Connect with us

Gulf

പടിഞ്ഞാറന്‍ പ്രവിശ്യയിലേക്കുള്ള ജല വിതരണം 90 ദിവസത്തിനുള്ളില്‍ ആരംഭിക്കും

Published

|

Last Updated

അബുദാബി: പടിഞ്ഞാറന്‍ പ്രവിശ്യകളിലേക്കുള്ള ജല വിതരണം 90 ദിവസത്തിനുള്ളില്‍ ആരംഭിക്കും. 160 കോടി ദിര്‍ഹമില്‍ പൂര്‍ത്തീകരിക്കുന്ന ജലവിതരണ പദ്ധതി ആഗസ്ത്-സെപ്തംബര്‍ മാസത്തില്‍ പൂര്‍ണമായും കമ്മീഷന്‍ ചെയ്യുവാന്‍ സാധിക്കുമെന്ന് ജല വിഭവ-പരിസ്ഥിതി മാനേജര്‍ ഡോ. മുഹമ്മദ് സ്വിനിയ്യ വ്യക്തമാക്കി.
2010ലാണ് അബുദാബിയുടെ പടിഞ്ഞാറന്‍ പ്രവിശ്യകളിലേക്ക് ജല വിതരണത്തിന് പദ്ധതി രൂപകല്‍പന ചെയ്തത്. പൈപ്പ് വഴി വിതരണം ചെയ്യുന്ന പദ്ധതിയിലൂടെ ഒരു ദിവസം നാലു കോടി ഗ്യാലന്‍ വെള്ളമാണ് വിതരണം ചെയ്യുക.
ജല വിതരണ പദ്ധതി പൂര്‍ണമായും നടപ്പിലാക്കുന്നതോടെ പടിഞ്ഞാറന്‍ പ്രവിശ്യകളില്‍ വലിയ ആശ്വാസമാകും. അല്‍ ഐനിലേക്ക് പദ്ധതി ദീര്‍ഘിപ്പിക്കുമെന്നും ആവശ്യമായ പ്രാഥമിക പഠനവും പൂര്‍ത്തിയായി കഴിഞ്ഞതായി ഡോക്ടര്‍ മുഹമ്മദ് സ്വിനിയ്യ പറഞ്ഞു. കഴിഞ്ഞ ദിവസം അവസാനിച്ച ലോക ജല വിതരണ സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആറു ഗള്‍ഫ് രാഷ്ട്രങ്ങളില്‍ കൂടി മൂന്നു കോടി ക്യൂബിക് മീറ്റര്‍ വെള്ളമാണ് കടല്‍ വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കുന്നതെന്ന് മസ്ദര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി പരിസ്ഥിതി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഹസന്‍ അറഫാത്ത് വ്യക്തമാക്കി. ചില ജി സി സി രാജ്യങ്ങളില്‍ മൂന്ന് ദിവസം വരെ വെള്ളം സൂക്ഷിക്കുവാനുള്ള സംഭരണ ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത വര്‍ഷം മുതല്‍ മാലിന്യ സംഭരണശേഷി വര്‍ധിപ്പിക്കുവാനും നെറ്റ്‌വര്‍ക്കിംഗ് സംവിധാനം കാര്യക്ഷമമാക്കുവാനും അബുദാബി തീരുമാനിച്ചു കഴിഞ്ഞു. അബുദാബി സീവേജ് കമ്പനി അല്‍ വത്ബയില്‍ നിര്‍മിക്കുന്ന ഭൂഗര്‍ഭ അറ അടുത്തവര്‍ഷം പ്രവര്‍ത്തനമാരംഭിക്കും. സൗത്ത് കൊറിയയുടെ സഹായത്തോടെ 550 കോടി ദിര്‍ഹമില്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്ന ടണല്‍ 2009ലാണ് നിര്‍മാണം തുടങ്ങിയത്.
53 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഭൂഗര്‍ഭ അറയുടെ 43 കിലോമീറ്ററോളം നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞു. പദ്ധതി പൂര്‍ണമായും 2016ല്‍ കമ്മീഷന്‍ ചെയ്യുവാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ തലസ്ഥാന നഗരിയിലെ മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ആധുനിക സാങ്കേതികവിദ്യയില്‍ നിര്‍മിച്ച തുരങ്കത്തിന് 34 പമ്പിംഗ് സ്റ്റേഷനുകളാണുള്ളത്.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി