Connect with us

Kerala

മാമ്പഴം എത്തുന്നത് കൊടുംവിഷം നിറച്ച്

Published

|

Last Updated

കണ്ണൂര്‍: ഉത്പാദനത്തില്‍ സംസ്ഥാനത്തുണ്ടായ ഇത്തവണത്തെ കുറവ് കണക്കിലെടുത്ത് തമിഴ്‌നാട്ടില്‍ നിന്ന് വന്‍തോതില്‍ മാങ്ങ ഇറക്കുമതി ചെയ്യുന്നു. ഇറക്കുമതി ചെയ്യുന്ന ലോഡുകണക്കിന് പച്ചമാങ്ങ മാരക രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ചാണ് വിപണിയില്‍ എത്തുന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന കാത്സ്യം കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിക്കുന്ന ലക്ഷക്കണക്കിന് മാങ്ങകളാണ് കണ്ണൂരില്‍ നിന്നടക്കം കഴിഞ്ഞ ദിവസങ്ങളില്‍ പിടികൂടിയത്. വിഷം ചേര്‍ത്ത് വില്‍ക്കുന്ന മാങ്ങകള്‍ പിടികൂടി നശിപ്പിക്കാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ഭാഗത്ത് നിന്ന് കാര്യമായ നടപടിയുണ്ടാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

കഴിഞ്ഞ വര്‍ഷം എഴുപത് ശതമാനമുണ്ടായിരുന്ന സംസ്ഥാനത്തെ മാങ്ങ ഉത്പാദനം ഇക്കുറി ഇരുപത്തഞ്ച് ശതമാനമായി ചുരുങ്ങിയതാണ് ഇറക്കുമതി കൂടാന്‍ കാരണമായത്. പ്രതിവര്‍ഷം സംസ്ഥാനത്തിനകത്തും പുറത്തുമായി കയറ്റുമതിയിലൂടെ കോടികളുടെ വരുമാനമാണ് മാങ്ങ ഉത്പാദന മേഖലയില്‍ നിന്നുണ്ടാകാറുള്ളത്.

എന്നാല്‍, ഇക്കുറിയത് കുത്തനെ കുറഞ്ഞു. ഈയൊരു സാഹചര്യം മുതലെടുത്ത് അന്യസംസ്ഥാന ലോബി വന്‍ തോതിലാണ് മാങ്ങ ഇറക്കുമതിക്ക് ശ്രമം തുടങ്ങിയത്. സംസ്ഥാനത്തെ മാമ്പഴ വിപണി ലക്ഷ്യമിട്ട് ഇവിടെയെത്തിക്കുന്ന പച്ചമാങ്ങ ഇവിടെ വെച്ചും കൊണ്ടുവരുന്ന സ്ഥലത്തു വെച്ചും രാസവസ്തുക്കള്‍ ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത്. കേരളത്തിലെ മാമ്പഴ സീസണ്‍ അവസാനിക്കുന്നത് ആന്ദ്ര, മുതലമട, തമിഴ്‌നാട് മാങ്ങകള്‍ കൊണ്ടാണ്. മഞ്ഞനിറത്തിലുള്ള തെങ്ങനപള്ളി, ചുവപ്പുനിറത്തിലുള്ള സോപ, നീലം, ആപോസ് എന്ന അല്‍ഫോണ്‍സ എന്നിവയാണ് സീസണ്‍ അവസാനിപ്പിക്കാനെത്തുന്ന മറുനാടന്‍ മാങ്ങള്‍. നീലം തമിഴ്‌നാടിന്റെ സ്വന്തം മാങ്ങയാണ്. ഇവ ഏപ്രില്‍ അവസാനമാണ് കൂടുതല്‍ വരുന്നത്.

പാലക്കാട്ട് നിന്നും തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്നും കേരളത്തിലെത്തിക്കുന്ന പച്ചമാങ്ങകള്‍ പഴുപ്പിക്കുന്നതിനായി നൂറിലധികം ഗോഡൗണുകള്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇറക്കുമതി ചെയ്യുന്ന മാങ്ങകള്‍ക്ക് പുറമെ വീട്ടുപറമ്പില്‍ നിന്ന് പറിച്ചെടുക്കുന്ന മാങ്ങകളും ഇത്തരം രാസവസ്തുക്കള്‍ ചേര്‍ത്ത് വില്‍പ്പന നടത്തുന്ന പ്രവണത കണ്ടുവരുന്നുണ്ട്. കണ്ണൂരില്‍ നിന്ന് വിവിധയിടങ്ങളില്‍ നിന്നായി ഇത്തരത്തില്‍ ലക്ഷക്കണക്കിന് മാങ്ങകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പിടിച്ചെടുത്ത് നശിപ്പിച്ചത്.

കേരളത്തില്‍ പലയിടങ്ങളിലും ഇത്തരത്തില്‍ കൃത്രിമമായി മാങ്ങ പഴുപ്പിക്കുന്നതിനുള്ള സംവിധാനമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും നടപടിയെടുക്കാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗം മടിക്കുകയാണ്.

മാങ്ങകള്‍ വിപണിക്ക് വേണ്ടി “പഴുക്കുന്നത്” ഇങ്ങനെ

ഗ്യാസ് വെല്‍ഡിംഗിന് ഉപയോഗിക്കുന്ന കാര്‍ബൈഡ് പൊടിയും ഇത്തഡോണ്‍ എന്ന രാസവസ്തുവുമാണ് മാങ്ങ പഴുപ്പിക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്നത്. വേഗത്തില്‍ പഴുപ്പിക്കാന്‍ വേണ്ടി ഇത്തഡോണ്‍, എത്തിഫോണ്‍ എന്നീ പേരുകളില്‍ വിപണിയില്‍ ലഭ്യമാകുന്ന രാസപദാര്‍ഥം പച്ചമാങ്ങയില്‍ സ്‌പ്രേ ചെയ്യുകയാണത്രെ.

പുതിയ രീതിയില്‍ മാങ്ങ പഴുപ്പിച്ചെടുക്കാന്‍ നാല് മണിക്കൂര്‍ മതിയാകും. തമിഴ്‌നാട്ടില്‍ നിന്ന് വൈകിട്ടെത്തുന്ന മാങ്ങ രാവിലെ വില്‍പ്പനക്കെത്തും. പച്ചമാങ്ങ അടുക്കിവെക്കുന്ന പെട്ടിക്കുള്ളില്‍ കാര്‍ബൈഡ് പൊടി വിതറി വെള്ളം തളിച്ചശേഷം അടച്ചുകെട്ടുന്നു. കാര്‍ബൈഡും വെള്ളവും രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും അസെറ്റിലിന്‍ വാതകവും പലതരം ഓക്‌സൈഡുകളും രൂപം കൊള്ളുകയും ചെയ്യുന്നു. കടുത്ത ചൂടോടെ ഓക്‌സൈഡുകള്‍ പച്ചമാങ്ങയില്‍ പ്രവേശിക്കുന്നതോടെയാണ് മാങ്ങ പഴുക്കുന്നത്. പത്ത് മണിക്കൂറുകൊണ്ട് പച്ചമാങ്ങകളെ ഈ വിധം പഴുപ്പിച്ചെടുക്കാനാകും.

മാമ്പഴത്തിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന കാര്‍ബൈഡ് മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും രക്തചംക്രമണത്തെയും ഇത് കാര്യമായി ബാധിക്കും.
മാമ്പഴത്തിലൂടെ ഉള്ളില്‍ ചെല്ലുന്ന കാര്‍ബൈഡ് വയറ്റില്‍ പഴുപ്പുണ്ടാക്കാനുള്ള സാധ്യത ഏറെയാണ്. ആന്തരിക രക്തസ്രാവത്തിനും കടുത്ത രക്തസമ്മര്‍ദത്തിനും ഇത് കാരണമാകുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. കൃത്രിമമായി പഴുപ്പിക്കുമ്പോഴുണ്ടാകുന്ന രാസപദാര്‍ഥങ്ങള്‍ നാഡീസംബന്ധമായ മാരകരോഗങ്ങളും സൃഷ്ടിക്കുന്നു. കുട്ടികളെയാണിത് വേഗത്തില്‍ ബാധിക്കുന്നത്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി