Connect with us

Kerala

ഹര്‍ത്താല്‍: വടക്ക് പൂര്‍ണം, തെക്ക് ഭാഗികം

Published

|

Last Updated

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ഇടതുപക്ഷ കര്‍ഷക സംഘടനകളുടെയും മോട്ടോര്‍, മത്സ്യത്തൊഴിലാളി സംയുക്ത സമരസമിതികളുടെയും നേതൃത്വത്തില്‍ സംസ്ഥാനത്ത് നടന്ന ഹര്‍ത്താല്‍ വടക്കന്‍ ജില്ലകളില്‍ പൂര്‍ണം. അതേസമയം, തെക്കന്‍ ജില്ലകളില്‍ ഹര്‍ത്താല്‍ ഭാഗികമായിരുന്നു.
വടക്കന്‍ ജില്ലകളില്‍ പെതുവെ കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. ഓട്ടോ, ടാക്‌സി തുടങ്ങിയ വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. കെ എസ് ആര്‍ ടി സി തൊഴിലാളികള്‍ പണിമുടക്കിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ബസുകള്‍ മിക്കവയും പണിമുടക്കി. അപൂര്‍വ്വം സ്വകാര്യ വാഹനങ്ങള്‍ സര്‍വീസ് നടത്തി.അതേസമയം, തെക്കന്‍ ജില്ലകളില്‍ സിറ്റി സര്‍വീസുകള്‍ ഉള്‍പ്പെടെ പലയിടങ്ങളിലും കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തി. പാല്‍, പത്രം, ആശുപത്രി എന്നിവയെ ഹര്‍ത്താല്‍ ബാധിച്ചില്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില പെതുവെ കുറവായിരുന്നു. ദൂരെ സ്ഥലങ്ങളില്‍ നിന്നുമെത്തുന്ന ജീവനക്കാര്‍ ബഹുഭുരിപക്ഷവും ഇന്നലെ ജോലിക്കെത്തിയില്ല.ബേങ്കുകള്‍ തുറന്നുപ്രവര്‍ത്തിച്ചു. തീരദേശ ഹര്‍ത്താലില്‍ തൊഴിലാളികള്‍ മത്സ്യ ബന്ധനത്തിനറങ്ങിയില്ല. തുറമുഖങ്ങളും മത്സ്യ മാര്‍ക്കറ്റുകളും സംസ്‌കരണ ശാലകളുമെല്ലാം അടഞ്ഞുകിടന്നു. റബ്ബര്‍ കര്‍ഷകരുടെ പണിമുടക്കും പൂര്‍ണമായിരുന്നു. ഹര്‍ത്താല്‍ അനുകൂലികള്‍ ജില്ലാ കേന്ദ്രങ്ങളിലേക്കും തലസ്ഥാനത്ത് സെക്രട്ടറിയേറ്റിലേക്കും മാര്‍ച്ച് നടത്തി. സെക്രട്ടറിയേറ്റ് മാര്‍ച്ച് സി പി എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ഹര്‍ത്താലില്‍ ചില ഒറ്റപ്പെട്ട അക്രമ സംഭവങ്ങളും അരങ്ങേറി. അന്യസംസ്ഥാന സര്‍വീസുകളെ അതിരാവിലെ പ്രവര്‍ത്തകര്‍ അതിര്‍ത്തിയില്‍ തടഞ്ഞു. തൃശൂര്‍ വടക്കാഞ്ചേരിയില്‍ തുറന്നിരുന്ന കട ഹര്‍ത്താല്‍ അനുകൂലികള്‍ തല്ലിതകര്‍ത്തു. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. കൊല്ലം ജില്ലയിലെ നീണ്ടകരയിലും പള്ളിമുക്കിലും വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. നീണ്ടകരയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ലോറി അടിച്ചുതകര്‍ത്തു. പള്ളിമുക്കില്‍ കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസിന് നേരെ കല്ലേറുണ്ടായി. എറണാകുളം സൗത്ത് റയില്‍വെ സ്‌റ്റേഷനിലെത്തിയ സി പി എം എം എല്‍ എ പ്രദീപ് കുമാര്‍ ടാക്‌സി വാഹനത്തില്‍ പോവുന്നത് ശരിയാണോയെന്നു ചോദിച്ച സേ നൊ ടു ഹര്‍ത്താല്‍ പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു. രാജു പി നായര്‍ക്കാണ് മര്‍ദനമറ്റത്. ഹര്‍ത്താല്‍ പ്രമാണിച്ച് കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. റോഡില്‍ കുടുങ്ങിയവരെ സഹായിക്കാനും പോലീസ് രംഗത്തെത്തി.