Connect with us

National

നരസിംഹ റാവുവിന് എന്‍ ഡി എ സര്‍ക്കാര്‍ വക സ്മാരകം

Published

|

Last Updated

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായിരുന്ന പി വി നരസിംഹ റാവുവിന് സ്മാരകം പണിയാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതുസംബന്ധിച്ച നിര്‍ദേശം കേന്ദ്ര നഗര വികസന മന്ത്രാലയം മന്ത്രിസഭയുടെ പരിഗണനക്ക് വിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തിന്റെ സാമ്പത്തിക പരിഷ്‌കരണ ശില്‍പ്പിയായി അറിയപ്പെടുന്ന റാവുവിന്റെ കാലത്ത് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ പ്രതിച്ഛായ തകര്‍ന്നടിഞ്ഞിരുന്നു. ഏകതാ സ്ഥല്‍ സമിതി കോംപ്ലക്‌സില്‍ റാവു സ്മാരക ഘട്ട് പണിയാനാണ് ആലോചന. കോണ്‍ഗ്രസ് പ്രധാനമന്ത്രി ആയിരുന്നിട്ടും അവസാനനാളുകളില്‍ പാര്‍ട്ടി അദ്ദേഹത്തെ അവഗണിച്ച മട്ടായിരുന്നു.
1991ല്‍ അന്നത്തെ ധനമന്ത്രി മന്‍മോഹന്‍ സിംഗ് മുന്നോട്ട് വെച്ച ഉദാരവത്കരണ നയങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കി നടപ്പാക്കിയ പ്രധാനമന്ത്രിയാണ് റാവു. ഈ നയങ്ങള്‍ പിന്നീട് വന്ന എല്ലാ സര്‍ക്കാറുകളും ഏറ്റക്കുറച്ചിലുകളോടെ പിന്തുടര്‍ന്നു. ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കിയെന്ന് വിമര്‍ശം ഉയരുമ്പോള്‍ ഈ നയം രാജ്യത്തെ ആധുനികവത്കരിച്ചുവെന്ന് മറുപക്ഷം വാദിക്കുന്നു. പഴയ ആന്ധ്രാ പ്രദേശുകാരനായ (ഇപ്പോള്‍ തെലങ്കാനാ) റാവുവിന്റെ സ്മാരകം എന്‍ ഡി എ സര്‍ക്കാറിന്റെ കാലത്ത് പണിയുകയെന്ന ആശയം മുന്നോട്ട് വെച്ചത് ഇപ്പോള്‍ എന്‍ ഡി എയിലുള്ള തെലുഗു ദേശം പാര്‍ട്ടിയാണ്. കോണ്‍ഗ്രസ് അദ്ദേഹത്തിന് അര്‍ഹിച്ച പരിഗണന നല്‍കിയില്ലെന്ന് ടി ഡി പി പലപ്പോഴും വിമര്‍ശമുന്നയിച്ചിരുന്നു. റാവുവിന് അര്‍ഹമായ ആദരവ് നല്‍കണമെന്നും സ്മാരകം പണിയണമെന്നും ആവശ്യപ്പെട്ട് ടി ഡി പി കഴിഞ്ഞ ഒക്‌ടോബറില്‍ പ്രമേയം പാസ്സാക്കിയിരുന്നു.
റാവുവിന്റെ മാര്‍ബിള്‍ ശില്‍പ്പവും പണികഴിപ്പിക്കും. കോണ്‍ഗ്രസ് വിശ്വസ്തനും മുന്‍ രാഷ്ട്രപതിയുമായ ഗ്യാനി സെയില്‍ സിംഗിന്റെ പ്രതിമയും ഏകത സ്ഥലില്‍ ഉണ്ട്. അദ്ദേഹവും അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഏകതാ സ്ഥലില്‍ പ്രത്യേകം പ്രതിമകള്‍ വേണ്ടെന്ന് 2013 മെയില്‍ അന്നത്തെ യു പി എ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പകരം രാഷ്ട്രീയ സ്മൃതി എന്ന പേരില്‍ ഒറ്റ സ്തൂപം നിര്‍മിക്കുകയായിരുന്നു. സ്ഥല പരിമിതി ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.