Connect with us

National

ലോകത്തെ സ്വാധീനമുള്ള വ്യക്തികളില്‍ മോദിയും കെജ്‌രിവാളും

Published

|

Last Updated

ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും സ്വധീനമുള്ള നൂറ് വ്യക്തികളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഇടം നേടി. ടൈം മാഗസിന്‍ തങ്ങളുടെ വായനക്കാര്‍ക്കിടയില്‍ രാഷ്ട്രീയം, മതം, വിനോദം, ബിസിനസ്, സാങ്കേതികവിദ്യ, ശാസ്ത്രം തുടങ്ങിയ മേഖയില്‍ ഓണ്‍ലൈന്‍ വഴി നടത്തിയ സര്‍വേയിലാണ് ഇന്ത്യയില്‍ നിന്ന് മോദിയും കെജ്‌രിവാളും ഇടം നേടിയത്.
0.6 ശതമാനം വോട്ടുകളാണ് നരേന്ദ്ര മോദി സ്വന്തമാക്കിയത്. ഇതില്‍ 34 ശതമാനം വോട്ടര്‍മാര്‍ മാത്രമാണ് മോദിയെ ഇഷ്ടപ്പെടുന്നതായി കാണിച്ച് വോട്ട് രേഖപ്പെടുത്തിയത്. 66 ശതമാനത്തോളം മോദിയെ എതിര്‍ത്തു വോട്ട് ചെയ്തു. ജനകീയ നേതാവ്, ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിന് ഊര്‍ജം നല്‍കി, സാമ്പത്തിക നയം നവീകരിക്കുന്നതിന് നേതൃത്വം നല്‍കി, അമേരിക്കയുമായി നല്ല ബന്ധം സ്ഥാപിച്ചു തുടങ്ങിയവയാണ് മോദിയെ തിരഞ്ഞെടുക്കുന്നതിന് കാരണമായതെന്ന് ടൈംസ് വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം കെജ്‌രിവാളിന് 0.5 ശതമാനം വോട്ടുകളാണ് ലഭിച്ചത്. 71 ശതമാനം വോട്ടര്‍മാരും അദ്ദേഹത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തരുതെന്നാണ് പ്രതികരിച്ചത്. ഡല്‍ഹി മുഖ്യമന്ത്രി, ദേശീയ പാര്‍ട്ടികളെ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയത് തുടങ്ങിയ പരിഗണനകളാണ് കെജ്‌രിവാളിന് തുണയായത്. റഷ്യന്‍ പ്രസിഡന്റ് വഌദമിര്‍ പുടിനാണ് പട്ടികയില്‍ ഒന്നാമതെത്തിയത്. ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ ആദ്യ ഘട്ടത്തില്‍ പട്ടികയില്‍ ഇടം നേടിയെങ്കിലും അവസാന നിമിഷം പുറത്തായി. യു എസിന്റെ മുന്‍ വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റണ്‍, ദലൈലാമ, ഹാരിപോര്‍ട്ടര്‍ നടി എമാ വാസ്റ്റണ്‍, മലാലാ യുസുഫ് സായി, ഫ്രാന്‍സിസ് പോപ്പ്, യു എസ് പ്രസിഡന്റ് ബരാക് ഒബാമ, ഭാര്യ മിഷേല്‍ ഒബാമ, ഫേസ്ബുക്ക് സി ഇ ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ആപ്പിള്‍ സി ഇ ഒ ടിം കുക്ക്, ചൈനീസ് പ്രസിഡന്റ് സി ജിന്‍ പിംഗ് തുടങ്ങിയവരാണ് പട്ടികയില്‍ ഇടം നേടിയ മറ്റു പ്രമുഖര്‍.

Latest