Connect with us

Kerala

മര്‍ക്കസ് നോളജ് സിറ്റി: കാന്തപുരത്തിനും ലാന്റ്മാര്‍ക്കിനും എതിരായ സ്‌റ്റേ നീക്കി

Published

|

Last Updated

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയുമായി ബന്ധപ്പെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കും കാലിക്കറ്റ് ലാന്‍ഡ്മാര്‍ക്ക് ബില്‍ഡേഴ്‌സിനുമെതിരായ ഇടക്കാല സ്‌റ്റേ ഉത്തരവ് ചെന്നൈ ഹരിത ട്രൈബ്യൂണല്‍ നീക്കി. പരിസ്ഥിതി ലോലപ്രദേശമായ കോടഞ്ചേരി പഞ്ചായത്തില്‍ പരിസ്ഥിതി വകുപ്പിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്നാരോപിച്ച് വടകര സ്വദേശി നല്‍കിയ പരാതിയിലാണ് നേരത്തെ ഹരിത ട്രൈബ്യൂണല്‍ സ്‌റ്റേ ഉത്തരവ് നല്‍കിയിരുന്നത്. എന്നാല്‍ കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ 2006ലെ പ്രത്യേക ഉത്തരവ് പ്രകാരമുള്ള നിശ്ചിത വിസ്തീര്‍ണത്തിന് താഴെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന മര്‍കസ് നോളജ് സിറ്റി അഭിഭാഷകരുടെ വാദം കോടതി അംഗീകരിച്ചു.

നോളജ് സിറ്റിയില്‍ ആരംഭിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ അനുമതി ആവശ്യമില്ലെന്ന് കേന്ദ്ര പരിസ്ഥിതി വകുപ്പ് റീജ്യണല്‍ ഡയറക്ടറും നേരത്തെ ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു. കേരളത്തിന്റെ വികസന രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിനും നിരവധി തൊഴിലവസരങ്ങള്‍ക്കും വഴിയൊരുക്കുന്ന നോളജ് സിറ്റിക്ക് അനുകൂലമായ നിലപാടാണ് സംസ്ഥാന സര്‍ക്കാറിന്റെ വിവിധ വകുപ്പുകള്‍ കോടതിയില്‍ സ്വീകരിച്ചത്. നോളജ് സിറ്റിക്കെതിരായ ട്രൈബ്യൂണല്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്തും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.