ലക്ഷദ്വീപ് ഉലമാ കോണ്‍ഫറന്‍സ് സമാപിച്ചു

Posted on: April 9, 2015 12:04 am | Last updated: April 9, 2015 at 12:04 am

കോഴിക്കോട്: ദ്വീപുകളിലെ ഇസ്‌ലാമിക പ്രവര്‍ത്തനത്തിന് കര്‍മ പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ട് ലക്ഷദ്വീപ് ഉലമാ കോണ്‍ഫറന്‍സ് സമാപിച്ചു. സംഘടനാ ശാക്തീകരണ രംഗത്തും വിദ്യാഭ്യാസ സാംസ്‌കാരിക പ്രബോധന മേഖലകളിലും വൈവിധ്യമാര്‍ന്ന പദ്ധതികള്‍ക്ക് സമ്മേളനം രൂപം നല്‍കി.
കാലത്ത് ജീഫ്‌രി തങ്ങളുടെയും അലാഉദ്ദീന്‍ ഹിംസി തങ്ങളുടെയും മഖ്ബറ സിയാറത്തോടെ ആരംഭിച്ച സമ്മേളനം സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. വി പി എം ഫൈസി വില്യാപ്പള്ളി, സയ്യിദ് സഹീര്‍ തങ്ങള്‍ ജീലാനി കവരത്തി, സയ്യിദ് എ ബി കോയ തങ്ങള്‍ മദനി, യൂസുഫ് സഖാഫി കടമത്ത്, ഹംസക്കോയ സഖാഫി കവരത്തി, അബൂബക്കര്‍ ബാഖവി ആന്ത്രോത്ത് പ്രസംഗിച്ചു. തസവ്വുഫിന്റെ മാര്‍ഗം വിഷയത്തില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം കുമരംപുത്തൂര്‍ എന്‍ അലി മുസ്‌ലിയാര്‍ ക്ലാസെടുത്തു. എസ് എസ് യൂസുഫ് കോയ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന രണ്ടാം സെഷനില്‍ പണ്ഡിത ധര്‍മം സമസ്ത സെക്രട്ടറി പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അവതരിപ്പിച്ചു. സംഘടന, സംഘാടനം കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി അവതരിപ്പിച്ചു. ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസല്‍ സമാപന സെഷന്‍ ഉദ്ഘാടനം ചെയ്തു.