ഇനി ഐ പി എല്‍

Posted on: April 7, 2015 2:58 pm | Last updated: April 7, 2015 at 2:58 pm

pepsi-ipl-2015കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ രാവുത്സവങ്ങള്‍ ആരംഭിക്കുകയായി….ഐ പി എല്ലിന്റെ എട്ടാമത് എഡിഷന് ഇന്ന് ഔദ്യോഗിക ഉദ്ഘാടനം. മത്സരങ്ങള്‍ നാളെ മുതല്‍. 47 ദിവസം നീണ്ടു നില്‍ക്കുന്ന ക്രിക്കറ്റ് മഹാമഹത്തിന്റെ ഉദ്ഘാടന വേദിയില്‍ ബോളിവുഡ് താരങ്ങളുടെ നൃത്ത-സംഗീത വിരുന്ന് അരങ്ങേറും. ഹൃത്വിക് റോഷന്‍, ഷാഹിദ് കപൂര്‍, അനുഷ്‌ക ശര്‍മ എന്നീ ബോളിവുഡ് സൂപ്പര്‍ താരങ്ങള്‍ കണ്ണഞ്ചിപ്പിക്കുന്ന വിസ്മയങ്ങള്‍ തീര്‍ക്കും.
നാളെ ഈഡന്‍ഗാര്‍ഡനില്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള പോരാട്ടത്തോടെ ടൂര്‍ണമെന്റിന് തുടക്കമാകും.
ലോക ക്രിക്കറ്റിലെ ഏറ്റവും മൂല്യമേറിയ താരങ്ങളുടെ സാന്നിധ്യമാണ് ഐ പി എല്ലിനെ വ്യത്യസ്തമാക്കുന്നത്. അഗ്രസീവ് ഓപണര്‍മാരായ ആസ്‌ത്രേലിയയുടെ ഡേവിഡ് വാര്‍ണറും ഇന്ത്യയുടെ ശിഖര്‍ ധവാനും സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനായി ഇന്നിംഗ്‌സ് ആരംഭിക്കുന്നത് കാണാനുള്ള ഭാഗ്യം ക്രിക്കറ്റ് പ്രേമികള്‍ക്കുണ്ടാകും.
ദേശീയ ടീമിലേക്ക് തിരിച്ചെത്താനുള്ള പിടിവള്ളിയാണ് ഐ പി എല്‍. വെറ്ററന്‍സായ വിരേന്ദര്‍ സെവാഗ്, യുവരാജ് സിംഗ്, സഹീര്‍ഖാന്‍ എന്നിവര്‍ ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്താനാഗ്രഹിക്കുന്നു.
ലോകകപ്പിനുള്ള ടീമിലേക്ക് പരിഗണിച്ചില്ലെങ്കിലും യുവരാജ് സിംഗിന് ഐ പി എല്ലിലെ മൂല്യം ഏറുകയാണുണ്ടായത്. ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് പതിനാറ് കോടിക്കാണ് യുവിയെ സ്വന്തം പാളയത്തിലെത്തിച്ചത്. രഞ്ജി ട്രോഫിയില്‍ തുടരെ മൂന്ന് സെഞ്ച്വറികള്‍ നേടിയതാണ് യുവരാജിനെ ടീമിലെത്തിക്കാന്‍ ഡല്‍ഹി ഫ്രാഞ്ചൈസിയെ പ്രേരിപ്പിച്ചത്. കഴിഞ്ഞ രണ്ട് സീസണിലും ഏറ്റവും പിറകിലായ ഡല്‍ഹി യുവരാജിന്റെ ആള്‍ റൗണ്ട് മികവിലൂടെ നില മെച്ചപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. മുപ്പത്താറുകാരനായ പേസര്‍ സഹീര്‍ഖാനിലും ഡല്‍ഹി പ്രതീക്ഷയര്‍പ്പിച്ചു. സഹീറിന്റെ പേസ് മികവ് തിരിച്ചുവരുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഡല്‍ഹി. സഹീറിനൊപ്പം പന്തെടുക്കുന്നത് മുഹമ്മദ് ഷമിയാണ്. ദക്ഷിണാഫ്രിക്കയുടെ ജെ പി ഡുമിനിയാണ് ടീം ക്യാപ്റ്റന്‍. ശ്രീലങ്കന്‍ ആള്‍ റൗണ്ടര്‍ ഏഞ്ചലോ മാത്യൂസിന്റെ സാന്നിധ്യവും ഡല്‍ഹിയുടെ കരുത്ത് വര്‍ധിപ്പിക്കുന്നു. എന്നാല്‍, ഒമ്പതിന് ചെന്നൈയില്‍ നടക്കുന്ന മത്സരത്തില്‍ ശ്രീലങ്കന്‍ താരം കളിക്കുന്നില്ല. ശ്രീലങ്കക്കാര്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കിനെ തുടര്‍ന്നാണിത്. 2012 സീസണില്‍ പ്ലേ ഓഫില്‍ പുറത്തായ ഡല്‍ഹി 2008,2009 ല്‍ അവസാന നാലില്‍ ഇടം പിടിച്ചിരുന്നു.
കടലാസിലെ കരുത്തില്‍ ഒട്ടും മോശമില്ല ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്. 2009, 2011 ടൂര്‍ണമെന്റില്‍ ഫൈനലിസ്റ്റായിരുന്നു. ക്രിസ് ഗെയില്‍, എ ബി ഡിവില്ലേഴ്‌സ്, വിരാട് കോഹ്‌ലി എന്നിങ്ങനെ വെടിക്കെട്ട് ബാറ്റിംഗ് ലൈനപ്പാണ് ബംഗ്ലൂരിന്റെത്. ബാറ്റിംഗ് നിരയുടെ ആഴം വര്‍ധിപ്പിക്കാനാകണം പത്തരക്കോടിക്ക് ദിനേശ് കാര്‍ത്തിക്കിനെയും ബാംഗ്ലൂര്‍ ടീമിലെത്തിച്ചത്.
2010, 2011 ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തന്നെയാണ് ഇത്തവണയും വലിയ സാധ്യത.