Connect with us

Idukki

ജലപാതം പിന്‍വാങ്ങി: ചീയപ്പാറയില്‍ ആളൊഴിഞ്ഞു

Published

|

Last Updated

ഇടുക്കി: കൊടും വേനലില്‍ ജലപാതം അപ്രത്യക്ഷമായതോടെ ചീയപ്പാറ ആറ് മാസത്തേക്ക് ടൂറിസം മാപ്പില്‍ നിന്ന് പുറത്തായി. ഇനി ചീയപ്പാറ വിനോദസഞ്ചാര കേന്ദ്രമായി മാറാന്‍ കാലവര്‍ഷം കനിയണം. കഴിഞ്ഞ ആറ് മാസം ആള്‍ തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രം ഇനി ആളൊഴിഞ്ഞ പൂരപ്പറമ്പു പോലെ വിജനം. ഇതാണ് കൊച്ചി- ധനുഷ്‌ക്കോടി ദേശീയ പാതയില്‍ അടിമാലി- മൂന്നാര്‍ റൂട്ടിലെ ചീയപ്പാറ. മനോഹരമായ വെളളച്ചാട്ടമാണ് ചീയപ്പാറയിലെ ആകര്‍ഷണം. പടിക്കപ്പ് മേഖലയില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളം ഏഴ് തട്ടുകളായി പതിക്കുന്നത് ദേശീയപാതയില്‍. മൂന്നാറിന് പോകുന്ന സഞ്ചാരികളില്‍ ഏറെയും ഇവിടെ അല്‍പ്പ സമയം ചെലവഴിച്ചു തുടങ്ങിയതോടെയാണ് ചീയപ്പാറ ടൂറിസം മാപ്പിലേക്ക് കയറിയത്. മഴക്കാലമായാല്‍ രാപകല്‍ ഭേദമില്ലാതെ സഞ്ചാരികളുടെയും വ്യാപാരികളുടെയും തിരക്കാണ്. പലപ്പോഴും ഗതാഗതം നിയന്ത്രിക്കാന്‍ പോലീസിന്റെ സഹായം പോലും വേണ്ടിവരുന്നു. സഞ്ചാരികള്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കുവാന്‍ കാത്ത് നില്‍ക്കും.
സഞ്ചാരികളുടെ ചിത്രം പകര്‍ത്തി നല്‍കുവാന്‍ കാമറക്കാരുടെ തിരക്ക്. താതത്കാലിക ഷെഡുകളിലെ കടകളില്‍ നിന്നു തിരിയാന്‍ പോലും ഇടമുണ്ടാകില്ല. ജൂണ്‍ പകുതി മുതല്‍ ജനുവരി ആദ്യം വരെ ഇതു തുടരും. അപ്പോഴേക്കും ജലപാതം പിന്‍വാങ്ങും. അതോടെ ഈ സൗഭാഗ്യങ്ങളൊക്കെ ഇല്ലാതാകും. പിന്നീട് ഇവിടം സഞ്ചാരികള്‍ക്ക് അന്യമാണ്. കച്ചവടക്കാര്‍ വ്യാപാരം അവസാനിപ്പിച്ച് ഇവിടം വിടും. രാത്രികാലങ്ങളില്‍ ഇവിടം കടന്ന് പോകുവാന്‍ പോലും ഭയപ്പെടുത്തുന്ന അവസ്ഥ. വര്‍ഷത്തില്‍ മുഴുവന്‍ സമയവും ഇവിടെ വെള്ളച്ചാട്ടം ഉണ്ടാകുന്നതിനുള്ള പദ്ധതികള്‍ ആലോചിച്ചിരുന്നതാണ്. പക്ഷെ അതെല്ലാം ചുവപ്പുനാടയിലായി. ചീയപ്പാറ കാത്തിരിക്കുകയാണ്. കാലവര്‍ഷത്തിലെ മഴമേഘങ്ങളെ.

 

Latest