ഖലീഫ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ കനിവില്‍ ഗസ്സയില്‍ 400 യുവതീ യുവാക്കള്‍ക്ക് മംഗല്യം

Posted on: April 13, 2015 6:41 pm | Last updated: April 13, 2015 at 6:41 pm
SHARE

samooha vivahamഅബുദാബി: ജൂത കുടിയേറ്റത്തിന്റെയും ക്രൂരതകളുടെയും നേര്‍സാക്ഷ്യമായ ഗസ്സയില്‍ ഫലസ്തീനികളായ 400 യുവതീയുവാക്കള്‍ക്ക് സമൂഹ മിന്നുകെട്ട്.

യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, അബുദാബി കിരീടാവകാശിയും സായുധ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എന്നിവരുടെ നിര്‍ദേശ പ്രകാരം ഖലീഫ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷനാണ് പ്രദേശത്തെ ഏറ്റവും വലിയ സമൂഹ വിവാഹത്തിന് നേതൃത്വം നല്‍കിയത്.
‘ഗസ്സ സന്തോഷിക്കുന്നു’ എന്ന സന്ദേശത്തോടെയാണ് സമൂഹ വിവാഹം. ഗസ്സ നഗരത്തിന്റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതിചെയ്യുന്ന അല്‍ ശാലീഹാതില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലായിരുന്നു ചടങ്ങുകള്‍ നടന്നത്. വിവാഹിതരാകുന്ന 400 ദമ്പതികളുടെ കുടുംബങ്ങളുള്‍പെടെ ആയിരക്കണക്കിനാളുകളാണ് ചടങ്ങിനെ അനുഗ്രഹിക്കാനെത്തിയത്. ചടങ്ങ് അക്ഷരാര്‍ഥത്തില്‍ ഗസ്സയുടെ തന്നെ ഉല്‍സവമായി മാറിയതായി യു എ ഇ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ടു ചെയ്തു.
ദുരിത പര്‍വങ്ങളിലൂടെ കടന്നുപോകുന്ന ഫലസ്തീന്‍ ജനതക്ക് ആശ്വാസമേകാനുള്ള ഖലീഫ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ പദ്ധതികളുടെ ഭാഗമായാണ് സമൂഹ വിവാഹം സംഘടിപ്പിച്ചതെന്ന് ഫൗണ്ടേഷന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. യു എ ഇ ഭരണാധികാരികളുടെ മനുഷ്യത്വ സമീപനത്തിന്റെ ഉദാഹരണം കൂടിയാണ് ഈ വിവാഹ മേള. ഗസ്സ ആസ്ഥാനമായുള്ള ഫലസ്തീന്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റേറിയന്‍ കമ്യൂണിക്കേഷന്‍ ആണ് ചടങ്ങുകള്‍ നിയന്ത്രിച്ചത്.
ഇത്ര വലിയ സഹായം നല്‍കിയ യു എ ഇ ഭരണാധികാരികളോട് ഫലസ്തീന്‍ ജനത എന്നും കടപ്പെട്ടവരാണെന്നും ദുരിതങ്ങള്‍ക്കിടയില്‍ അവര്‍ക്ക് സന്തോഷിക്കാനും ആഘോഷിക്കാനും അവസരമൊരുക്കിയ ഖലീഫ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന് ഫലസ്തീന്‍ ജനതയുടെ അകമഴിഞ്ഞ പ്രാര്‍ഥനയും നന്ദിയുമുണ്ടെന്നും വിവാഹിതരായ ദമ്പതികള്‍ പറഞ്ഞു.