ഇറാന്‍ അമേരിക്ക സമവായം യു എ ഇ കമ്പോളങ്ങള്‍ക്ക് ഗുണം ചെയ്യും

Posted on: April 4, 2015 8:00 pm | Last updated: April 4, 2015 at 8:20 pm

ദുബൈ: ആണവ സമ്പുഷ്ടീകരണ പ്രശ്‌നത്തില്‍ അമേരിക്കയുമായി ഇറാന്‍ സമവായത്തില്‍ എത്തിയത് യു എ ഇ ഇറാന്‍ വാണിജ്യ ബന്ധം മെച്ചപ്പെടാന്‍ സഹായകരമാകുമെന്ന് വിലയിരുത്തല്‍. ഐക്യ രാഷ്ട്ര സഭയുടെ ഉപരോധമുള്ളതിനാല്‍ യു എ ഇയില്‍ നിന്ന് ഉല്‍പന്നങ്ങള്‍ ഇറാനിലേക്ക് പോകുന്നില്ല. ഇത് യു എ ഇയിലെ കമ്പോളങ്ങള്‍ക്ക് ക്ഷീണം വരുത്തിവച്ചിട്ടുണ്ട്.
മാത്രമല്ല ഇറാനിലെ ബേങ്കുകളുമായി സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നുമില്ല. ഇതിന് ഉടന്‍ തന്നെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. യു എ ഇയിലെ ബേങ്കുകള്‍ ഇറാനിലേക്കും തിരിച്ചും പണമയക്കുന്നതില്‍ ഇളവ് വന്നേക്കും. ഇത് കൂടുതല്‍ വ്യാപാര സാധ്യതക്ക് വഴി തെളിക്കും. ദുബൈയിലെ മുര്‍ശിദ് ബസാറടക്കം നിരവധി സ്ഥലങ്ങളില്‍ ഇറാനികള്‍ക്ക് വാണിജ്യ സ്ഥാപനങ്ങള്‍ ഉണ്ട്.
ഉരുവിലും മറ്റും ദുബൈയില്‍ നിന്ന് ധാരാളം ഉല്‍പന്നങ്ങള്‍ ഇറാനിലേക്ക് പോകാറുണ്ടായിരുന്നു. ഉപരോധം ഇതിനെ ബാധിച്ചിരിക്കുകയാണ്. ഇറാന്റെ കറന്‍സി മൂല്യം മെച്ചപ്പെടാനും അമേരിക്കയുമായുള്ള ധാരണ വഴിവെക്കുമെന്നാണ് കരുതുന്നത്.