കരിപ്പൂര്‍ വിമാനത്താവള റീ കാര്‍പ്പറ്റിംഗ് പ്രവൃത്തി സെപ്തംബറിലേക്ക് നീട്ടി

Posted on: April 1, 2015 4:22 am | Last updated: April 1, 2015 at 12:23 am
SHARE

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മെയ് മാസം ആരംഭിക്കേണ്ടിയിരുന്ന റീ കാര്‍പ്പറ്റിംഗ് പ്രവൃത്തി സെപ്തംബറിലേക്ക് നീട്ടിയതായി എം കെ രാഘവന്‍ എം പി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സിവില്‍ ഏവിയേഷന്‍ സെക്രട്ടറി വി സോമസുന്ദരമാണ് എം പിയെ ഇക്കാര്യം അറിയിച്ചത്. മെയ് ഒന്ന് മുതല്‍ സെപ്തംബര്‍ വരെയാണ് നേരത്തെ റീ കാര്‍പ്പറ്റിംഗിന് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഓണം, റമസാന്‍ തുടങ്ങിയ ആഘോഷ വേളകളും ഗള്‍ഫ് രാജ്യങ്ങളിലെ പൊതു അവധിയും ഹജ്ജ് തീര്‍ഥാടനവും പ്രമാണിച്ച് യാത്രക്കാര്‍ വര്‍ധിക്കുമെന്നതിനാല്‍ അറ്റകുറ്റപ്പണികള്‍ പുന:ക്രമീകരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രി കെ ബാബുവും എം കെ രാഘവന്‍ എം പിയും കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി റാവുവിനെ സന്ദര്‍ശിച്ചിരുന്നു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് ഉന്നതതല യോഗവും ചേര്‍ന്നിരുന്നു.