Connect with us

National

കോണ്‍ഗ്രസിന്റെ വിമര്‍ശം ചെകുത്താന്റെ വേദമോതല്‍: വെങ്കയ്യ നായിഡു

Published

|

Last Updated

ന്യൂഡല്‍ഹി: ഭൂമിയേറ്റെടുക്കല്‍ ബില്ലിന്റെ പേരില്‍ സര്‍ക്കാറിനെ ആക്രമിക്കുന്ന കോണ്‍ഗ്രസിന്റെ വായടപ്പിക്കാനുള്ള വസ്തുതകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് പാര്‍ലിമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു. ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന വിമര്‍ശം ചെകുത്താന്‍ വേദമോതുന്നതിന് തുല്യമാണെന്ന് അദ്ദേഹം പരിഹസിച്ചു. രാജ്യം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാറുകളുടെ ചരിത്രം പഠിക്കാന്‍ ശ്രമിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകുന്ന കാര്യമാണ് അത്. കോണ്‍ഗ്രസ് സര്‍ക്കാറാണ് ഏറ്റവും കൂടുതല്‍ ഓര്‍ഡിനന്‍സുകള്‍ കൊണ്ടുവന്നത്. ജനാധിപത്യത്തെ കശാപ്പ് ചെയ്തുവെന്ന വിമര്‍ശം ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടെ കൊണ്ടുവന്ന ഓര്‍ഡിനന്‍സുകളുടെ എണ്ണം 456 ആണ്. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലത്ത് 77 ഓര്‍ഡിനന്‍സുകള്‍ കൊണ്ടുവന്നു.
ആറ് വര്‍ഷത്തെ ഇന്ദിരാ ഭരണത്തിന്‍ കീഴില്‍ 77 ഓര്‍ഡിനന്‍സുകള്‍ പാസ്സാക്കി. അന്ന് എല്ലാ രണ്ട് മാസത്തിലും മൂന്ന് ഓര്‍ഡിനന്‍സ് എന്നായിരുന്നു സ്ഥിതി. രാജീവ് ഗാന്ധിയുടെ കാലത്ത് 35 ഓര്‍ഡിനന്‍സുകളാണ് പിറന്നത്. സി പി എം പിന്തുണച്ച ദേശീയ മുന്നണി സര്‍ക്കാര്‍ 77 ഓര്‍ഡിനന്‍സുകള്‍ ഇറക്കിയിരുന്നു- വെങ്കയ്യ നായിഡു പറഞ്ഞു.
നുണ പ്രചരിപ്പിക്കുന്നതിന് ഒരു അതിര് വേണം. പല തവണ ആവര്‍ത്തിച്ചാല്‍ നുണ സത്യമാകില്ല.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ലക്ഷക്കണക്കിനാളുകളെ ജയിലിലടച്ചവരാണ് ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. സര്‍ക്കാറിനെ വിമര്‍ശിക്കും മുമ്പ് അല്‍പ്പമെങ്കിലും ഗൃഹപാഠം ചെയ്യണമെന്നും അദ്ദേഹം പ്രതിപക്ഷത്തെ ഉപദേശിച്ചു.

Latest