എസ്എസ്എല്‍സി പരീക്ഷാഫലം: സാമൂഹിക മാധ്യമങ്ങളില്‍ ചിരിയോ ചിരി

Posted on: April 23, 2015 11:54 am | Last updated: April 23, 2015 at 11:54 am

a6മലപ്പുറം: എസ് എസ് എല്‍ സി ഫല പ്രഖ്യാപനത്തില്‍ വന്ന പാളിച്ച സമൂഹ മാധ്യമങ്ങള്‍ നന്നായി ആഘോഷിച്ചു. വിദ്യാഭ്യാസ വകുപ്പിനെ കണക്കിന് കളിയാക്കുന്ന പോസ്റ്റുകള്‍ വായിച്ച പലരും ചിരിച്ച് മണ്ണ് തപ്പി. ഫലം വീണ്ടും പ്രഖ്യാപിക്കാനുള്ള തീരുമാനവും ചിരിക്കുള്ള വക നല്‍കുന്നതായി. വിജയിച്ചവര്‍ രണ്ടാമത്തെ ഫലപ്രഖ്യാപനത്തില്‍ തോറ്റാല്‍ ആദ്യം വാങ്ങിതന്ന ലഡുവും ജിലേബിയും ജ്യൂസും തിരിച്ച് ചോദിക്കരുതെന്നാണ് ആവശ്യം.
ചോദ്യപേപ്പറില്‍ ചന്ദ്രക്കല കണ്ടപ്പോഴേ ഉറപ്പിച്ചതാണത്രെ ഇത്തവണത്തെ ഫലപ്രഖ്യാപനം പെരുന്നാളാകുമെന്ന്. അടുത്ത വര്‍ഷം മുതല്‍ പരീക്ഷക്ക് മുമ്പെ ഫലം പ്രഖ്യാപിക്കണമെന്നും മന്ത്രിയോട് പോസ്റ്റുകളിലൂടെ നിര്‍ദേശമുണ്ട്. ഏറെ പേര്‍ ഷെയര്‍ ചെയ്ത പോസറ്റാണ് മഴ പെയ്തപ്പോള്‍ സ്‌കൂള്‍ വരാന്തയില്‍ കയറി നിന്ന ഗോപാലേട്ടന്റെ പശുവും ആട്ടിന്‍കുട്ടിയും വരെ എസ് എസ് എല്‍ സി പാസായെന്ന തമാശ. ഇതിനുള്ള മറുപടിയും ഉടനെയുണ്ടായി. വീണ്ടും ഫലംപ്രഖ്യാപിക്കുമ്പോള്‍ ഗോപാലേട്ടന്റെ ആടും പശുവും പരാജയപ്പെടുമെന്നാണ് കമന്റ്. ജന്‍മത്തില്‍ പത്താംക്ലാസ് ജയിക്കില്ലെന്ന് കരുതിയ മക്കള്‍ക്ക് എ പ്ലസ് കിട്ടിയത് അറിഞ്ഞ് മാതാപിതാക്കള്‍ ബോധം കെട്ടുവീണത്രെ. കുട്ടികള്‍ക്ക് കഞ്ഞി വെക്കാന്‍ സ്‌കൂളില്‍ പോയ പാചകക്കാരിയും എസ് എസ് എല്‍ സി പാസായി. ചില വിഷയങ്ങളുടെ ഫലം പ്രഖ്യാപിക്കാത്തതും ചര്‍ച്ചയായി. സര്‍ക്കാര്‍ എസ് എസ് എല്‍ സി ഫലം വരെ കടംപറഞ്ഞ് തുടങ്ങിയത്രെ. ഫിസിക്‌സ് മാര്‍ക്ക് അടുത്തയാഴ്ച തരാം.
കരയിലെ ഏറ്റവും വലിയ ജീവി ഏതെന്ന ഒരു മാര്‍ക്കിന്റെ ചോദ്യത്തിന് ആമ എന്നെഴുതിയ ഉത്തരത്തിനും പേപ്പര്‍ നോക്കിയ അധ്യാപകന്‍ മാര്‍ക്ക് നല്‍കി. ആമയിലെ (മ) വെട്ടി ‘(ന) എന്നാക്കിയ ശേഷം അര മാര്‍ക്കാണ് നല്‍കിയത്. ഉത്തരം പകുതി ശരിയായതിനാണത്രെ അര മാര്‍ക്ക്. കേരളത്തിന്റെ തലസ്ഥാനം ഏതെന്ന ചോദ്യത്തിന് കൊല്ലം എന്നെഴുതിയാലും മാര്‍ക്ക് ലഭിക്കും. കാരണം യഥാര്‍ഥ ഉത്തരത്തിന് അടുത്താണല്ലോ കൊല്ലം? a2 a3