Connect with us

Malappuram

ചെങ്കല്‍പ്പാറയില്‍ കരവിരുതിന്റെ ചാരുത

Published

|

Last Updated

അരീക്കോട്: പുരയിടത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ചെങ്കല്‍പ്പാറയുടെ ഭീകരരൂപത്തിന് ഒരു മാറ്റംവരുത്തണമെന്ന് പദ്ധതിയിട്ടപ്പോള്‍ അതിത്ര മനോഹരവും ജനശ്രദ്ധയാകര്‍ഷിക്കുന്നതുമാകുമെന്ന് യൂസഫ് പോലും കരുതിയിരുന്നില്ല. ഊര്‍ങ്ങാട്ടീരി തച്ചണ്ണ നടുത്തിച്ചാല്‍ യൂസഫിന്റെ കരവിരുതില്‍ ഭീമാകാരമായ പാറകള്‍ ഗുഹയായും കിടപ്പുമുറികളായും രൂപാന്തരം പ്രാപിച്ചിരിക്കുന്നു.

ജലസംഭരണിയും തീന്‍മേശയും രാജകീയ പ്രൗഢിയുള്ള ഇരിപ്പിടങ്ങളും ഉള്‍പ്പെടെ പഴയ പ്രതാപത്തിന്റെ പുനഃസൃഷ്ടിപ്പ് കാണാന്‍ നൂറ് കണക്കിന് ആളുകളാണ് ദിനേന വന്നു കൊണ്ടിരിക്കുന്നത്. ഇരുപതോളം കൗതുകങ്ങള്‍ക്ക് ഇതിനകം യൂസുഫ് രൂപം നല്‍കിക്കഴിഞ്ഞു.
അരീക്കോട് സൗത്ത് പുത്തലം കിളിക്കല്ലില്‍ ഏലിയാപറമ്പ് റോഡിന് സമീപം കൂറ്റന്‍ ചെങ്കല്‍ പാറകള്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ആറര ഏക്കര്‍ സ്ഥലത്താണ് യൂസുഫ് പൗരാണികതയുടെ പുനരാവിഷ്‌കാരം നടത്തിയിരിക്കുന്നത്. 1992 ലാണ് ഈ സ്ഥലം യൂസുഫ് വാങ്ങിയത്. ഇവിടെ വീട് വെക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതില്‍ പിന്നെയാണ് ഭീമാകരങ്ങളായ ചെങ്കല്‍ പാറകള്‍ ഇടിച്ചു നിരത്തി സ്ഥലം സൗകര്യപ്പെടുത്തുന്ന പതിവ് രീതി വേണ്ടെന്ന് വെച്ച് പ്രകൃതിയുടെ തനിമ നിലനിര്‍ത്തി എങ്ങനെ വീടു വെക്കാമെന്ന ചിന്തയാണ് പുരയിടം ഒരു മിനി ടൂറിസ്റ്റ് കേന്ദ്രത്തിന് സമാനമായി മാറാന്‍ ഇടയാക്കിയത്.
ഇവയിലേറ്റവും കൗതുകം നിറഞ്ഞതും യൂസുഫിന് ഏറെ ഏകാഗ്രതയും സന്തോഷവും നല്‍കുന്നത് പാറ തുരന്ന് നിര്‍മിച്ച ഗുഹയാണ്. നാലഞ്ച് പേര്‍ക്ക് പേര്‍ക്ക് വിശ്രമിക്കാന്‍ ഇതിനകത്ത് സൗകര്യമുണ്ട്. എയര്‍കണ്ടീഷന്‍ ചെയ്ത ആധുനിക കിടപ്പു മുറിയിലേതിന് തുല്യമായ തണുപ്പ് ഗുഹക്കകത്ത് അനുഭവിക്കാന്‍ കഴിയുന്നുണ്ട്. ജലാംശം സംഭരിച്ചു വെക്കാനുള്ള ചെങ്കല്‍പ്പാറകളുടെ കഴിവാണ് ഇതിന് കാരണം. ഒരു സ്‌ക്വയര്‍മീറ്റര്‍ ചെങ്കല്‍ പാറയില്‍ 250 ലിറ്റര്‍ വെള്ളം സംഭരിച്ചു വെക്കാന്‍ കഴിയുമെന്നാണ് കണക്ക്.
1983 ല്‍ ജോലിക്കായി സഊദി അറേബ്യയില്‍ എത്തിയപ്പോള്‍ ഹിറാ ഗുഹയും ഗാര്‍സൗറും നേരില്‍ കണ്ടതു മുതല്‍ തന്നെ ഇത്തരത്തിലൊന്ന് ഉണ്ടാക്കണമെന്ന ചിന്തയും മനസ്സില്‍ ഇടം നേടിയെന്ന് യൂസുഫ് പറയുന്നു. 10 പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ പാകത്തില്‍ വൃത്താകൃതിയില്‍ തീന്‍മേശയും അറേമ്പ്യന്‍ ശൈലിയിലുള്ള അടുപ്പും നാലഞ്ച് പേര്‍ക്ക് ഒരുമിച്ച് നിസ്‌കരിക്കാനുള്ള സൗകര്യവുമെല്ലാം കല്ലില്‍ തന്നെ കൊത്തിയെടുത്തിട്ടുണ്ട്. 2000 ലിറ്റര്‍ വെള്ളം ശേഖരിക്കാവുന്ന വാട്ടര്‍ടാങ്കിന് ഒരു കപ്പലിന്റെ രൂപമാണ് നല്‍കിയിരിക്കുന്നത്. ഏഴടിയോളം ഉയരമുള്ള ഒറ്റകല്ലിലാണ് ടാങ്ക് രൂപപ്പെടുത്തിയിരിക്കുന്നത്.
സുഹൃത്തും കല്‍പ്പണിക്കാരനായ മൂര്‍ക്കനാട് സ്വദേശി ശിവനും യൂസുഫും യന്ത്ര സഹായങ്ങളില്ലാതെയാണ് കരവിരുതില്‍ ഈ കൗതുങ്ങളത്രയും രൂപപ്പെടുത്തിയിരിക്കുന്നത്. 50 പേര്‍ക്ക് ഇരിക്കാവുന്ന ടെന്നീസ് ഗ്യാലറിയുടെയും ഭൂഗോളത്തിന്റെ മാതൃകയുടെയും നിര്‍മാണം നടന്നു വരുന്നു. സര്‍ക്കാര്‍ സഹായം ലഭിക്കുകയാണെങ്കില്‍ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കി ഇവിടം മാറ്റുവാന്‍ യൂസുഫിന് ആഗ്രഹമുണ്ട്.