണ്ടുപോകുന്നതടക്കമുള്ള വഴികള്‍ സ്വീകരിച്ചാല്‍ അതിശക്തമായ നടപടിതന്നെ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. രാഷ്ടീയ കൊലപാതകങ്ങള്‍ തുടര്‍ച്ചയായി അരങ്ങേറുന്ന കണ്ണൂരില്‍ ശാശ്വത സമാധാനം പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ഇന്നലെ കണ്ണൂരില്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെ യോഗം നടന്നത്. കണ്ണൂരില്‍ കൊലപാതകങ്ങള്‍ ഉണ്ടാകുന്നതിന് കാരണം ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണെന്നു വിമര്‍ശം ഉണ്ടായിരുന്നു.