ഈ ഉയര്‍ന്ന വിജയശതമാനം ഒരു വന്‍ പരാജയമാണ്

Posted on: April 22, 2015 6:00 am | Last updated: April 21, 2015 at 10:49 pm

EXAMഒരു കോഴ്‌സില്‍ പരീക്ഷയെഴുതിയ കുട്ടികളുടെ വിജയശതമാനം ഉയരുന്നത് കോഴ്‌സിന്റെ ഉയര്‍ച്ചയേയല്ല മറിച്ച് അതിന്റെ നിലവാരത്തകര്‍ച്ചയെയാണ് സൂചിപ്പിച്ചിക്കുന്നത് എന്നു പറയേണ്ടി വരുന്നത് വലിയൊരു വിരോധാഭാസമാണ്. പക്ഷേ, നമ്മുടെ നാട്ടിലെ എസ് എസ് എല്‍ സി ഫലപ്രഖ്യാപനം ആ വലിയ വിരോധാഭാസത്തിന്റെ നിദര്‍ശനമാണ്. 4,68,273 പേര്‍ പരീക്ഷയെഴുതുന്നു. അതില്‍ 4,58, 841 പേര്‍ പാസ്സാകുന്നു. ആകെ വിജയശതമാനം 97.99. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2.52 ശതമാനം വര്‍ധനവ്. കൃത്യമായി പരിശോധിച്ചാല്‍ ‘സേ’ പരീക്ഷ കഴിയുമ്പോള്‍ 100 ശതമാനം വിജയം സംഭവിക്കും. അവശേഷിക്കുന്ന രണ്ട് ശതമാനം കുട്ടികളില്‍ ഒരു വിഭാഗം കൂടി ഇതിനകം ജയിച്ചതായി റിപ്പോര്‍ട്ട് വന്നു തുടങ്ങിയിരിക്കുന്നു. ഗ്രേഡ് രേഖപ്പെടുത്താതെയാണ് റിസല്‍റ്റ് ഷീറ്റുകള്‍ ധൃതിപിടിച്ച് വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്.
‘റെക്കോഡ്’ വിജയമാണിത്. അതാകട്ടെ മുന്‍കൂട്ടി ആസൂത്രണം ചെയ്തതും. കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി ഉദാരമായി സ്‌കോര്‍ നല്‍കി വിജയശതമാനം പ്രഖ്യാപിച്ച് ബഹുമാന്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രി അബ്ദുര്‍റബ്ബ് പൊടിയും തട്ടിപ്പോയി. ഏവരും അന്തംവിട്ടുനിന്നു. ദഹിക്കാന്‍ ബുദ്ധിമുട്ടു തോന്നിയ മാധ്യമ പ്രവര്‍ത്തകര്‍ ഫലപ്രഖ്യാപന ഹാളില്‍ വെച്ച് തന്നെ ചോദ്യങ്ങള്‍ ഉന്നയിച്ചു തുടങ്ങിയപ്പോള്‍, എല്ലാം സി ഡിയിലുണ്ട് എന്ന് പറഞ്ഞ് മന്ത്രി രക്ഷപ്പെട്ടു. പക്ഷെ, വിതരണം ചെയ്ത സി ഡി തുറക്കാന്‍ ശ്രമിച്ചവര്‍ നിരാശരായി. അതിലൊന്നും ഉണ്ടായിരുന്നില്ല.
ഇനി ഉണ്ടായിരുന്ന സി ഡിയില്‍ പറയുന്നത് കണക്കുകള്‍ മാത്രമല്ല, വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളെക്കുറിച്ച് കൂടിയാണ്. പഞ്ചായത്തുകളും പി ടി എയുമൊക്കെ പരിശ്രമിച്ചിട്ടാണ് ഈ വിജയമെന്ന പതിവ് പല്ലവി പുതിയ സി ഡിയിലും പാടുന്നുണ്ട്.
വാസ്തവത്തില്‍ കഴിഞ്ഞ വര്‍ഷത്തെ കാര്യങ്ങളുടെ ആവര്‍ത്തനമാണ് സംഭവിച്ചത്. 2007 ല്‍ വിജയശതമാനം 90ന് മുകളിലാണ് എന്ന കാര്യം നമുക്കറിയാം. ഈ വര്‍ഷമത് ഫലത്തില്‍ 100 ശതമാനം ആയിരിക്കുന്നു; ആള്‍ പ്രമോഷന്‍ തന്നെ. പരീക്ഷയെഴുതിയ മുഴുവന്‍ കുട്ടികളും എസ് എസ് എല്‍ സി പാസ്സാകും എന്നര്‍ഥം. വിദ്യാഭ്യാസമന്ത്രി നടത്തിയ ഫലപ്രഖ്യാപന പത്ര സമ്മേളനത്തില്‍ അദ്ദേഹം ആ വസ്തുത സമ്മതിക്കുകയും ചെയ്തു. കണക്കു പരീക്ഷയില്‍ നാല് മാര്‍ക്കില്‍ താഴെ വാങ്ങിയ കുട്ടിയും വിജയിയാകാം. കാരണം, എഴുത്തു പരീക്ഷ മാത്രമല്ല പരിഗണിക്കുന്നതത്രേ! അക്ഷരജ്ഞാനം ആര്‍ജിക്കാതെയും കുട്ടി ക്ക് പാസ്സാകാം. അതാണ് പുതിയ മൂല്യനിര്‍ണയം. അതാണ് പുതിയ പാഠ്യപദ്ധതി! ആ നാട്ടുനടപ്പു അംഗീകരിച്ചാല്‍ ഇതൊരു ഗംഭീര വിജയമായിരിക്കും.
പക്ഷേ, ഹൃദയമുളള വിദ്യാഭ്യാസ സ്‌നേഹികള്‍ക്ക് ഈ ‘നാട്ടുനടപ്പ്’ അംഗീകരിക്കാനാകില്ല. അക്കാദമിക മാനദണ്ഡങ്ങള്‍ പാലിക്കാതെ, പൂര്‍ണവിജയത്തിന് വേണ്ടി, വ്യാജമായി ചമയ്ക്കുന്ന മൂല്യനിര്‍ണയ സമ്പ്രദായങ്ങള്‍ പൊതു വിദ്യാഭ്യാസത്തിന്റെ യഥാര്‍ഥമായ മൂല്യം ഇടിച്ചുതാഴ്ത്തുയാണ് ചെയ്യുന്നത്.
ഇത്തവണ സംഭവിച്ചതും മറ്റൊന്നല്ല. മാത്‌സ്, ഫിസിക്‌സ് പരീക്ഷകള്‍ക്ക് സിലബസില്‍ ഇല്ലാത്ത ചോദ്യങ്ങള്‍ മനഃപൂര്‍വം ഉള്‍പ്പെടുത്തിയത് വിജയശതമാനം ഉയര്‍ത്താന്‍ ലക്ഷ്യമിട്ടാണെന്ന് ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. അത് ശരിയാണെന്ന് മൂല്യനിര്‍ണയം തെളിയിക്കുകയും ചെയ്തു. ഒരു മാര്‍ക്കു സ്‌കോര്‍ ചെയ്യാന്‍ കഴിയാത്ത കുട്ടികളും ഇത്തവണ മാത്‌സ് പരീക്ഷ പാസ്സായിട്ടുണ്ട്. ‘നിരന്തര മൂല്യനിര്‍ണയം’ എന്ന മറയില്‍ ഗണിതബോധമാര്‍ജിക്കാത്ത കുട്ടികള്‍ക്കും മിനിമം മാര്‍ക്ക് ഉറപ്പാക്കി കൊടുക്കുന്ന ജാലവിദ്യയാണ് പ്രയോഗിക്കപ്പെട്ടത്. വിവാദമായ പെന്‍സില്‍ മാര്‍ക്കിംഗ് ആദ്യമായി പ്രയോഗിക്കപ്പെട്ടു. ‘എന്‍ട്രിലെവല്‍ ‘ എന്ന പേരിലുള്ള മാര്‍ക്കിംഗും നടന്നു. ഒരു കുട്ടിയും തോല്‍ക്കരുത് എന്ന ശാസനയാണ് ഇന്‍വിജിലേറ്റര്‍മാര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കിയത്.
വാസ്തവത്തില്‍ ഇത് ലോകബേങ്കുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ വന്ന ഡി പി ഇ പി, എസ് എസ് എ പദ്ധതികളുടെ അനിവാര്യഭാഗമായ മൂല്യനിര്‍ണയ രീതിയാണ്. അതായത് ആവര്‍ത്തനച്ചെലവ് ഒഴിവാക്കാന്‍ ലോകബേങ്ക് നിര്‍ദേശിച്ചത് പൊതുവിദ്യാലയങ്ങളിലെ നോ ഡിറ്റന്‍ഷന്‍ പോളിസിയാണ്. ആരും തോറ്റു പഠിക്കരുതെന്ന് ലോകബേങ്ക് ആവശ്യങ്ങളും കരാറിലുണ്ട്. അതാണ് കേന്ദ്ര സര്‍ക്കാര്‍ 2009ല്‍ പാസ്സാക്കിയ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ വ്യക്തമായി പറയുന്നത്; ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയും ആള്‍പ്രമോഷന്‍ വേണമെന്ന്. 9, 10 ക്ലാസിലും കൂടി ‘ആള്‍ പ്രമോഷന്‍’ കേരളം നടപ്പിലാക്കിക്കളഞ്ഞു! ഫലത്തില്‍ ഹയര്‍ സെക്കന്‍ഡറി വരെ ഈ പാഠ്യപദ്ധി തുടരുന്നു. അങ്ങനെയുള്ളവര്‍ ബിരുദ ക്ലാസുകളില്‍, കോളജുകളില്‍ എത്തുമ്പോള്‍ അവിടെയും ഇതിന്റെ സ്വഭാവിക തുടര്‍ച്ചയെ അഭിമുഖീകരിക്കേണ്ടി വരുന്നു. അങ്ങനെ ഫലത്തില്‍, വിദ്യാഭ്യാസം നമ്മുടെ കുട്ടികള്‍ക്ക് നിഷേധിക്കപ്പെടുകയാണ്.
ജയം, തോല്‍വി സമ്പ്രദായം നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയില്‍ അനിവാര്യമായി വേണ്ട കാര്യമാണ്. നിലവാരം ഉയര്‍ത്താനാണ് പരീക്ഷയും മൂല്യനിര്‍ണയവും കര്‍ശനമായ ഉപാധികളോടെ വേണമെന്ന വ്യവസ്ഥയുണ്ടാക്കിയത്.
എന്നാല്‍, പുതിയ പാഠ്യപദ്ധതി വന്നതിന് ശേഷം മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തപ്പെട്ടു. എല്ലാം ഉദാരമായി, ലൂസായി. ബോധനം മിക്കവാറും അപ്രത്യക്ഷമായി. മറ്റ് സിലബസുകള്‍ മെച്ചമായതുകൊണ്ടല്ല, പൊതുവിദ്യാലയങ്ങളെ അനാകര്‍ഷകമാക്കാന്‍ മനഃപൂര്‍വം തന്ത്രങ്ങള്‍ മെനഞ്ഞവര്‍ അന്നത്തെ പാഠ്യപദ്ധതിയെയാണ് ആക്രമിച്ചത്. അതിന്റെ മാനവീകാംശങ്ങളെ പാടേ തുടച്ച് നീക്കാന്‍ അവര്‍ കരുക്കള്‍ നീക്കി. ഒന്നും യാദൃശ്ചികമായിട്ടല്ല സംഭവിച്ചത്. എല്ലാം കൃത്യമായി ആസൂത്രണം ചെയ്യപ്പെട്ട രീതിയില്‍ മുന്നേറി. പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താന്‍ വേണ്ടിയാണ് എന്ന വ്യാജമായ ആത്മപ്രശംസ നടത്തിക്കൊണ്ടാണ്, പൊതുവിദ്യാലയങ്ങളെ ഓരോന്നായി അനാകര്‍ഷമാക്കി മാറ്റിയത്. ഇപ്പോള്‍ കേരളത്തില്‍ 5137 അനാദായക സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നു. പുതിയ പാഠ്യപദ്ധതി വന്നതിനുശേഷമാണ് അത് സംഭവിച്ചത്.
പരിശോധനകളോ പുനഃപരിശോധനകളോ നടക്കുന്നില്ല. രാഷ്ട്രീയ സമവായം മൂലം പൊതുവിദ്യാലയങ്ങളുടെ മരണം ആരുമറിയുന്നില്ല. ഒറ്റപ്പെട്ട ശബ്ദങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നുമില്ല. അതിനിടയില്‍, വിദ്യാഭ്യാസ കച്ചവടത്തിന്റെ പുത്തന്‍ സാധ്യതകള്‍ അന്വേഷിക്കുകയാണ് യു ഡി എഫ് സര്‍ക്കാറും മന്ത്രിയും. പ്ലസ് ടുവിന് 35,000 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോഴാണ് 700 അധിക ബാച്ചുകള്‍ അനുവദിച്ചു കൊണ്ട് പുതിയ അധ്യാപക നിയമനത്തിന്റെ സാധ്യതകള്‍ ഈ സര്‍ക്കാര്‍ വെട്ടിത്തുറന്നത്. ആ സ്‌കൂളുകളിലേക്ക് കുട്ടികളെ എത്തിച്ച് കൊടുക്കാനുള്ള ചുമതലയും സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. എസ് എസ് എല്‍ സിയിലെ വിജയശതമാന വര്‍ധനവ് അതിനുളള നല്ലൊരു വഴിയാണ്. 1500 തസ്തികകള്‍ പുതുതായ സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞു. നിയമനങ്ങള്‍ മുന്‍കൂറായി തന്നെ മാനേജര്‍മാര്‍ നടത്തുകയും ചെയ്തിട്ടുണ്ട്.
എന്തായാലും ഈ വര്‍ഷത്തെ എസ് എസ് എല്‍ സി വിജയശതമാനം പൂര്‍ണമായും വ്യാജമാണ്. അതിന് അക്കാദമികമായ അടിത്തറകളില്ല. വിശ്വാസ്യതയുമില്ല. വിദ്യാര്‍ഥികളെ സഹായിക്കാനല്ല, മറിച്ച് ദ്രോഹിക്കാനാണ് ഇതിടയാക്കുന്നത്. വിജയശതമാനം വര്‍ധിക്കുമ്പോഴല്ല പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയരുന്നത്. നേരെ മറിച്ച് കുട്ടികളുടെ അക്കാദമിക – ബൗദ്ധിക നിലവാരം ഉയര്‍ത്താന്‍ കഴിയുമ്പോഴാണ്. അതിന് ആദ്യം വേണ്ടത് പുതിയ പാഠ്യപദ്ധതി എന്ന പേരില്‍ കേരളത്തിലെ സ്‌കൂളുകളില്‍ നിലവിലുള്ള പഠന സമ്പ്രദായം ഉപേക്ഷിക്കുകയാണ്. മെച്ചപ്പെട്ട , ഏകീകൃതമായ ഒരു പൊതു പാഠ്യപദ്ധതി – ശാസ്ത്രീയ – മതേതര വീക്ഷണമുള്ള പഠന ക്രമം – പുതുതായി സൃഷ്ടിക്കാതെ കേരളത്തിലെ വിദ്യാഭ്യാസരംഗം രക്ഷപ്രാപിക്കില്ലെന്ന കാര്യം വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നു, പുതിയ ഫലപ്രഖ്യാപനം.