അല്‍ ഐന്‍-അല്‍ ഖുആ ബസ് സര്‍വീസ് ദുരിതമാവുന്നു

Posted on: April 16, 2015 8:05 pm | Last updated: April 16, 2015 at 8:05 pm

busഅല്‍ ഐന്‍: അല്‍ ഐനി ല്‍ നിന്നും അല്‍ ഖൂഅ റൂട്ടിലേക്കുള്ള ദീര്‍ഘ ദൂരയാത്രക്കാരെ ബുദ്ധിമുട്ടായി ബസ് സ്റ്റോപ്പുകളുടെ മാറ്റം. 132 കി മീ ദൂരമുള്ള ഈ റൂട്ടില്‍ യാത്രക്കാരുടെ ബാഹുല്യം എല്ലാ സമയങ്ങളിലും കാണാമായിരുന്നു. നേരത്തെ വന്ന് ക്യൂവില്‍ സ്ഥാനം പിടിച്ചാല്‍ മാത്രമേ രണ്ട് മണിക്കൂര്‍ ഇടവിട്ടുള്ള സര്‍വീസില്‍ യാത്ര ചെയ്യാന്‍ കഴിയൂ. ആളുകളുടെ ആധിക്യം കാരണം പലര്‍ക്കും രണ്ടാമത്തെ ബസ് എത്തുന്നവരെ കാത്തുനില്‍ക്കേണ്ടുന്ന അവസ്ഥയും ഉണ്ടാക്കിയിരുന്നു. രാവിലെ 5.30ന് അല്‍ ഐനില്‍ നിന്നും തുടങ്ങി ഓരോ രണ്ട് മണിക്കൂര്‍ ഇടവിട്ടാണ് സര്‍വീസ് രാത്രി 9.30നാണ് അവസാന ട്രിപ്പ്. ഈ റൂട്ടുകളിലെ പല സ്റ്റോപ്പുകളും ഇപ്പോള്‍ റദ്ദ് ചെയ്തിരിക്കുകയാണ്. കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തുന്നില്ല എന്നതാണ് കാരണം. 14 സ്റ്റോപ്പുകള്‍ മാത്രമാണ് ഇപ്പോള്‍ നിലവിലുള്ളത്. അല്‍ വഗാന്‍ അല്‍ ഖുഅ തുടങ്ങി പ്രധാന സ്റ്റോപ്പുകളിലേക്കുള്ള യാത്രക്കാര്‍ക്ക് മാത്രമാണ് സഞ്ചരിക്കാനാവുന്നത്.
അല്‍ ദാഹിറ പെട്രോള്‍ സ്റ്റേഷന് സമീപത്ത് വര്‍ഷങ്ങളായി നിലനിന്നിരുന്ന സ്റ്റോപ്പ് എടുത്തു മാറ്റിയത് ഇവിടെ ജോലി ചെയ്യുന്ന മലയാളികള്‍ അടക്കമുള്ള യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവുകയാണ്. അല്‍ വഗാന്‍ കഴിഞ്ഞാല്‍ അവസാന സ്റ്റോപ്പായ അല്‍ ഖുഅ വരെയുള്ള 35 കി. മീറ്റര്‍ ദൂരത്തില്‍ ഒരൊറ്റ സ്റ്റോപ്പും ഇല്ല. ഈ റൂട്ടിലെ പുതിയ സാഹചര്യം മുതലെടുത്ത് അനധികൃത ടാക്‌സികളും യാത്രക്കാരെ ചൂഷണം ചെയ്യുന്നുണ്ട്.
ഈ റൂട്ടില്‍ റീ സര്‍വേ നടത്തി യാത്രക്കാര്‍ക്ക് ഉപകാര പ്രദമായ സ്ഥലങ്ങളില്‍ ബസ് സ്റ്റോപ്പുകള്‍ പുനഃസ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.