Connect with us

National

ഇടതു ബദല്‍ ശക്തിപ്പെടേണ്ടത് അനിവാര്യം: പ്രകാശ് കാരാട്ട്

Published

|

Last Updated

വിശാഖപട്ടണം :വലതു ശക്തികളെ ചെറുക്കാന്‍ ഇടതു ജനാധിപത്യ ബദല്‍ അനിവാര്യമെന്ന് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. 21-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഇതിന് തുടക്കം കുറിക്കാന്‍ വഴിതുറക്കും. ഇടതുകക്ഷികളുടെ ഐക്യത്തിന് സി പി എം മുന്‍കൈ എടുക്കുമെന്നും കാരാട്ട് പറഞ്ഞു. 21-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കാരാട്ട്. വലതുപക്ഷ ആക്രമണം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ഇടതുപക്ഷ ഐക്യം വിപുലീകരിക്കേണ്ടത് അടിയന്തരാവശ്യമാണ്. ഇടത് ഐക്യം ശക്തമാക്കാന്‍ എല്ലാ ഇടതുപക്ഷ പാര്‍ട്ടികളെയും ഗ്രൂപ്പുകളെയും വ്യക്തികളെയും വിശാലമായ ഒരു ഇടതുപക്ഷവേദിയിലേക്ക് നയിക്കണം. ഇടതുപക്ഷ നേതൃത്വത്തിലുള്ള ബഹുജനസംഘടനകളുടെ ഏകോപനത്തിനായി നടപടികള്‍ ഉണ്ടാകണം.

ആര്‍ എസ് എസിന്റെ രാഷ്ട്രീയ അനുബന്ധമായ ബി ജെ പിയാണ് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം രാജ്യം ഭരിക്കുന്നത്. ആര്‍ എസ് എസിന്റെയും ബി ജെ പിയുടെയും സംയുക്ത സംരംഭമാണ് മോദിസര്‍ക്കാര്‍. ഇതില്‍ ആര്‍ എസ് എസിനാണ് കൂടുതല്‍ പങ്കാളിത്തം. ബൂര്‍ഷ്വാ കോര്‍പറേറ്റുകളുടെയും ഹിന്ദുത്വ ശക്തികളുടെയും ഒന്നിച്ചുള്ള തള്ളലിലാണ് ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലെത്തിയിരിക്കുന്നത്. ഹിന്ദുത്വശക്തികള്‍ക്ക് അവരുടെ വര്‍ഗീയ അജന്‍ഡ തുറക്കാന്‍ ബി ജെ പി സര്‍ക്കാര്‍ വഴിതുറക്കുകയും ചെയ്തു.
മോദി സര്‍ക്കാറിന്റെ വിദേശനയം അമേരിക്കയുടെ ഏഷ്യന്‍ ലക്ഷ്യങ്ങളുമായി ഇന്ത്യയെ തന്ത്രപരമായി കൂട്ടിയോജിപ്പിക്കുന്നതാണ്. അമേരിക്കന്‍ സമ്മര്‍ദത്തിനു വഴങ്ങി ഇന്ത്യന്‍ സമ്പദ് വ്യസ്ഥയെ വിദേശമൂലധനശക്തികള്‍ക്കുമുമ്പില്‍ തുറന്നിടുകയും പേറ്റന്റ് നിയമത്തിലും ബൗദ്ധിക സ്വത്തവകാശനിയമത്തിലും വെള്ളം ചേര്‍ക്കുകയുമാണ്.
ഭരണഘടനാ ശില്‍പ്പിയായ ഡോ ഡോ. ബി ആര്‍ അംബേദ്കറുടെ ജന്മദിന സ്മരണ അയവിറക്കുന്ന വേളയില്‍ അദ്ദേഹം തയ്യാറാക്കിയ ഭരണഘടന പോലും ഇഷ്ടാനുസരണം മാറ്റാന്‍ ശ്രമിക്കുന്ന ബി ജെ പി, ആര്‍ എസ് എസ് ശക്തികളാണ് രാജ്യം ഭരിക്കുന്നതെന്നത് ഗൗരവതരമാണ്. ഗാന്ധിജിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയെ മഹത്വവത്ക്കരിക്കുകയാണ് ബി ജെ പി നേതാക്കള്‍ ചെയ്യുന്നത്. ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ പ്രകൃതി വിഭവങ്ങള്‍ കോര്‍പറേറ്റുകള്‍ക്കും വിദേശ മൂലധന ശക്തികള്‍ക്കും തിരക്കിട്ട് നല്‍കുന്ന കാഴ്ചയാണ് കഴിഞ്ഞ പത്തുമാസത്തിനകം കണ്ടത്.
മോദി സര്‍ക്കാര്‍ അധികാരമേറി ചെറിയ സമയത്തിനകംതന്നെ ജനകീയ പ്രതിഷേധം ശക്തമാകുകയാണ്. വിവിധ മേഖലകളിലുള്ള അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ ജീവിതം നിലനിര്‍ത്താനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുമായി പോരാട്ടത്തിന്റെ പാതയിലാണ്. ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെതിരായി വിശാലമായ പ്രസ്ഥാനംതന്നെ രൂപപ്പെടുന്നു. തൊഴില്‍ നിയമങ്ങള്‍ക്കെതിരെ എല്ലാ കേന്ദ്ര ട്രേഡ് യൂനിയനുകളും പോരാട്ട രംഗത്തിറങ്ങി. സ്വകാര്യവത്കരണത്തിലേക്ക് നയിക്കുന്ന കല്‍ക്കരി ബില്ലിനെതിരെ കല്‍ക്കരിത്തൊഴിലാളികള്‍ രണ്ട് ദിവസം പണിമുടക്ക് നടത്തി.
വിദേശനിക്ഷേപം വര്‍ധിപ്പിച്ച നടപടിക്കെതിരെ ഇന്‍ഷ്വറന്‍സ് ജീവനക്കാരും പണിമുടക്കി. കേരളത്തില്‍ കയര്‍ത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും കൃഷിക്കാരും മറ്റും അവരുടെ ആവശ്യമുയര്‍ത്തി സമരത്തിലാണ്. കൃഷിക്കാര്‍ അവരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കാത്തതിന്റെയും കാര്‍ഷികച്ചെലവ് ക്രമാതീതമായി വര്‍ധിച്ചതിന്റെയും പൊതുനിക്ഷേപം കുറഞ്ഞതിന്റെയും ഫലമായി ദുരിതത്തിലാണ്. കര്‍ഷക തൊഴിലാളികള്‍ക്കും ഗ്രാമീണ ദരിദ്രര്‍ക്കും തൊഴിലവസരങ്ങള്‍ കുറയുകയാണ്. തൊഴില്‍ നിയമങ്ങളില്‍ മാറ്റം വരുത്താനുള്ള സര്‍ക്കാര്‍ നിര്‍ദേശം അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണമാണെന്നും കാരാട്ട് പറഞ്ഞു.

Latest