വിഴിഞ്ഞം: എണ്ണക്കമ്പനികള്‍ക്ക് നൂറ് ഏക്കര്‍ ഭൂമി നല്‍കും

Posted on: April 8, 2015 5:19 am | Last updated: April 8, 2015 at 12:20 am
SHARE

തിരുവനന്തപുരം: വിഴിഞ്ഞത്ത് പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്കായി നൂറ് ഏക്കര്‍ ഭൂമി ഏറ്റെടുത്ത് നല്‍കുമെന്ന് മന്ത്രി കെ ബാബു. വിഴിഞ്ഞം തുറമുഖ വികസനത്തോടനുബന്ധിച്ച് പൊതുമേഖലാ എണ്ണക്കമ്പനി പ്രതിനിധികളുമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രാരംഭ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
എണ്ണക്കമ്പനികള്‍ക്ക് പതിനഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിന് സ്ഥലം ഏറ്റെടുത്ത് കൊടുക്കും. തുറമുഖ ടെര്‍മിനലിനുള്ളിലെ ബങ്കര്‍ നിര്‍മാണത്തിന് പത്ത് ഏക്കര്‍ സ്ഥലവും ഏറ്റെടുത്ത് നല്‍കും. ഇവക്കുള്ള ചെലവ് എണ്ണക്കമ്പനികള്‍ വഹിക്കും. കൊച്ചി റിഫൈനറിയില്‍ നിന്ന് റോഡ് മാര്‍ഗം നാനൂറോളം ഓയില്‍ ട്രക്കുകളാണ് പ്രതിദിനം തെക്കന്‍ ജില്ലകളിലേക്ക് വരുന്നത്. വിഴിഞ്ഞത്ത് ഓയില്‍ ടെര്‍മിനല്‍ വരുന്നതോടെ റോഡിലെ തിരക്ക് ഒഴിവാക്കാനാകും.
നിലവില്‍ ബങ്കറിംഗ് ബിസിനസ് കൊളംബോയിലാണ് ഉള്ളത്. വിഴിഞ്ഞത്ത് ഇത് യാഥാര്‍ഥ്യമാകുന്നതോടെ വരുമാനം വര്‍ധിക്കുകയും വിദേശ കറന്‍സി വിനിമയം വര്‍ധിക്കുകയും ചെയ്യും. ബി പി സി എല്‍, ഐ ഒ സി, എച്ച് പി എന്നീ പൊതുമേഖലാ സ്ഥാപനങ്ങള്‍ സംയുക്തമായാണ് വിഴിഞ്ഞത്ത് പദ്ധതി നടപ്പാക്കുന്നത്. റെയില്‍ വികാസ് നിഗം ലിമിറ്റഡാണ് തുറമുഖത്ത് റെയില്‍വേ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വേ നടത്തുന്നത്. ഏകദേശം ഇരുപത് കിലോമീറ്റര്‍ നീളത്തില്‍ റെയില്‍പ്പാത നിര്‍മിക്കുന്നുണ്ട്.
കേന്ദ്ര പദ്ധതിയായ സാഗര്‍മാല പദ്ധതി പ്രകാരം പൊന്നാനി, അഴീക്കല്‍, കൊല്ലം തുറമുഖങ്ങളിലേക്ക് റെയില്‍പാത നിര്‍മിക്കുന്നതിന് നിര്‍ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്, പെട്രോളിയം കമ്പനികളിലെ ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.