നികുതി അടക്കാത്ത കമ്പനികളുടെ വിവരം പരസ്യപ്പെടുത്തി

Posted on: April 1, 2015 5:06 am | Last updated: April 1, 2015 at 12:07 am
SHARE

ന്യൂഡല്‍ഹി: 500 കോടിയിലേറെ രൂപ നികുതി നല്‍കാനുള്ള 18 സ്ഥാപനങ്ങളുടെ പേരുവിവരം ആദായ നികുതി വകുപ്പ് പ്രസിദ്ധപ്പെടുത്തി. വകുപ്പിന്റെ ‘പേര് പറഞ്ഞ് നാണം കെടുത്തുക’ എന്ന പദ്ധതിയുടെ ഭാഗമായാണ് ഇത്.
പേര് വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയതിലൂടെ പൊതുജനങ്ങള്‍ക്ക് ഏറെ വിവരങ്ങള്‍ കൈമാറി ആദായനികുതി വകുപ്പിനെ സഹായിക്കാനാകും. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണിത്. വെബ്‌സൈറ്റിലാണ് പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തിയത്. ആദ്യമായാണ് ഇത്തരത്തിലൊരു നടപടി. 18 കമ്പനികളില്‍ ഗോള്‍ഡ്‌സൂക്ക് ട്രേഡും സൊമാനി സിമന്റ്‌സും ഉണ്ട്. ഇവയില്‍ 11 എണ്ണവും ഗുജറാത്ത് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നവയാണ്. ഇവയെക്കൊണ്ട് നികുതി അടപ്പിക്കാന്‍, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സി ബി ഡി റ്റി) ആണ് പേര് വിവരം വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്താന്‍ ആദായ വകുപ്പിന് നിര്‍ദേശം നല്‍കിയത്. പത്ത് കോടി രൂപ വരെ കുടിശ്ശിക വരുത്തിയ കമ്പനികള്‍ ഈ പട്ടികയിലുണ്ട്. പല കമ്പനികളുടെ കാര്യത്തിലും കൃത്യമായ തുക ലഭ്യമല്ല. പാന്‍ നമ്പറും, ഒടുവില്‍ ലഭിച്ച അഡ്രസും പരസ്യപ്പെടുത്തിയിട്ടുണ്ട്.
‘പേര് പറഞ്ഞ് നാണം കെടുത്തുന്ന’ പദ്ധതി സമയബന്ധിതമായി തുടരുമെന്നും സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനാല്‍ ഇന്നലെ തന്നെ പരസ്യപ്പെടുത്തിയതെന്നും ആദായ നികുതി ഉദ്യോഗസ്ഥര്‍ അറിയിച്ചത്. സൊമാനി സിമന്റ്‌സ് 27.47 കോടിയും ബ്ലൂ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി 75.11 കോടിയും ആപ്പിള്‍ടെക് സൊലൂഷന്‍സ് 27.7 കോടിയും ജൂപിറ്റര്‍ ബിസിനസ് 21.31 കോടിയും ഹിരക് ബയോടെക് 18.54 കോടിയും നല്‍കാനുണ്ട്. ഗുജറാത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് ഇനിയുള്ളത്. തുക ബ്രാക്കറ്റില്‍. ഐകണ്‍ ബയോ ഫാര്‍മ ആന്‍ഡ് ഹെല്‍ത്‌കേര്‍ (17.69 കോടി), ബന്യന്‍ ആന്‍ഡ് ബെറി ആലോയ്‌സ് (17.48 കോടി), ലക്ഷ്മിനാരായണ്‍ ടി തക്കാര്‍ (12.49 കോടി), വിരാഗ് ഡയിംഗ് ആന്‍ഡ് പ്രിന്റിംഗ് (18.57 കോടി), പൂനം ഇന്‍ഡസ്ട്രീസ് (15.84 കോടി), കന്‍വാര്‍ അജയ് ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് (15 കോടി). ജയ്പൂരിലെ ഗോള്‍ഡ് സൂക്ക് ട്രേഡ് ഇന്ത്യ 75.47 കോടി, മുംബൈയിലെ നോബിള്‍ മെര്‍ച്ചന്‍ഡൈസ് 11.93 കോടി, കൊല്‍ക്കത്തയിലെ വിക്ടര്‍ ക്രെഡിറ്റ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ 13.81 കോടി, പൂനെയിലെ ജി കെ ധാര്‍ണെ 38.31 കോടി രൂപയും നല്‍കാനുണ്ട്.