ലൈറ്റ് മെട്രോ: സര്‍ക്കാറിന് താത്പര്യമില്ലെങ്കില്‍ ഓഫീസുകള്‍ പൂട്ടും- ഇ ശ്രീധരന്‍

Posted on: April 9, 2015 3:43 am | Last updated: April 8, 2015 at 11:44 pm
SHARE

sreedharanതിരുവനന്തപുരം: നിര്‍ദിഷ്ട ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് താത്പര്യമില്ലെങ്കില്‍ ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട്ടും തിരുവനന്തപുരത്തും പ്രവര്‍ത്തിക്കുന്ന ഡി എം ആര്‍ സിയുടെ ഓഫീസുകള്‍ അടച്ചുപൂട്ടുമെന്ന് ഡി എം ആര്‍ സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ മുന്നറിയിപ്പ് നല്‍കി. കേരള റാപ്പിഡ് ട്രാന്‍സിറ്റ് കോര്‍പറേഷന്‍ എം ഡി ശൈഖ് പരീതിന് അയച്ച കത്തിലാണ് ശ്രീധരന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ലൈറ്റ് മെട്രോയുടെ വിശദ പദ്ധതി രേഖ സമര്‍പ്പിച്ച് ആറ് മാസം പിന്നിട്ടിട്ടും പ്രതികരിക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ കടുത്ത പ്രതിഷേധമാണ് ശ്രീധരന്‍ കത്തില്‍ പ്രകടിപ്പിച്ചിരിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച മോണോ റെയില്‍ പദ്ധതി ഉപേക്ഷിച്ചതിനെത്തുടര്‍ന്നാണ് കോഴിക്കോടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാന്‍ തീരുമാനമെടുത്തത്. മോണോ റെയില്‍ പദ്ധതിയില്‍ നിന്ന് പിന്മാറിയതിന് തൊട്ടു പിന്നാലെ ലൈറ്റ് മെട്രോയുമായി ബന്ധപ്പെട്ടുള്ള വിശദ പദ്ധതി രേഖ കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ പത്തിനാണ് ഡി എം ആര്‍ സി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നത്. എന്നാല്‍, ഇതുവരെ സര്‍ക്കാര്‍ തുടര്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ഇതെ തുടര്‍ന്നാണ് ശ്രീധരന്‍ സര്‍ക്കാറിന് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ തീരുമാനം അനുകൂലമല്ലെങ്കില്‍ ലൈറ്റ് മെട്രോ പദ്ധതിക്കായി തിരുവനന്തപുരത്തും കോഴിക്കോട്ടും തുറന്ന് പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ ആഗ്രഹിക്കുന്നതായും കത്തിലുണ്ട്.
ഡി എം ആര്‍ സിയെയാണ് നിര്‍മാണച്ചുമതല ഏല്‍പ്പിക്കുന്നതെങ്കില്‍ കരാര്‍ ഒപ്പിടണം. സംസ്ഥാന സര്‍ക്കാര്‍ വിഹിതം കൃത്യമായി നീക്കിവെക്കണം. എങ്കില്‍ മാത്രമേ കേന്ദ്രസഹായം ലഭ്യമാകൂ എന്നും കത്തില്‍ പറയുന്നു.