Connect with us

Gulf

സിവയുടെ 800 കോടി ദിര്‍ഹം കടം ശൈഖ് സുല്‍ത്താന്‍ ഏറ്റെടുത്തു

Published

|

Last Updated

ഷാര്‍ജ: ഷാര്‍ജ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി (സിവ)യുടെ 800 കോടി ദിര്‍ഹം വരുന്ന പഴയ കടബാധ്യത സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഏറ്റെടുത്തു.
ഷാര്‍ജ കണ്‍സല്‍ട്ടിംഗ് കൗണ്‍സിലിന്റെ കഴിഞ്ഞയാഴ്ച ചേര്‍ന്ന യോഗത്തില്‍ സിവ ചെയര്‍മാന്‍ എഞ്ചി. ഡോ. റാശിദ് അല്‍ ലീം ആണ് അതോറിറ്റിയുടെ കടബാധ്യതകള്‍ ഷാര്‍ജ ഭരണാധികാരി ഏറ്റെടുത്തതായി പ്രഖ്യാപിച്ചത്. അടുത്ത 30 കൊല്ലത്തേക്കാവശ്യമായിവരുന്ന ഭൂഗര്‍ഭ വിഭവങ്ങള്‍ ഷാര്‍ജക്കുണ്ടെന്ന് അല്‍ ലീം വ്യക്തമാക്കി.
നിലവില്‍ ദിനം പ്രതി ഷാര്‍ജയില്‍ 10 കോടി ഗ്യാലന്‍ വെള്ളം ഉല്‍പാദിപ്പിക്കുന്നുണ്ട്. അബുദാബി വാട്ടര്‍ കമ്പനിയുമായി സഹകരിച്ചാണ് ഉല്‍പാദനം. ഇതില്‍ ഒരു ദിവസത്തേക്കാവശ്യമുള്ളത് ഒരുകോടി ഗ്യാലന്‍ മാത്രമാണ്. സുലാല്‍ കുടിവെള്ള ഫാക്ടറിയില്‍ ഉല്‍പാദിപ്പിക്കുന്ന അളവ് മതി ഷാര്‍ജയിലെ നിലവിലെ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍, അല്‍ ലീം അറിയിച്ചു.
എമിറേറ്റിന്റെ കിഴക്കന്‍ മേഖലയിലെ ജലക്ഷാമം പരിഹരിക്കാന്‍ അബുദാബി വാട്ടര്‍ ആന്‍ഡ് ഇലക്ട്രിസിറ്റി അതോറിറ്റിയുമായി പ്രദേശത്തെ ബന്ധിപ്പിച്ചിട്ടുണ്ട്. ഇതടിസ്ഥാനത്തില്‍ പ്രത്യേക പൈപ്പ് സംവിധാനത്തിലൂടെ പ്രദേശത്തേക്ക് വെള്ളമെത്തിക്കാന്‍ കഴിയുന്നുണ്ടെന്നും അല്‍ ലീം. അബുദാബിയില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതി വിഹിതം ദിവസത്തില്‍ 700 മെഗാവാട്ടാണ്. ഷാര്‍ജക്ക് ഒരു ദിവസത്തേക്ക് ആവശ്യമായ വൈദ്യുതിയുടെ മൂന്നിലൊന്ന് മാത്രമാണിത്.
അടുത്ത ജൂണ്‍ ആദ്യത്തോടെ ഷാര്‍ജ സജ വ്യവസായ മേഖലയിലെ നാല് കിലോമീറ്റര്‍ പ്രദേശത്ത് സൗരോര്‍ജം കൊണ്ടുള്ള വിളക്കുകള്‍ കത്തിത്തുടങ്ങുമെന്ന് അല്‍ ലീം പറഞ്ഞു. അതിനിടെ ഹംരിയ്യ, എയര്‍പോര്‍ട്ട് ഫ്രീസോണുകളില്‍ നിലവിലുള്ള സിവ മീറ്ററുകള്‍ മാറ്റി പകരം സ്മാര്‍ട് മീറ്ററുകള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ തുടങ്ങിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് വെള്ളവും വൈദ്യുതിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഉറപ്പുവരുത്താന്‍ ഹുല്‍വാന്‍ പ്രദേശത്ത് തുറന്ന സേവന കേന്ദ്രം 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.