ഈജിപ്ത് മുന്‍ പ്രസിഡന്റ മുഹമ്മദ് മുര്‍സിക്ക് 20 വര്‍ഷം തടവ്

Posted on: April 21, 2015 4:27 pm | Last updated: April 21, 2015 at 10:52 pm

MORSI
കൈറോ: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഈജിപ്ത് മുന്‍ പ്രസിഡന്റും മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവുമായ മുഹമ്മദ് മുര്‍സിക്ക് 20 വര്‍ഷം തടവ് ശിക്ഷ. കൈറോയിലെ കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധിക്കിടയില്‍ പരോളും അനുവദിക്കില്ല. മുര്‍സിയോടൊപ്പം ബ്രദര്‍ഹുഡ് നേതാക്കളായ മറ്റു 11 പേരെയും ശിക്ഷിച്ചിട്ടുണ്ട്.

2012ലെ ആഭ്യന്തര കലാപവുമായി ബന്ധപ്പെട്ട കേസിലാണ് വിധി. കലാപം സൃഷ്ടിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, പീഡനം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് മുര്‍സിക്കെതിരെ ചുമത്തിയിരിക്കുന്നത്. മുര്‍സിക്കെതിരായ വിവിധ കേസുകളില്‍ ആദ്യകേസിലാണ് ഇപ്പോള്‍ വിധിവന്നിരിക്കുന്നത്.

2012 ഡിസംബറില്‍ പ്രസിഡന്റായിരിക്കെ തനിക്കെതിരെ നടന്ന ജനകീയ പ്രക്ഷോഭം സൈന്യത്തെയും ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെയും ഉപയോഗിച്ച് ക്രൂരമായി അടിച്ചമര്‍ത്തുകയായിരുന്നു മുര്‍സി ചെയ്തത്.  ഇത്കൂടാതെ ജയില്‍ തകര്‍ത്ത കേസും വിദേശ സംഘടനകളുമായി ബന്ധപ്പെട്ട് രാജ്യത്തിനെതിരെ ചാരവൃത്തി നടത്തിയെന്ന കേസും മുര്‍സിക്കെതിരെയുണ്ട്.