Connect with us

Editorial

'നെറ്റ് ന്യൂട്രാലിറ്റി' സംരക്ഷിക്കപ്പെടണം

Published

|

Last Updated

ആധുനിക ലോകക്രമത്തില്‍ ഇന്റര്‍നെറ്റിനോളം സ്വാധീനം ചെലുത്തിയ മറ്റൊരു മാധ്യമമുണ്ടാകില്ല. വിവരശേഖരണത്തിനും ആശയകൈമാറ്റത്തിനുമുള്ള ഏറ്റവും വലിയ ഉപാധിയായി ഇന്റര്‍നെറ്റ് വളര്‍ന്നതോടെ ജനജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത കണ്ണിയായി അത് മാറിക്കഴിഞ്ഞു. സ്മാര്‍ട്ട് ഫോണുകളുടെയും സാമൂഹിക മാധ്യമങ്ങളുടെയും വരവോടെയാണ് ഇന്റര്‍നെറ്റ് ഇത്രയും വലിയ ജനകീയ മാധ്യമമായി വളര്‍ന്നത്. ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ഇക്കഴിഞ്ഞ ജനുവരിയില്‍ പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്തെ മൊബൈല്‍ ബില്ലിന്റെ 54 ശതമാനവും വിനിയോഗിക്കുന്നത് മൊബൈല്‍ ഇന്റര്‍നെറ്റിന് വേണ്ടിയാണ്. ആഗോളതലത്തില്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം ഈ വര്‍ഷം മുന്നൂറ് കോടി കവിയുമെന്ന് ഡിജിറ്റല്‍ മേഖലയിലെ ഏറ്റവും വലിയ ഗവേഷണ സ്ഥാപനങ്ങളില്‍ ഒന്നായ “ഇ മാര്‍ക്കറ്റര്‍” നടത്തിയ സര്‍വേയിലും വ്യക്തമാക്കുന്നു. അതായത് ലോകജനസംഖ്യയുടെ പകുതിയോളം പേര്‍ സ്ഥിരമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുവെന്നാണ് ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.
സര്‍വ തന്ത്ര സ്വതന്ത്രമാണ് എന്നതാണ് ഇന്റര്‍നെറ്റിനെ ജനങ്ങളിലേക്ക് അടുപ്പിച്ചത്. ഒരു തവണ പണം മുടക്കി ഇന്റര്‍നെറ്റില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ഏത് വെബ്‌സൈറ്റും ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ആക്‌സസ് ചെയ്യാം എന്നതാണ് അതിന്റെ സവിശേഷത. ഏതെങ്കിലും വെബ്‌സൈറ്റ് തുറക്കുന്നതിന് പ്രത്യേകം തുക നല്‍കേണ്ടതില്ല. ഇന്റര്‍നെറ്റ് ഉപഭോക്താവിന് മുന്നില്‍ ഇന്റര്‍നെറ്റിലെ പൊതുവായ എല്ലാ വെബ്‌സൈറ്റുകളും ഉള്ളടക്കവും തുല്യമാണ്. ഈ സമത്വത്തെ നെറ്റ് ന്യൂട്രാലിറ്റി (നെറ്റ് നിഷ്പക്ഷത) എന്നാണ് വിശേഷിപ്പിക്കുന്നത്. കൊളംബിയ സര്‍വകലാശാലയിലെ മീഡിയാ ലോ പ്രൊഫസറായ ടിം വൂ ആണ് 2003ല്‍ ഇന്റര്‍നെറ്റിലെ ഈ സമത്വത്തെ നെറ്റ് ന്യൂട്രാലിറ്റി എന്ന് പേരിട്ട് വിളിച്ചത്.
എന്നാല്‍ നെറ്റ്‌ന്യൂട്രാലിറ്റിയുടെ കടയ്ക്കല്‍ കത്തിവെക്കുന്നതിനുള്ള നീക്കങ്ങളാണ് രാജ്യത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ചില വെബ്‌സൈറ്റുകള്‍ ഉപയോഗിക്കുന്നതിന് അധിക തുക ഈടാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മൊബൈല്‍, ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ ടെലികോം നിയന്ത്രണ അതോറിറ്റി(ട്രായ്)യെ സമീപിച്ചിരിക്കുകയാണ്. എയര്‍ടെല്‍, വൊഡാഫോണ്‍ തുടങ്ങിയ മുന്‍നിര കമ്പനികളാണ് ഈ ആവശ്യവുമായി ആദ്യം രംഗത്ത് വന്നത്. ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, സ്‌കൈപ്പ്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ ആശയവിനിമയത്തിന് വ്യാപകമായി ഉപയോഗിക്കപ്പെടാന്‍ തുടങ്ങിയതോടെ തങ്ങളുടെ വരുമാനം കുറഞ്ഞുവെന്നും അതിനാല്‍ ഇത്തരം വെബ്‌സൈറ്റുകള്‍ ഉപയോഗിക്കുന്നതിന് പ്രത്യേക തുക ഈടാക്കാന്‍ അനുവദിക്കണമെന്നുമാണ് ഈ കമ്പനികളുടെ ആവശ്യം. സാമൂഹിക മാധ്യമങ്ങളുടെ വ്യാപനം ആശയവിനിമയത്തിന്റെ ചെലവ് ചുരുക്കാന്‍ സഹായിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്. പക്ഷേ, ഇത് തങ്ങളുടെ വരുമാനത്തെ ബാധിച്ചുവെന്ന സേവനദാതാക്കളുടെ വാദം പൂര്‍ണമായും അംഗീകരിക്കാനാകില്ല. കാരണം ജനങ്ങള്‍ ഈ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് വഴി ഡാറ്റ വിനിമയത്തിലൂടെ സേവനദാതാക്കളുടെ വരുമാനം ഇരട്ടിയിലധികമായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ ടെലികോം കമ്പനികളുടെ ഈ ദുരാഗ്രഹത്തിന് അറിഞ്ഞോ അറിയാതെയോ ട്രായ് പച്ചക്കൊടികാട്ടുന്നുവെന്നാണ് മനസ്സിലാകുന്നത്. നിയമം കൊണ്ടുവരുന്നതിന്റെ മുന്നോടിയായി പൊതുജനങ്ങളുടെ അഭിപ്രായം ശേഖരിക്കുന്നതിന് ട്രായ് ഇതുസംബന്ധിച്ച ഒരു രേഖ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 118 പേജ് വരുന്ന രേഖയില്‍ സേവനദാതാക്കളുടെ താത്പര്യം സംരക്ഷിക്കാനാണ് ട്രായ് ശ്രമിക്കുന്നതെന്ന് ഇതിനകം തന്നെ വിമര്‍ശനമുയര്‍ന്നുകഴിഞ്ഞു. രേഖയോട് പ്രതികരിക്കാന്‍ 20 ചോദ്യങ്ങള്‍ ട്രായ് മുന്നോട്ടുവെക്കുന്നു. ഈ മാസം 24ന് മുമ്പ് ഇമെയില്‍ വഴി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. എന്നാല്‍ ഈ ചോദ്യങ്ങളില്‍ പലതും അവ്യക്തവും സാധാരണക്കാര്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയാത്തതുമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
നെറ്റ് ന്യൂട്രാലിറ്റിയെന്ന ഇന്റര്‍നെറ്റിലെ സമത്വം ഇല്ലാതാകുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നത് തീര്‍ച്ചയാണ്. സാങ്കേതികതയുടെയും വാര്‍ത്താവിനിമയത്തിന്റെയും ജനാധിപത്യപരമായ സമന്വയം സാധ്യമാക്കിയത് ഇന്റര്‍നെറ്റിലെ ഈ നിഷ്പക്ഷതയാണ്. ഇത് ഇല്ലാതായാല്‍ ഇന്റര്‍നെറ്റിന്റെ നിയന്ത്രണം കുത്തകകളുടെ കൈപ്പിടിയിലമരും. ഒടുവില്‍ അവര്‍ തീരുമാനിക്കുന്ന വെബ്‌സൈറ്റുകളും സേവനങ്ങളും മാത്രം അനുഭവിക്കാന്‍ ഉപഭോക്താക്കള്‍ നിര്‍ബന്ധിതരാകും. സമ്പന്നര്‍ക്ക് മാത്രമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ പരിമിതപ്പെടുന്ന സ്ഥിതിവിശേഷത്തിനും ഇത് കാരണമാകും.
സേവനദാതാക്കളുടെ ലോബീയിംഗും ട്രായിയുടെ മൗനാനുവാദവും തിരിച്ചറിഞ്ഞ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തിക്കഴിഞ്ഞു. സേവ് ഇന്റനെറ്റ് എന്ന പേരില്‍ നെറ്റ് ന്യൂട്രാലിറ്റി നിലനിര്‍ത്താന്‍ സോഷ്യല്‍ മീഡിയകള്‍ കേന്ദ്രീകരിച്ചും അല്ലാതെയും നടക്കുന്ന ക്യാമ്പയിനുകള്‍ ട്രായിയുടെ കണ്ണുതുറപ്പിക്കുമെന്ന് പ്രത്യാശിക്കാം. നെറ്റ് ന്യൂട്രാലിറ്റി സംരിക്ഷിക്കപ്പെടാന്‍ എല്ലാവരും ഒത്തൊരുമിച്ച് നില്‍ക്കണം. ഒന്നിച്ചുള്ള ഒരു പോരാട്ടത്തിലൂടെ മാത്രമേ ഇത്തരം “കരി”നിയമങ്ങളെ തടയാനാകുകയുള്ളൂ.