Connect with us

Gulf

അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവം ഏഴ് മുതല്‍

Published

|

Last Updated

അബുദാബി: 25-ാമത് അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവം അടുത്ത മാസം ഏഴ് മുതല്‍ അബുദാബി എക്‌സിബിഷന്‍ സെന്ററില്‍ നടക്കും. 15 നു അവസാനിക്കും. അബുദാബി വിനോദസഞ്ചാര സാംസ്‌കാരിക അതോറിറ്റി സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തില്‍ യു എ ഇ രാഷ്ട്രപിതാവ് ശൈഖ സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാനാണ് ഈ വര്‍ഷത്തെ കേന്ദ്ര വ്യക്തിത്വം. ശൈഖ് സായിദിന്റെ ദീപ്ത പ്രകാശം ഭാവിയെ പ്രകാശനമാക്കി എന്ന പ്രമേയത്തിലാണ് പരിപാടികള്‍ നടക്കുക. യു എ ഇ സ്ഥാപകനായ ശൈഖ് സായിദിനെക്കുറിച്ചുള്ള ചര്‍ച്ചകളും സെമിനാറുകളും പുസ്തകോത്സവത്തിന്റെ സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ നടക്കും. കഴിഞ്ഞ വര്‍ഷം മുതലാണ് അബുദാബി പുസ്തകോത്സവം കേന്ദ്ര വ്യക്തിത്വത്തെ തിരഞ്ഞെടുക്കാന്‍ തുടങ്ങിയത്. വിഖ്യാത കവി അബൂത്വയ്യിബ് അല്‍ മുതനബ്ബി ആയിരുന്നു പ്രഥമ കേന്ദ്ര വ്യക്തിത്വം.
ശൈഖ് സായിദിന്റെ ബൗദ്ധിക ഉന്നതിയും ദീര്‍ഘദൃഷ്ടി യോടെയുള്ള നടപടികളും വിദ്യാഭ്യാസത്തിനും സംസ്‌കാരത്തിനും ഊന്നല്‍ നല്‍കിയ നിലപാടുകളും യു എ ഇ യെ ശക്തവും ആധുനികവുമായ രാഷ്ട്രമാക്കി തീര്‍ക്കാനുള്ള നടപടികളും അടക്കം ചര്‍ച്ച ചെയ്യും. ശൈഖ് സായിദിനോട് ഒപ്പം പ്രവര്‍ത്തിച്ചിരുന്ന മുന്‍ വിദേശ കാര്യമന്ത്രി റാശിദ് അബ്ദുല്ല അല്‍ നുഐമി, പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയത്തിലെ ഉപദേശകനായിരുന്ന ഡോ. സാക്കി നുസൈബ എന്നിവര്‍ സെമിനാറിന്റെ വിവിധ സെഷനുകളില്‍ സംസാരിക്കും. യു എ ഇയുടെ ആദ്യകാലവും ശൈഖ് സായിദിന്റെ പ്രവര്‍ത്തനങ്ങളും സംബന്ധിച്ചാണ് ഇവര്‍ സംസാരിക്കുക.