അണ്ടര്‍ 23 ഏഷ്യന്‍ ഫുട്‌ബോള്‍ യോഗ്യത: ഇറാഖിനെ സമനിലയില്‍ തളച്ച് ഒമാന്‍

Posted on: April 2, 2015 6:15 pm | Last updated: April 2, 2015 at 6:15 pm

dtl_31_3_2015_20_1_57മസ്‌കത്ത്: അണ്ടര്‍ 23 ഏഷ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലേക്കുള്ള യോഗ്യത മത്സരത്തില്‍ ഒമാന് സമനില. സുല്‍ത്താന്‍ ഖാബൂസ് സ്‌പോര്‍ട്‌സ് കോപ്ലക്‌സില്‍ നടന്ന മത്സരത്തില്‍ ഇറാഖിനെതിരെയാണ് രണ്ട് ഗോളുകളുടെ സമനില വഴങ്ങിയത്. അടുത്ത വര്‍ഷം ഖത്തറില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിലേക്ക് നേരിട്ടുള്ള യോഗ്യത ലഭിക്കണമെങ്കില്‍ ഇറാഖിനെതിരെ മികച്ച വിജയം നേടണമെന്നിരിക്കെയാണ് അവസാന അങ്കത്തില്‍ ആതിഥേയരായ ഒമാന്‍ കളത്തിലിറങ്ങിയത്.
എന്നാല്‍ തുടക്കം മുതല്‍ കൈവിട്ടുപോയ മത്സരം അവസാന മിനുട്ടിലാണ് ഒമാന്‍ താരങ്ങള്‍ പിടിച്ചെടുത്തത്. അഞ്ച് ടീമുകളുള്ള യോഗ്യത മത്സരത്തില്‍ ഒമാന് രണ്ടാം സ്ഥാനത്തില്‍ തൃപ്തരായി മടങ്ങേണ്ടി വന്നു. നാല് കളിയില്‍ രണ്ട് വിജയവും രണ്ട് സമനിലയുമായി ഒമാന് എട്ട് പോയന്റാണ് ലഭിച്ചത്. മൂന്ന് വിജയവും ഒരു സമനിലയുമായി 10 പോയന്റോടെ ഇറാഖ് കിരീടത്തോടെ എ എഫ് സിയിലേക്ക് യോഗ്യത നേടി.
മൂന്നാം മിനുട്ടിലും 47ാം മിനുട്ടിലും ഒമാനെതിരെ ഇറാഖ് ഗോള്‍ നേടി. പരാജയത്തിലേക്ക് നീങ്ങിയ ടീമിന് 88ാമിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടിയാണ് നിര്‍ണായകമായത്. അല്‍ ഫാര്‍സിയുടെ ഷൂട്ടൗട്ട് പിഴച്ചില്ല. തൊട്ടുപിന്നാലെ അല്‍ ഹിനായുടെ ഷൂട്ട് ഇറാഖ് പോസ്റ്റിലേക്ക് കുതിച്ചതോടെ 89ാം മിനുട്ടില്‍ ഒമാന്റെ രണ്ടാം ഗോളും പിറന്നു.
കഴിഞ്ഞ മത്സരങ്ങളില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ലബനാനെയും അഞ്ച് ഗോളുകള്‍ക്ക് മാലദ്വീപിനെയും പരാജയപ്പെടുത്തിയ ഒമാന്‍ ബഹ്‌റൈനോട് 1-1ന്റെ സമനില വഴങ്ങി.
ഇറാഖുമായുള്ള മത്സരം സമനിലയില്‍ പിരഞ്ഞതോടെ മറ്റ് ഗ്രൂപ്പുകളിലെ രണ്ടാംസ്ഥാനക്കാരുടെ നിലവാരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഒമാന് ചാമ്പ്യന്‍ഷിപ്പ് യോഗ്യത ലഭിക്കുക.