Connect with us

Gulf

അധ്യയന വര്‍ഷാരംഭത്തിലെ കണ്ണുനീര്‍

Published

|

Last Updated

ഗള്‍ഫില്‍, ഒരു അധ്യയന വര്‍ഷം കൂടി ആരംഭിച്ചിരിക്കുകയാണ്. നാട്ടില്‍ ജൂണിലാണ് ക്ലാസുകള്‍ തുടങ്ങുന്നത്, ഇപ്പോള്‍ വേനലവധി. ഇവിടെ രണ്ടര മാസം കഴിഞ്ഞാണ് വേനലവധി. കുട്ടികള്‍ക്ക് പുസ്തകങ്ങളും വസ്ത്രങ്ങളും വാങ്ങിയ വകയിലും ഫീസ് അടച്ച വകയിലും രക്ഷിതാക്കള്‍ക്ക് വലിയ തുക ചെലവായി. ഇനി കുട്ടികളെയും കൂട്ടി നാട്ടിലേക്ക് പോകണമെങ്കില്‍ അതിലും വലിയ ചെലവുണ്ട്.
ഗള്‍ഫില്‍ കുടുംബമായി കഴിയുന്ന വിദേശികള്‍ വരുമാനത്തിന്റെ മുക്കാല്‍ പങ്കും വാടകക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമാണ് ചെലവു ചെയ്യുന്നത്. ശരാശരി 5,000 ദിര്‍ഹം പ്രതിമാസ വരുമാനമുള്ളവര്‍ക്കു പോലും ഇവിടെ കുടുംബം പുലര്‍ത്താന്‍ മുണ്ടു മുറുക്കിയുടുക്കേണ്ടിവരുന്നു. ശരാശരി താമസവാടക 2,500 ദിര്‍ഹം, ഒരു കുട്ടിയുടെ വിദ്യാഭ്യാസച്ചെലവ് കുറഞ്ഞത് ആയിരം ദിര്‍ഹം, ഭക്ഷണത്തിനും മറ്റും 1,500 ദിര്‍ഹം. കഷ്ടിച്ച് ജീവിച്ചുപോകാം. പല സന്ദര്‍ഭങ്ങളിലും മിക്കവര്‍ക്കും കടം വാങ്ങേണ്ടിവരുന്നു.
ഇന്ത്യക്കാരില്‍ ഇടത്തരക്കാരുടെ ദയനീയാവസ്ഥ പൊതു സമൂഹമോ വിദ്യാലയ നടത്തിപ്പുകാരോ മനസിലാക്കുന്നില്ല. ഫീസ് വര്‍ധിപ്പിക്കാന്‍ മിക്ക വിദ്യാലയങ്ങളും ശ്രമിക്കുന്നു. (അതേ സമയം, അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും തുച്ഛ ശമ്പളവുമാണ്). അധികൃതരുടെ കര്‍ശന നിയന്ത്രണമുള്ളത് കൊണ്ടാണ് അമിത ഫീസ് ഈടാക്കാതിരിക്കുന്നത്.
മിക്ക നഗരങ്ങളിലും ഇന്ത്യന്‍ ജനസാന്ദ്രതക്കനുസൃതമായി വിദ്യാലയങ്ങളില്ലായെന്നത് മറ്റൊരു പ്രശ്‌നം. ഫീസ് എത്രയായാലും വേണ്ടില്ല, പ്രവേശനം ലഭിച്ചാല്‍ മതിയെന്നാകും പലരുടെയും ചിന്ത. ഇതൊന്നും താങ്ങാന്‍ കഴിയാത്തവര്‍ കുടുംബത്തെ നാട്ടിലേക്കയക്കുന്നു. കുടുംബത്തെ പിരിഞ്ഞിരിക്കാന്‍ കഴിയാത്തവര്‍, നാട്ടിലേക്ക് മടങ്ങുന്നു.
പഠന സാമഗ്രികള്‍ക്ക് വില വര്‍ധിച്ചിട്ടുണ്ട്. ബേഗ്, നോട്ട് ബുക്കുകള്‍ എന്നിവക്ക് പത്തുശതമാനം വര്‍ധിച്ചിട്ടുണ്ട്. ഇതിനിടയില്‍ ചില വിദ്യാലയങ്ങള്‍ അനിവാര്യമല്ലാത്ത സാമഗ്രികള്‍ വാങ്ങാന്‍ പ്രേരിപ്പിക്കും. നാടോടുമ്പോള്‍ നടുവെ ഓടണമെല്ലോയെന്നു കരുതി വാങ്ങിക്കൊടുക്കാന്‍ രക്ഷിതാക്കള്‍ പ്രേരിതരാകും. ഇക്കാലത്ത് കുട്ടികളെക്കാള്‍ ഗൃഹപാഠം നടത്തേണ്ടത് രക്ഷിതാക്കള്‍.
വിദ്യാലയങ്ങളില്‍ നിന്ന് അയക്കുന്ന സര്‍ക്കുലര്‍ യഥാസമയം കൈപ്പറ്റിയില്ലെങ്കിലും പ്രയാസത്തിലാകും. കുട്ടി തുടര്‍ന്നു പഠിക്കുന്നുണ്ടോയെന്ന് അധ്യയന വര്‍ഷത്തിന്റെ അവസാനം വിദ്യാലയം സര്‍ക്കുലര്‍ അയക്കും. തുടര്‍ന്നു പഠിക്കുമെന്ന് രക്ഷിതാവ് ഒപ്പിട്ടു നല്‍കണം. കുടുംബം ഇടക്ക് നാട്ടിലേക്ക് പോയി തിരിച്ചുവരാന്‍ അല്‍പം വൈകുകയോ മറ്റോ ചെയ്താല്‍ തുടര്‍ ക്ലാസിലെ സീറ്റ് നഷ്ടപ്പെട്ടതു തന്നെ.
അടുത്ത അധ്യയന വര്‍ഷത്തെ രജിസ്‌ട്രേഷന്‍ ഫീസ് മുന്‍കൂര്‍ ഈടാക്കുന്ന വിദ്യാലയങ്ങളാണ് ഏറെയും. ചില വിദ്യാലയങ്ങള്‍ ഈ ഇനത്തില്‍ 500 ദിര്‍ഹം വരെ ഈടാക്കും.
സര്‍ക്കുലര്‍ ഒപ്പിടാത്ത, രജിസ്‌ട്രേഷന്‍ ഫീസ് അടക്കാത്ത ചില രക്ഷിതാക്കള്‍ നെട്ടോട്ടത്തിലാണ്. കുട്ടികളെ ക്ലാസില്‍ കയറ്റുന്നില്ല. പുസ്തകം, യൂണിഫോം എന്നിവക്ക് ശരാശരി 1,000 ദിര്‍ഹം ചെലവാകും. നിശ്ചിത മാസവരുമാനക്കാരുടെ അധിക ബാധ്യതയാണിത്. ഉയര്‍ന്ന ക്ലാസില്‍ പഠിക്കുന്ന കുട്ടികളുണ്ടെങ്കില്‍ അപ്രതീക്ഷിത ചെലവുകള്‍ വേറെ. കോളേജെല്ലാം കുന്നിന്‍മേല്‍, കുട്ടികളെല്ലാം കൂനിന്‍മേല്‍ എന്ന് കുഞ്ഞുണ്ണിമാഷ് പാടിയത് എത്ര ശരി.

Latest