Connect with us

International

ലശ്കര്‍ കമാന്‍ഡര്‍ ലഖ്‌വി പുറത്തേക്ക്

Published

|

Last Updated

ലാഹോര്‍: 2008ലെ മുംബൈ ആക്രമണത്തിന്റെ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന ലശ്കര്‍ കമാന്‍ഡര്‍ സാകിയുര്‍റഹ്മാന്‍ ലഖ്‌വിയെ തടവില്‍ വെച്ച് കൊണ്ടുള്ള പഞ്ചാബ് സര്‍ക്കാറിന്റെ ഉത്തരവ് ലാഹോര്‍ ഹൈക്കോടതി റദ്ദാക്കി. ഇതോടെ ഇന്ത്യ- പാക് നയതന്ത്ര ബന്ധത്തില്‍ പുതിയ പ്രതിസന്ധിയായി ലഖ്‌വി ജയില്‍ മോചിതനാകും. ലഖ്‌വി പുറത്ത് വരുന്ന സ്ഥിതിയുണ്ടാകരുതെന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെട്ട് വരികയാണ്. പാക് കോടതികള്‍ ലഖ്‌വിയെ പുറത്ത് വിടാന്‍ ഉത്തരവിടുമ്പോഴെല്ലാം പുതിയ വകുപ്പുകള്‍ ചേര്‍ത്ത് ജയിയില്‍ അടക്കുകയാണ് പാക് സര്‍ക്കാര്‍ ചെയ്യുന്നത്. പൊതു സുരക്ഷക്ക് ഭീഷണിയാകുന്നവരെ തടങ്കലില്‍ വെക്കാനുള്ള അധികാരം ഉപയോഗിച്ചാണ് ഒടുവില്‍ ലഖ്‌വിയെ ആദിയാല ജയിലില്‍ അടച്ചത്. പക്ഷേ, ഇയാളെ ഉടന്‍ മോചിപ്പക്കണമെന്ന് കോടതി ഉത്തരവിട്ടിരിക്കുകയാണ്.
നിയമവിരുദ്ധമായാണ് ലഖ്‌വിയെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ലഖ്‌വിയുടെ കരുതല്‍ തടങ്കല്‍ നീട്ടിയ സര്‍ക്കാര്‍ ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹരജിയിലാണ് തീരുമാനം. പൊതു സുരക്ഷക്ക് ഭീഷണിയായ വ്യക്തിയാണ് ലഖ്‌വിയെന്ന് തെളിയിക്കുന്ന വസ്തുതകള്‍ ഉന്നയിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് സാധിച്ചിട്ടില്ലെന്ന് കേസില്‍ വാദം കേട്ട ജസ്റ്റിസ് മുഹമ്മദ് അന്‍വാറുല്‍ ഹഖ് ഉത്തരവില്‍ പറഞ്ഞു. 10 ലക്ഷം രൂപയുടെ രണ്ട് ബോണ്ടുകള്‍ സമര്‍പ്പിക്കാന്‍ കോടതി ലഖ്‌വിയോട് നിര്‍ദേശിച്ചു. സര്‍ക്കാറിന്റെ നിയമ ഉദ്യോഗസ്ഥര്‍ പരമാവധി തെളിവുകള്‍ ഹാജരാക്കിയിരുന്നുവെന്നും എന്നാല്‍ കോടതി അവ അംഗീകരിച്ചില്ലെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കഴിഞ്ഞ ഡിസംബറില്‍ ലഖ്‌വിക്ക് ജാമ്യം നല്‍കാന്‍ പാക്കിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ക്രമസമാധാന നില തകരുമെന്ന കാരണം ചൂണ്ടി സര്‍ക്കാര്‍ ലഖ്‌വിയെ തടങ്കലില്‍ പാര്‍പ്പിക്കാന്‍ ഉത്തരവിറക്കുകയായിരുന്നു.

Latest