Connect with us

Palakkad

നെല്ലിയാമ്പതി പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം

Published

|

Last Updated

നെല്ലിയാമ്പതി: ഗ്രാമപഞ്ചായത്തില്‍ വൈസ് പ്രസിഡന്റിനെതിരെയുള്ളഭരണകക്ഷിയുടെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. രണ്ട് സി പി എം. അംഗങ്ങള്‍ കൂറുമാറി വോട്ടുചെയ്തതിനെത്തുടര്‍ന്നാണിത്. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ രാമകൃഷ്ണനാണ് ആര്‍ എസ് പി അംഗമായ വൈസ് പ്രസിഡന്റ് ശാരദരാജനെതിരെ അവിശ്വാസപ്രമേയം അവതരിപ്പിച്ചത്.
13അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ സി പി എമ്മിന് എട്ട്, കോണ്‍ഗ്രസ് നാല്, ആര്‍ എസ് പി ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ആര്‍ എസ പി ലയനം നടന്നതോടെ ആര്‍ എസ് പി അംഗം യു ഡി എഫിനൊപ്പമായി. നേരത്തെ ആര്‍ എസ പി ക്കാണ് ഇടതുമുന്നണി വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കിയിരുന്നത്.
മുന്നണി മാറിയെങ്കിലും വൈസ് പ്രസിഡന്റ് സ്ഥാനം ആര്‍ എസ് പി അംഗമായ ശാരദാരാജന്‍ രാജിവെച്ചിരുന്നില്ല.— എട്ട് അംഗങ്ങളുള്ള സി പി എമ്മിലെ രണ്ടുപേര്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തതോടെ അനുകൂലിച്ച് ആറും എതിര്‍ത്ത് ഏഴും വോട്ടായി.
പന്ത്രണ്ടാം വാര്‍ഡംഗം ലതാമണി, ഒമ്പതാം വാര്‍ഡംഗം ഷീബ എന്നിവരാണ് ശാരദയ്ക്കനുകൂലമായി വോട്ട് ചെയ്തത്. പ്രസിഡന്റും വൈസ് പ്രസിഡന്റും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് പ്രതിസന്ധിക്കിടയാക്കിയത്. നെല്ലിയാമ്പതി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ “രണകക്ഷി അവതരിപ്പിച്ച അവിശ്വാസപ്രമേയത്തിന് എതിരെ വോട്ടുചെയ്ത സി പി എം അംഗങ്ങള്‍ക്കെതിരെ നടപടി വരും.—ഷീബ, ലതാമണി എന്നിവര്‍ക്കെതിരെയാണ് സി പി എം നടപടിക്കൊരുങ്ങുന്നത്.
പ്രമേയത്തെ എതിര്‍ത്ത സംഭവത്തെക്കുറിച്ച് അന്വേഷിച്ച് മേല്‍ക്കമ്മറ്റിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ചിത്തിരംപിള്ള പറഞ്ഞു.
അവിശ്വാസപ്രമേയാവതരണത്തിന് അനുമതി തേടിയുള്ള നോട്ടീസില്‍ രണ്ടുപേരും ഒപ്പിട്ടുണ്ടായിരുന്നുവെന്നും പറഞ്ഞു.—നെല്ലിയാമ്പതിയില്‍ ഇന്ന് കൂടുന്ന സി പി എം ലോക്കല്‍ കമ്മിറ്റി ഇതേക്കുറിച്ച് ചര്‍ച്ച നടത്തി നടപടിയുമായി മുന്നോട്ടുപോകുമെന്ന് ലോക്കല്‍ സെക്രട്ടറി ഫാറൂഖ് പറഞ്ഞു.
പാര്‍ട്ടിയില്‍ വിഭാഗീയതയൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.———

Latest