Connect with us

Kerala

എല്‍ ഡി ക്ലാര്‍ക്ക് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Published

|

Last Updated

തിരുവനന്തപുരം: എല്‍ ഡി ക്ലര്‍ക്ക് തസ്തികയിലേക്കുള്ള പുതിയ റാങ്ക് പട്ടിക പി എസ് സി പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളില്‍ നടത്തിയ പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ഇതോടെ 2012 മാര്‍ച്ച് 31ന് പ്രസിദ്ധീകരിച്ച നിലവിലെ റാങ്ക് പട്ടികകളുടെ കാലാവധി അവസാനിച്ചു. പുതിയ പട്ടിക വെബ്‌സൈറ്റില്‍ പരിശോധിക്കാം.
ഇതാദ്യമായാണ് പി എസ് സി അര്‍ധരാത്രി ഓണ്‍ലൈനിലൂടെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത്. ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചത്. 2012ലെ റാങ്ക് പട്ടികയുടെ കാലാവധി തിങ്കളാഴ്ച അര്‍ധരാത്രി അവസാനിക്കാനിരുന്നതുകൊണ്ടാണ് അര്‍ധരാത്രി തന്നെ പുതിയ പട്ടിക പ്രസിദ്ധീകരിച്ചത്. ഇതിന് പി എസ് സി ആസ്ഥാനത്ത് പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. 48,867 പേരാണ് വിവിധ ജില്ലകളിലായി പി എസ് സി പരീക്ഷ എഴുതിയത്. 48,000ത്തോളം പേര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം 25ന് ചേര്‍ന്ന പി എസ് സി യോഗം പുതിയ റാങ്ക് പട്ടികക്ക് അംഗീകാരം നല്‍കിയിരുന്നു. ഓരോ ജില്ലകളിലും വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒഴിവുകളില്‍ ഇനി പുതിയ പട്ടികയില്‍ നിന്നാകും നിയമനം നടത്തുക. പട്ടിക നിലവില്‍ വന്നെങ്കിലും ഇതില്‍ നിന്നുള്ള നിയമനത്തിന് ജൂലൈവരെ കാത്തിരിക്കേണ്ടി വരും. ഏപ്രില്‍, മെയ്, ജൂണ്‍ മാസം വരെ ഉണ്ടാകാനിടയുള്ള എല്‍ ഡി ക്ലര്‍ക്ക് ഒഴിവുകള്‍ സൂപ്പര്‍ ന്യൂമററായി പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവ ആയിരത്തോളം വരുമെന്നാണ് കണക്കാക്കുന്നത്. ആ ഒഴിവുകളിലേക്ക് തിങ്കളാഴ്ച കാലാവധി അവസാനിച്ച റാങ്ക് പട്ടികയില്‍ നിന്നായിരിക്കും നിയമനം നല്‍കുക.
സര്‍ക്കാറിന്റെ ശിപാര്‍ശപ്രകാരം വിവിധ റാങ്ക് പട്ടികകള്‍ക്ക് ആറുമാസത്തെ അധിക കാലാവധി അനുവദിച്ചിരുന്നു. ഇന്നലെ കാലാവധി അവസാനിക്കുന്നതും നാലരവര്‍ഷം തികയാത്തതുമായ അഞ്ഞൂറിലേറെ റാങ്ക് പട്ടികകള്‍ക്കാണ് സെപ്റ്റംബര്‍ 31വരെ സമയം നീട്ടിക്കിട്ടിയത്. എന്നാല്‍ എല്‍ ഡി ക്ലര്‍ക്ക് റാങ്ക് പട്ടികയുടെ കാലാവധി നീട്ടാന്‍ പി എസ് സി കൂട്ടാക്കിയില്ല. നിലവിലെ റാങ്ക് ലിസ്റ്റിലെ മുഖ്യപട്ടികയില്‍ 14 ജില്ലകളുടെയും കൂടിചേര്‍ത്ത് 26, 000പേരാണ് ഉള്‍പ്പെട്ടിരുന്നത്. ബാക്കിയുള്ളവര്‍ ഉപ പട്ടികയിലുള്ളവരാണ്.

---- facebook comment plugin here -----

Latest