Connect with us

International

ഹൂത്തി ആക്രമണത്തില്‍ മൂന്ന് സഊദി ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

സന്‍ആ: സഊദി അതിര്‍ത്തി പോസ്റ്റ് ലക്ഷ്യമാക്കി യെമനിലെ ഹൂതി വിമതര്‍ നടത്തിയ മോര്‍ട്ടാര്‍ ആക്രമണത്തില്‍ മൂന്ന് സഊദി ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും മറ്റ് രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി സഊദി ആഭ്യന്തര മന്ത്രാലയം. സഊദി അതിര്‍ത്തിയിലെ പ്രവിശ്യയായ നജ്‌റാനില്‍ കഴിഞ്ഞ ദിവസമാണ് സംഭവമെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മോര്‍ട്ടാര്‍ ആക്രമണത്തിനെതിരെ സഊദി സേന വെടിയുതിര്‍ത്തതായും പ്രസ്താവനയില്‍ പറഞ്ഞു. ഹൂതി വിമതര്‍ക്കെതിരെ കഴിഞ്ഞ മാസം തുടങ്ങിയ ആക്രമണത്തില്‍ അതിര്‍ത്തിയിലുള്‍പ്പെടെ 500 ഹൂതി പോരാളികള്‍ കൊല്ലപ്പെട്ടതായും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഈ മാസം ആദ്യം ഹൂതികളുമായുള്ള വ്യത്യസ്ത പോരാട്ടത്തില്‍ മൂന്ന് സഊദി അതിര്‍ത്തി സംരക്ഷണ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. സഊദി അതിര്‍ത്തിയില്‍ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടത് യമനില്‍ നടത്തുന്ന വ്യോമ ആക്രമണത്തില്‍ അനന്തര ഫലമുണ്ടാക്കിയിട്ടുണ്ട്. ഹൂതികള്‍ക്ക് അതിര്‍ത്തിയിലെത്തി സഊദി സേനയുമായി ഏറ്റുമുട്ടാനുള്ള കഴിവ് നേടിയെന്നതാണ് ഇത് സ്ഥിരീകരിക്കുന്നത്. തങ്ങളുടെ സൈനികര്‍ക്ക് അപായമുണ്ടാകരുതെന്നതിനാലാണ് സഊദി യമനില്‍ കരയാക്രമണത്തിന് മടിക്കുന്നത്. അതേസമയം തായിസ് നഗരത്തില്‍ സൈനിക ക്യാമ്പ് ലക്ഷ്യം വെച്ച് സഊദിയുടെ നേത്യത്വത്തിലുള്ള സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ എട്ട് സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായി യമനിലെ മെഡിക്കല്‍ വൃത്തങ്ങള്‍ പറഞ്ഞു. നേരത്തെ ഹൂതികളും പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിയുടെ വിശ്വസ്തരായ പോരാളികളും തമ്മില്‍ നടന്ന പോരാട്ടത്തില്‍ നിരവധി തീവ്രവാദികളും സിവിലിയന്‍മാരും കൊല്ലപ്പെട്ടിരുന്നു.