അജ്മാനില്‍ വ്യാപാര സ്ഥാപനങ്ങളില്‍ നിരീക്ഷണ കാമറകള്‍ നിര്‍ബന്ധം

Posted on: April 6, 2015 6:12 pm | Last updated: April 6, 2015 at 6:12 pm
SHARE

cameraഅജ്മാന്‍: നഗര സുരക്ഷയുടെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണമെന്ന നിയമം പ്രാബല്യത്തില്‍ വരുത്തിയതായി അധികൃതര്‍ വ്യക്തമാക്കി. ബേങ്കുകള്‍, എക്‌സ്‌ചേഞ്ചുകള്‍, മറ്റു പണമിടപാടു സ്ഥാപനങ്ങള്‍, ജ്വല്ലറികള്‍, വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്ന വെയര്‍ഹൗസുകള്‍, ഷോപ്പിംഗ് സെന്ററുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കാണ് ഒന്നാം ഘട്ടമായി നിയമം നിര്‍ബന്ധമാക്കിയത്. അപകടകരമായ വസ്തുക്കള്‍ നിര്‍മിക്കുന്ന ഫാക്ടറികളും ഇതില്‍പെടും.
അജ്മാന്‍ പോലീസ് മേധാവി മേജര്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സ്ഥാപനങ്ങളില്‍ സ്ഥാപിക്കുന്ന കാമറകള്‍ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ ഓപറേഷന്‍ സെന്ററുമായി ബന്ധപ്പെടുത്തുകയും വേണം. സ്ഥാപനങ്ങളുടെ സുരക്ഷയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പോലീസ് മേധാവി വ്യക്തമാക്കി.
നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിലൂടെ പോലീസിന്റെ 24 മണിക്കൂറും തുടരുന്ന നിരീക്ഷണം സ്ഥാപനങ്ങള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തും. കാമറ സ്ഥാപിച്ച് പോലീസ് ഓപറേഷന്‍ സെന്ററുമായി ബന്ധപ്പെടുത്തുന്നതിന് സ്ഥാപന ഉടമകള്‍ പ്രത്യേക ഫീസ് അടക്കേണ്ടതുണ്ടെന്ന് പോലീസ് മേധാവി അറിയിച്ചു. കാമറകളുടെ വ്യാപ്തിയും എണ്ണവും സ്ഥാപനങ്ങളുടെ സ്വഭാവവുമനുസരിച്ച് 2,000 മുതല്‍ 20,000 ദിര്‍ഹം വരെയാണ് ഫീസ് ഈടാക്കുക.
‘അജ്മാന്‍, ദാറുല്‍ അമാന്‍’ (അജ്മാന്‍ നിര്‍ഭയ സ്ഥാനം) എന്ന നഗരസുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് തീരുമാനം. പദ്ധതിയുടെ ഭാഗമായി 200 മുതല്‍ 250 വരെ എണ്ണം അത്യാധുനിക നിരീക്ഷണ കാമറകള്‍ നഗരത്തിലെ വിവിധ ഭാഗങ്ങളിലെനിരത്തുകളില്‍ സ്ഥാപിക്കാന്‍ പദ്ധതിയുള്ളതായും പോലീസ് മേധാവി വെളിപ്പെടുത്തി. ബദ്ധപ്പെട്ട സ്ഥാപനങ്ങളുമായി ഇക്കാര്യത്തില്‍ ധാരണയായിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ നഗരത്തിലെ തന്ത്ര പ്രധാനമായ പോലീസ് സ്റ്റേഷന്റെ പരിസരത്ത് കാമറ സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്.
ഇതിനും പുറമെ നഗരത്തിലെ നിരത്തുകളില്‍ നടക്കുന്ന ട്രാഫിക് നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ സ്മാര്‍ട് കാമറകള്‍ സ്ഥാപിക്കാനും പോലീസിന് പദ്ധതിയുണ്ടെന്ന് മേധാവി വ്യക്തമാക്കി. ഇത്തരം അത്യാധുനിക കാമറകളും റഡാറുകളും കൈകാര്യം ചെയ്യാന്‍ അജ്മാന്‍ പോലീസ് തങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം തന്നെ ലഭ്യമാക്കിയിട്ടുണ്ട്. ദുബൈ, അബുദാബി, ഷാര്‍ജ പോലീസില്‍ നിന്നുള്ളതിനു പുറമെ റഷ്യയില്‍ നിന്നുമാണ് ഉദ്യോഗസ്ഥര്‍ പരിശീലനം പൂര്‍ത്തിയാക്കിയത്, പോലീസ് മേധാവി വെളിപ്പെടുത്തി.
പുതിയ കാമറ നിരീക്ഷണത്തിലൂടെ നഗരത്തിലെ മോഷണമുള്‍പെടെയുള്ള കുറ്റകൃത്യങ്ങളും ട്രാഫിക് നിയമ ലംഘനങ്ങളും ഗണ്യമായി കുറച്ചുകൊണ്ടുവരാന്‍ സാധിക്കുമെന്ന് പോലീസ് മേധാവി പ്രത്യാശ പ്രകടിപ്പിച്ചു.