Connect with us

National

ആന്ധ്രാ 'ഏറ്റുമുട്ടല്‍': പോലീസ് വാദം പൊളിയുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ 20 പേര്‍ കൊല്ലപ്പെട്ട സംഭവം ഏറ്റുമുട്ടലാണെന്ന പോലീസ് വാദം പൊളിയുന്നു. പോലീസ് ഭാഷ്യത്തിന് കടകവിരുദ്ധമായി വെടിവെപ്പില്‍ നിന്ന് രക്ഷപ്പെട്ടയാളുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നു. സംഭവത്തിന് ഒരു ദിവസം മുമ്പ്, കൊല്ലപ്പെട്ട 20 പേരില്‍ ഏഴ് പേര്‍ ഒരു ബസില്‍ നിന്ന് പിടികൂടിയവരാണെന്നാണ് വെളിപ്പെടുത്തല്‍. രക്ഷപ്പെട്ടയാള്‍ രക്തചന്ദനക്കള്ളക്കടത്തുകാര്‍ കൂലിക്ക് വിളിച്ച എട്ട് പേരില്‍ ഒരാളായിരുന്നുവെന്ന് ചിറ്റൂരിലെ സര്‍ക്കാര്‍ മോര്‍ച്ചറിയിലെത്തിയ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലെ അര്‍ജുനപുരം സ്വദേശിയായ ഇയാളുടെ പേര് പുറത്ത് വിട്ടിട്ടില്ല. തമിഴ്‌നാട്- ആന്ധ്രാ അതിര്‍ത്തിയിലെ നാഗരിയില്‍ ബസില്‍ നടത്തിയ റെയ്ഡില്‍ കസ്റ്റഡിയിലെടുത്തവരാണ് ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നതെന്നും ഇവര്‍ വെളിപ്പെടുത്തി. തിങ്കളാഴ്ച ഉച്ചക്ക് ശേഷം തിരുവന്മലിയില്‍ നിന്ന് ചിറ്റൂരിലേക്കുള്ള ബസ് തടഞ്ഞുനിര്‍ത്തി എട്ട് പേരില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബസില്‍ മറ്റൊരു സീറ്റിലിരുന്നതിനാല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തില്ലെന്ന് കൊല്ലപ്പെട്ടയാളുടെ ബന്ധുവായ രാജബാബു പറഞ്ഞു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ മുഖേനെയാണ് രക്ഷപ്പെട്ടയാളുമായി ബന്ധപ്പെട്ടതെന്നും രഹസ്യ സങ്കേതത്തില്‍ കഴിയുന്ന ഇദ്ദേഹത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷനു മുമ്പില്‍ ഹാജരാക്കുമെന്നും ആന്ധ്രാപ്രദേശ് സിവില്‍ ലിബര്‍ട്ടീസ് കമ്മിറ്റി അംഗം ക്രാന്തി ചൈതന്യ പറഞ്ഞു.
വെളിപ്പെടുത്തല്‍ ശരിയെന്ന് തെളിഞ്ഞാല്‍ ആന്ധ്രാപ്രദേശ് പോലീസില്‍ അത് വന്‍ പൊട്ടിത്തെറിക്ക് കാരണമാകും. 100 ഓളം ചന്ദനകൊള്ളക്കാര്‍ ആക്രമിച്ചപ്പോള്‍ സ്വയം പ്രതിരോധത്തിന് വേണ്ടി വെടിവെക്കുകയായിരുന്നുവെന്നാണ് പോലീസ് വെളിപ്പെടുത്തിയിരുന്നത്.
കൊല്ലപ്പെട്ടവരുടെ മുഖത്തും തലയിലും വെടിയുണ്ടയേറ്റ പാടുകള്‍ ഉണ്ടെന്നും അടുത്തുനിന്നാണ് വെടിയേറ്റതെന്നാണ് ഇത് തെളിയിക്കുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാറിനോട് വിശദീകരണം തേടിയിരുന്നു. യുക്തമായ അന്വേഷണം വേണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ ആവശ്യപ്പെട്ടു.
പാവപ്പെട്ട മരം വെട്ടുകാരെ കൂട്ടക്കുരുതി ചെയ്യുകയായിരുന്നുവെന്ന് സംഭവത്തെ തമിഴ്‌നാട് വിലയിരുത്തി. സംഭവത്തെ കുറിച്ച് മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ഉത്തരവിട്ടിട്ടുണ്ട്. അതേസമയം തമിഴ്‌നാട്ടില്‍ പ്രതിഷേധം തുടരുകയാണ്. ആന്ധ്രാപ്രദേശിന്റെ നിരവധി ബസുകള്‍ക്ക് നേരെ തമിഴ്‌നാട്ടില്‍ കല്ലേറുണ്ടായി. തിരുവന്‍മല, വെല്ലൂര്‍, സേലം തുടങ്ങിയ സ്ഥലങ്ങളില്‍ ആന്ധ്രാക്കാരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയ ഏതാനും പേരെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വെടിവെപ്പില്‍ കൊല്ലപ്പെട്ട 20 പേരുടെ കുടുംബത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഡി എം കെ, എം ഡി എം കെ, പി എം കെ പാര്‍ട്ടികള്‍ വെടിവെപ്പിനെ അപലപിച്ചു.

---- facebook comment plugin here -----

Latest