നാടിനായി സമൂഹ മനഃസാക്ഷി ഉണരണം: കെ ഇ ഇസ്മാഈല്‍

Posted on: April 6, 2015 10:43 am | Last updated: April 6, 2015 at 10:43 am

നാദാപുരം: മനുഷ്യ സ്‌നേഹത്തിലധിഷ്ഠിതമായ രാഷ്ട്രീയം നാട്ടില്‍ വളര്‍ന്നു വരണമെന്ന് സി പി ഐ ദേശീയ എക്‌സി. അംഗം കെ ഇ ഇസ്മാഈല്‍ പറഞ്ഞു. മതങ്ങളും രാഷ്ടീയ പാര്‍ട്ടികളും മാനവികതയാണ് ഉദ്‌ഘോഷിക്കുന്നത്. എന്നാല്‍ സമൂഹത്തിലെ വിധ്വംസക ശക്തികള്‍ ജനങ്ങളുടെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. നന്മ• നിറഞ്ഞ നാദാപുരത്തിനായി ഒരുമയോടെ കൈകോര്‍ക്കുക എന്ന മുദ്രാവാക്യവുമായി എ ഐ വൈ എഫ് തൂണേരിയില്‍ സംഘടിപ്പിച്ച സ്‌നേഹ ശൃംഖല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൂണേരിയില്‍ നിരപരാധിയായ യുവാവ് കൊല്ലപ്പെട്ടതിന് പിന്നാലെ കൊള്ളയും കൊള്ളിവെപ്പും നടന്നത് ഭരണകൂടം നിഷ്‌ക്രിയമായതിന്റെ തെളിവാണ്. ഇത് അപമാനകരമാണ്. സംഭവം മുതലെടുപ്പിനും തീആളി കത്തിക്കാനും ഒരു സംഘം ശ്രമിച്ചു. എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് അധ്യക്ഷത വഹിച്ചു. ബിനോയ് വിശ്വം, ടി വി ബാലന്‍, ഇ കെ വിജയന്‍ എം എല്‍ എ, ഇ എം സതീശന്‍, അഡ്വ. പിവസന്തം, ടി കെ രാജന്‍, രജീന്ദ്രന്‍ കപ്പള്ളി, എം സി നാരായണന്‍ നമ്പ്യാര്‍, അജയ് ആവള, സി ബിന്ദുശ്രീജിത്ത് കൈവേലി, സുധന്‍ പ്രസംഗിച്ചു.